National
കേന്ദ്ര നേതൃത്വം ഒഴിയാന്‍ ആവശ്യപ്പെടുന്ന നിമിഷം രാജി: യെദിയൂരപ്പ
ബെംഗളൂരു | കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ബി ജെ പി നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ളത്രയും കാലം മുഖ്യമന്ത്രി പദവിയില്‍ തുടരുമെന്ന് വ്യക്തമാക്കി ബി എസ് യെദിയൂരപ്പ. ഇക്കാര്യത്തില്‍ തനിക്കൊരു ആശയക്കുഴപ്പവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഒഴിയണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ആ നിമിഷം രാജിവെക്കുകയും രാവും പകലും സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യും. തന്നെ പദവിയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട ചോദ്യത്തോട് പ്രതികരിക്കവേ യെദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ ഇതാദ്യമായാണ് യെദിയൂരപ്പ നിലപാട് പറയുന്നത്.
ഉന്നത നേതൃത്വം തനിക്ക് ഒരവസരം തന്നിരിക്കുകയാണ്. ആ അവസരം നല്ലതിനായി ചെലവഴിക്കാന്‍ എന്റെ കഴിവിന്റെ പരമാവധിയിലുമപ്പുറം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് നേതൃത്വമാണ്. ആരെയും വിമര്‍ശിക്കാന്‍ താനില്ല. തനിക്ക് പകരക്കാരന്‍ ഇല്ലെന്ന പ്രചാരണത്തെ അംഗീകരിക്കാനുമാകില്ല. സംസ്ഥാനത്തും രാജ്യത്തും തനിക്ക് പകരക്കാരായി നിരവധി പേരുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് തന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി യെദ്യൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം.




