Connect with us

Kerala

മെയ് മാസം നിര്‍ണായകം; മഴ ശക്തമായാല്‍ രോഗവ്യാപനം കൂടും; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തില്‍ മെയ് മാസം കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ ശക്തമാവുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലോക്ഡൗണിന്റെ ഗുണഫലം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഇനിയും അല്‍പദിവസങ്ങള്‍ കൂടികഴിയേണ്ടതുണ്ട്. ഈ മെയ് മാസം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് രണ്ടാം തരംഗം നേരത്തെ ആരംഭിക്കുകയും വലിയ തോതില്‍ നാശം വിതയ്ക്കുകയും ചെയ്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും രോഗവ്യാപനം അല്‍പം കുറയുന്നതായോ, അല്ലെങ്കില്‍ വര്‍ദ്ധിക്കാതെ ഒരേ നിലയില്‍ തുടരുന്നതായോ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതൊരു ശുഭകരമായ സൂചനയാണ്.

നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കേരളമുള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍. മെയ് മാസത്തിനു ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാണുന്നതിനു സമാനമായ സാഹചര്യം ഇവിടെയും ഉണ്ടായേക്കാം. അതുകൊണ്ട്, രോഗവ്യാപനം അതിശക്തമാകുന്ന മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ നമുക്ക് മരണങ്ങള്‍ കുറച്ചുനിര്‍ത്താന്‍ സാധിക്കും.

മഴ ശക്തമാവുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. മഴ കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ തന്നെയുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു എന്നതൊരു പ്രശ്‌നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങള്‍ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂര്‍വ ശൂചീകരണം കൂടുതല്‍ വേഗത്തിലും മികവിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

വീടുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കണം. ഈ വരുന്ന ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കും. ജനങ്ങളുടെ പൂര്‍ണ സഹകരണം ആ ദിവസം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരികയാണ്. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അധികമായി കിടക്കകള്‍ സജ്ജമാക്കി വരുന്നു. കോവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡിസിസി, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുന്നത്.

കൂടുതല്‍ എംബിബിഎസ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ഇതിന് ആവശ്യമാണ്. കൂടുതല്‍ പേര്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest