Connect with us

Articles

രാജ്യദ്രോഹം കോടതി കയറുമ്പോള്‍

Published

|

Last Updated

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയും പ്രയോഗവും പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ആവര്‍ത്തിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസിലെ വിമത എം പി രഘുരാമ കൃഷ്ണ രാജുവിന്റെ വിവാദ പ്രസ്താവനകള്‍ സംപ്രേക്ഷണം ചെയ്ത ടി വി ഫൈവ് ന്യൂസ്, എ ബി എന്‍ ആന്ധ്രാ ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ ആന്ധ്രാപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതിനെതിരെ ചാനലുകള്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ചാനലുകള്‍ക്കെതിരെ സ്വീകരിച്ച നടപടി സ്റ്റേ ചെയ്യവെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗത്തെ പ്രതി പുനഃപരിശോധന നടത്താനുള്ള നീതിപീഠത്തിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചത്. നേരത്തേ രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജിക്ക് മേല്‍ അതിന് സന്നദ്ധമാണെന്ന് കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് സുപ്രീം കോടതി അറിയിച്ചിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന തരക്കേടില്ലാത്ത ക്രിമിനല്‍ നിയമമാണ് ഐ പി സി അഥവാ ഇന്ത്യന്‍ ശിക്ഷാ നിയമം. മെക്കാളോ പ്രഭുവിന്റെ നേതൃത്വത്തില്‍ ഐ പി സി ഡ്രാഫ്റ്റ് ചെയ്ത് ഒരു പതിറ്റാണ്ടിന് ശേഷം 1870ലാണ് നേരത്തേ ഉള്‍പ്പെടുത്തിയ ശേഷം ഒഴിവാക്കിയ രാജ്യദ്രോഹക്കുറ്റം നിയമ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കുന്നത്. കൊളോണിയല്‍ വാഴ്ചക്കെതിരായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ കത്തിപ്പിടിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെ അടിച്ചമര്‍ത്താനുള്ള ആയുധമായാണ് രാജ്യദ്രോഹക്കുറ്റം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇരിപ്പിടം കണ്ടെത്തുന്നത്. അപ്രകാരം 1891ല്‍ ആദ്യ കേസ് ബംഗോബസി എന്ന പത്രത്തിന്റെ എഡിറ്റര്‍ക്കെതിരെ ചുമത്തപ്പെട്ടു. എയ്ജ് ഓഫ് കണ്‍സന്റ് ആക്ടിനെ പ്രശ്‌നവത്കരിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അത്.

ദേശീയ പ്രസ്ഥാന നേതാക്കളുടെ നാവടപ്പിക്കാന്‍ നിലവിലുള്ള വകുപ്പിന്റെ ഉള്ളടക്കം കൂടുതല്‍ കര്‍ക്കശമാക്കി 1898ല്‍ പഴുതടച്ചുകൊണ്ടുള്ള നിയമ ഭേദഗതി ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്നു. രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെടുകയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയും ചെയ്താല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന വിധമാണ് ശിക്ഷാക്രമീകരണമെന്നിരിക്കെ ദേശീയ പ്രസ്ഥാന നേതൃനിരയിലെ പ്രമുഖര്‍ പലരും രാജ്യദ്രോഹക്കുറ്റത്തിന്റെ ചൂടറിഞ്ഞിട്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിവാദ വകുപ്പ് അതേപടി എങ്ങനെ തുടര്‍ന്നു എന്നത് സൂക്ഷ്മതലത്തില്‍ ചര്‍ച്ചയാവശ്യപ്പെടുന്ന സംഗതിയാണ്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(ഒന്ന്)(എ) വകവെച്ചു നല്‍കുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് പ്രസ്താവിത രാജ്യദ്രോഹക്കുറ്റം എന്ന് ചൂണ്ടിക്കാട്ടി 1961ല്‍ പഞ്ചാബ് ഹൈക്കോടതി ഐ പി സിയിലെ 124 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചത് ശ്രദ്ധേയ വഴിത്തിരിവായി. അതേ ദിശയില്‍ അലഹബാദ് ഹൈക്കോടതിയും വിധി പ്രസ്താവം നടത്തി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം രാജ്യദ്രോഹക്കുറ്റത്തിന്റെ പ്രായോഗികതയില്‍ വ്യക്തത വരുത്തിയ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പ്രസ്തുത വകുപ്പിന്റെ ഭരണഘടനാ സാധുത ശരിവെച്ച നിര്‍ണായക നിയമ വ്യവഹാരമായിരുന്നു കേദാര്‍നാഥ് സിംഗ് കേസ്.

