Connect with us

Ongoing News

കൃഷ്ണൻകുട്ടിക്ക് ഇത് രണ്ടാമൂഴം

Published

|

Last Updated

പാലക്കാട് | ജനതാദൾ എസ് നേതാവ് കെ കൃഷ്ണൻകുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂഴം. ഒന്നാം പിണറായി സർക്കാറിൽ ജലവിഭവ മന്ത്രിയെന്ന നിലയിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചാണ് രണ്ടാം പിണറായി സർക്കാറിൽ വീണ്ടും മന്ത്രി സ്ഥാനത്തെത്തുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചിറ്റൂരിന്റെ ജനഹൃദയമറിഞ്ഞ നേതാവാണ് കെ കൃഷ്ണൻകുട്ടി. 1944 ആഗസ്റ്റ്13ന് ചിറ്റൂർ എഴുത്താണിയിലെ കുഞ്ചുക്കുട്ടിയുടെയും ജാനകിയുടെയും മകനായി ജനിച്ച കെ കൃഷ്ണൻകുട്ടി കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങൾ ചിറ്റൂരിൽ വേരോടിത്തുടങ്ങിയപ്പോൾ അതിനൊപ്പം നിലയുറപ്പിച്ച് നേതൃനിരയിലേക്കുയർന്നു.

ഇതിന് മുന്പ് 1980, 82,91, 2016 വർഷങ്ങളിൽ ചിറ്റൂരിൽ നിന്ന് നിയമസഭയിലെത്തി. ഒന്നാം പിണറായി സർക്കാറിൽ അവസാന രണ്ടര വർഷക്കാലം ജലവിഭവ മന്ത്രിയായി. അന്തർസംസ്ഥാന നദീജല വിഷയങ്ങളിൽ ഇടപെട്ട് കേരളത്തിന് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടത്തിയ ഇടപെടലുകൾ കെ കൃഷ്ണൻകുട്ടിയെ ജനകീയനാക്കി.

പറമ്പിക്കുളം-ആളിയാർ കരാർ ലംഘനങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട നിയമസഭാ സമിതിയിൽ അംഗമായിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കിഴക്കൻ മേഖലയിൽ കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞത് വലിയ നേട്ടമായി.