National
യു പിയിലെ ജയിലില്‍ വെടിവെപ്പ്; മൂന്ന് തടവുകാര്‍ കൊല്ലപ്പെട്ടു
ലക്‌നോ | യു പിയില്‍ ചിത്രകൂട് ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചു. രാവിലെ പത്തോടെ വിചാരണത്തടവുകാരനായ അന്‍ഷു ദീക്ഷിത് സഹ തടവുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ പശ്ചിമ യു പിയിലെ ഗുണ്ടാത്തലവന്‍ മുഖിം കാല, കിഴക്കന്‍ മേഖലയിലെ മെറാസുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അഞ്ച് തടവുകാരെ ബന്ദികളാക്കിയ അന്‍ഷു ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. പിന്നീട് അന്‍ഷുവിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.
ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഖ്താര്‍ അന്‍സാരിയുടെ അടുത്ത ആളുകളാണ് കാലയും മെറാസുദ്ദീനും. ജയില്‍ ഡി ഐ ജി. പി എന്‍ പാണ്ഡെ സംഭവ സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തടവുകാരന് എങ്ങനെ തോക്ക് ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ജയില്‍ ഡയരക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ പറഞ്ഞു. 65 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഖിം കാലയെ മെയ് ഏഴിനാണ് സഹരന്‍പുര്‍ ജയിലില്‍ നിന്ന് ചിത്രകൂടിലേക്ക് മാറ്റിയത്. മെറാസുദ്ദീനെ മാര്‍ച്ച് 20ന് വരണാസി ജയിലില്‍ നിന്ന് ഇങ്ങോട്ട് മാറ്റുകയായിരുന്നു. 2019 ഡിസംബര്‍ മുതല്‍ ചിത്രകൂട് ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് അന്‍ഷു ദീക്ഷിത്.