ഭരണകൂടത്തെ വിമര്‍ശിക്കുകയോ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വിപ്രതിപത്തി പ്രകടിപ്പിക്കുകയോ ചെയ്തതുകൊണ്ട് മാത്രം രാജ്യദ്രോഹക്കുറ്റമാകില്ല. മറിച്ച് അത് ക്രമസമാധാന ലംഘനം നടത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായാല്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താനാകൂ എന്ന നിരീക്ഷണം സുപ്രീം കോടതി മുന്നോട്ടുവെച്ചു. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന വിധം പ്രസ്താവിത വകുപ്പിന് കീഴില്‍ വിശദീകരിക്കുന്ന കുറ്റകൃത്യം നടക്കുമ്പോള്‍ അത് രാജ്യദ്രോഹക്കുറ്റമാകുമെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(രണ്ട്) പ്രകാരം അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേല്‍ കൊണ്ടുവരാവുന്ന ന്യായമായ നിയന്ത്രണമാണ് ക്രമസമാധാന സംരക്ഷണമെന്നും ചൂണ്ടിക്കാട്ടിയ പരമോന്നത നീതിപീഠം രാജ്യദ്രോഹക്കുറ്റം അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമല്ലെന്ന തീര്‍പ്പിലെത്തുകയായിരുന്നു. അതേസമയം, നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വസ്തുത സുപ്രീം കോടതി പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന് മൗലികമായി പ്രശ്‌നങ്ങളില്ല. അക്കാര്യം വകുപ്പില്‍ തന്നെ വ്യക്തമാണ്. ഭരണകൂട നടപടികളെ തിരുത്താന്‍ നിയമവിധേയമായ മാര്‍ഗത്തിലൂടെ വിപ്രതിപത്തി പ്രകടിപ്പിക്കുന്നതോ അതിന് ശ്രമിക്കുന്നതോ രാജ്യദ്രോഹത്തിന്റെ ഗണത്തില്‍ പെട്ടതല്ലെന്ന് 124(എ) വകുപ്പില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ബലത്തില്‍ ഉയര്‍ത്തുന്ന ശബ്ദങ്ങളെയെല്ലാം രാജ്യദ്രോഹമായി ചിത്രീകരിക്കുകയായിരുന്നു പല കാലങ്ങളില്‍ വ്യത്യസ്ത ഭരണകൂടങ്ങള്‍. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഒഴിവാക്കിയ സന്ദര്‍ഭങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. പക്ഷേ, 2014 മുതല്‍ വിവാദ വകുപ്പിന്റെ നിരന്തര ദുരുപയോഗം മാത്രമാണ് രാജ്യത്ത് നടക്കുന്നത്. സമീപകാലത്ത് ഇന്ത്യയിലരങ്ങേറിയ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നിയമവിധേയമായി വിസമ്മതം പ്രകടിപ്പിക്കാനുള്ള പൗരാവകാശത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നതായിരുന്നു. എന്നാല്‍ അവയൊക്കെ രാജ്യദ്രോഹമായി ചിത്രീകരിച്ച് നിരപരാധികളെ വേട്ടയാടുക മാത്രമല്ല ഭരണകൂടം ചെയ്തത്. പ്രത്യുത അത്തരം പ്രതിഷേധങ്ങള്‍ രാജ്യദ്രോഹം തന്നെ എന്നുറപ്പിക്കുന്ന ഒരു മധ്യവര്‍ഗ പൊതുബോധത്തെ തങ്ങളുടെ താത്പര്യ സംരക്ഷകരായ മാധ്യമങ്ങളെ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുക കൂടി ചെയ്തു. ഈ സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം അതേപടി നിലനിര്‍ത്തുന്നതില്‍ വീണ്ടുവിചാരത്തിനിറങ്ങുന്ന നീതിപീഠ സമീപനം ശരിയായ ദിശയിലുള്ളത് തന്നെയാണെന്ന് തെര്യപ്പെടുന്നത്.

ദേശസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഭരണകൂടം രാജ്യദ്രോഹക്കുറ്റത്തിന് വേണ്ടി വാദിക്കാറുള്ളത് എന്ന് കാണാന്‍ സാധിക്കും. എന്നാല്‍ പ്രത്യക്ഷത്തില്‍ രാജ്യദ്രോഹക്കുറ്റം സംരക്ഷണ കവചമൊരുക്കുന്നത് ഇന്ത്യയില്‍ നിയമം മൂലം സ്ഥാപിക്കപ്പെട്ട ഭരണകൂടത്തിനാണ്. അതായത് ഭരണകൂടത്തിനെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് വിലക്കുന്നത്. ഭരണകൂടത്തിനപ്പുറം ദേശമെന്ന പരികല്‍പ്പനയെ ഉള്‍വഹിക്കുന്ന നാഷന്‍ എന്ന പ്രയോഗം രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പില്‍ എവിടെയുമില്ല. ഭരണകൂടത്തോട് പരിധിയില്ലാത്ത വിധേയത്വം പ്രകടിപ്പിക്കണമെന്ന കൊളോണിയല്‍ യുക്തിയില്‍ എഴുതിയ നിയമത്തില്‍ ദേശം കടന്നുവന്നില്ല എന്നതാണ് സത്യം. ഓരോ കാലത്തും ദേശത്തെ ഭരിക്കുന്ന ഭരണകൂടത്തിന്റെ സംരക്ഷണമാണ് വകുപ്പ് പ്രാഥമികമായി ഉറപ്പുവരുത്തുന്നത്. അല്‍പ്പം കൂടെ തെളിയിച്ചു പറഞ്ഞാല്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയുടെയും അതിന്റെ പ്രത്യയശാസ്ത്രത്തിന്റെയും കാവല്‍ നായയാക്കി മാറ്റുകയായിരുന്നു രാജ്യദ്രോഹക്കുറ്റത്തെ. എന്നാല്‍ അതിന് ദേശസുരക്ഷയുടെ മൂടുപടമണിയിക്കുമ്പോള്‍ ദേശമെന്നാല്‍ ഭരണകൂടമാണെന്നും ദേശീയത ഭരണകൂട വിധേയത്വമാണെന്നുമാണ് വ്യംഗ്യമായി പറയുന്നത്.
ജനാധിപത്യ ഇന്ത്യയില്‍ പൗരന്മാര്‍ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇന്ത്യയില്‍ ജനാധിപത്യം മുന്നോട്ടു പോകുന്നത്. അപ്പോള്‍ രാജ്യത്തെ ജനങ്ങളോട് ഭരണകൂടത്തിന് പ്രതിബദ്ധതയുണ്ട്. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍, തങ്ങളില്‍ നിന്ന് വേറിട്ട സ്വരമുയര്‍ത്തുമ്പോള്‍ അത് കേള്‍ക്കാനുള്ള സന്നദ്ധതക്ക് പകരം അവരെ കൊടും കുറ്റവാളിയായി കണ്ട് തടവറയിലേക്ക് പറഞ്ഞയക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഭരണകൂട സമീപനത്തെയാണ് രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാന്‍ തീരുമാനിച്ച നടപടിയിലൂടെ നീതിപീഠം ചോദ്യം ചെയ്യുന്നത്. അതിനാലാണ് ദിനേനെ ഇരുട്ടുപരക്കുന്ന ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവിയില്‍ തെളിയുന്ന ഒരു ചെറുവെട്ടമായി പരമോന്നത നീതിപീഠത്തിന്റെ നിശ്ചയദാര്‍ഢ്യം നമുക്കനുഭവപ്പെടുന്നത്. ആത്യന്തികമായി കോടതി എന്ത് പറഞ്ഞാലും ആപത്കരമായ ഒരു ദശാസന്ധിയില്‍ നീതിപീഠത്തില്‍ നിന്നുണ്ടായ ഒരു പ്രധാന ചുവടുവെപ്പായി വേണം ഇതിനെ കണക്കാക്കാന്‍.

അഡ്വ. അഷ്‌റഫ് തെച്യാട്

Latest