Connect with us

Health

ദീര്‍ഘ സമയത്തെ ജോലിയും കൊലയാളിയാകും

Published

|

Last Updated

തുടര്‍ച്ചയായി ദീര്‍ഘനേരം ജോലി ചെയ്യുന്നത് ലോകത്തുടനീളം ആയിരങ്ങളെ കൊല്ലുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). കൊവിഡ് മഹാമാരിയുടെ കാലത്ത് ദീര്‍ഘനേരം ജോലിയെടുക്കുന്നത് പലര്‍ക്കും പല കാരണങ്ങളാല്‍ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ദീര്‍ഘനേര ജോലിയുടെ അപകടങ്ങളെ സംബന്ധിച്ച ആദ്യ പഠന പ്രബന്ധം എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദീര്‍ഘനേരത്തെ ജോലി കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ 2016ല്‍ 7.45 ലക്ഷം പേരാണ് മരിച്ചത്. 2000നെ അപേക്ഷിച്ച് 30 ശതമാനമാണ് വര്‍ധന. അമിത ജോലി കാരണമുള്ള പക്ഷാഘാതം, ഹൃദ്രോഗം എന്നിവയാലാണ് മരണങ്ങള്‍ സംഭവിക്കുന്നത്.

ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നത് അപായ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡബ്ല്യു എച്ച് ഒയിലെ പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യം വകുപ്പ് ഡയറക്ടര്‍ മരിയ നീറ പറഞ്ഞു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തി തൊഴിലാളികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. പ്രധാനമായും മധ്യവയസ്‌കരും വയോധികരുമായ പുരുഷന്മാരാണ് (72 ശതമാനം) ഇതിന്റെ ഇരകളില്‍ വലിയൊരു ഭാഗം.

ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അമിത ജോലിയുടെ ഭവിഷ്യത്ത് നേരിടേണ്ടി വരിക. ചൈന, ജപ്പാന്‍, ആസ്‌ത്രേലിയ തുടങ്ങിയവയടങ്ങുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലും പടിഞ്ഞാറന്‍ പസിഫിക് മേഖലയിലുമാണ് ഇതിന്റെ ആഘാതം കൂടുതല്‍. ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് സ്‌ട്രോക് പിടിപെടാന്‍ 35 ശതമാനവും ഹൃദ്രോഗിയാകാന്‍ 17 ശതമാനവും അധികം സാധ്യതയാണുള്ളത്. ആഴ്ചയില്‍ 35- 40 മണിക്കൂര്‍ ജോലി ചെയ്യുന്നതിനെ അപേക്ഷിച്ചാണിത്.

Latest