Connect with us

Articles

മറാത്താ വിധിയും സവര്‍ണ സംവരണവും

Published

|

Last Updated

1993ലെ ഇന്ദിരാ സാഹ്നി കേസിലെ നിര്‍ണായക വിധിയുടെ ഉള്ളടക്കം മറികടക്കുന്ന വിധം മറാത്താ സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാറിന്റെ വിധി സുപ്രീം കോടതി റദ്ദാക്കിയത് നിയമ, രാഷ്ട്രീയ രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ദിരാ സാഹ്നി വിധി മുന്നോട്ടുവെച്ച പരമാവധി 50 ശതമാനം സംവരണ പരിധിയും കവിഞ്ഞ് 16 ശതമാനം സംവരണം മറാത്താ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച നടപടിയാണ് ഇപ്പോള്‍ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയിലൂടെ അസാധുവായിരിക്കുന്നത്.
ഇന്ദിരാ സാഹ്നിയിലെ 50 ശതമാനം സംവരണ പരിധി പുനഃപരിശോധിക്കുകയോ വിഷയം വിശാല ബഞ്ചിന് വിടുകയോ ചെയ്യണമെന്ന് മറാത്താ സംവരണത്തിന് വേണ്ടി നിലകൊണ്ടവര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.10 ശതമാനം സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ ഭരണഘടനയിലെ പ്രധാന മൗലികാവകാശങ്ങളിലൊന്നായ, ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവെക്കുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ഉറപ്പാക്കലാണ് 50 ശതമാനത്തിന് മുകളില്‍ സംവരണം പോകരുതെന്ന വിധിതീര്‍പ്പിന് പിന്നിലെ താത്പര്യമെന്ന് കോടതി നിരീക്ഷിച്ചു. അസാധാരണ സാഹചര്യത്തില്‍ നിശ്ചിത സംവരണ പരിധിയും കടന്ന് സംവരണമേര്‍പ്പെടുത്താമെന്ന് ഇന്ദിരാ സാഹ്നിയിലെ വിധിയിലുണ്ട്. എന്നാല്‍ മറാത്താ സംവരണത്തിന് പിന്നില്‍ അത്തരമൊരു അസാധാരണ സാഹചര്യം നിലനില്‍ക്കുന്നതായി കോടതിക്ക് ബോധ്യപ്പെടാത്തതിനാലാണ് മറാത്താ സംവരണം റദ്ദാക്കുന്ന വിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേര്‍ന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം എന്ന പേരിലാണ് സവര്‍ണ സാമ്പത്തിക സംവരണം 2019ല്‍ 103ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിനായി 15(6),16(6) എന്നീ ഉപവകുപ്പുകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. എന്നാല്‍ സവര്‍ണ സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ വൈകാതെ സുപ്രീം കോടതിയിലെത്തി. വിഷയത്തില്‍ പ്രാഥമിക വാദം കേട്ട സുപ്രീം കോടതി മൂന്നംഗ ബഞ്ച് 2020 ആഗസ്റ്റില്‍ ഹരജികള്‍ വിശാല ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടത് ഇപ്പോഴും സുപ്രീം കോടതിയുടെ മുമ്പിലുണ്ട്. മറാത്താ സംവരണം റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി സവര്‍ണ സംവരണത്തെ ഏത് വിധമാണ് ബാധിക്കുന്നത് എന്നതില്‍ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചില നിയമപരമായ വിശകലനങ്ങള്‍ക്ക് താത്പര്യപ്പെടുകയാണ് ഈ കുറിപ്പ്.

1993ലാണല്ലോ ഇന്ദിരാ സാഹ്നിയിലെ വിധി വരുന്നത്. പരമാവധി സംവരണ തോത് 50 ശതമാനമായി നിര്‍ണയിച്ച പ്രസ്തുത വിധി ഭരണഘടനാ ഭേദഗതിയിലൂടെ 2019ല്‍ കൊണ്ടുവന്ന 10 ശതമാനം സവര്‍ണ സംവരണത്തിനും ബാധകമാകുമോ എന്നത് ഇഴകീറിയ നിയമ പരിശോധന ആവശ്യപ്പെടുന്ന സംഗതിയാണ്. 50 ശതമാനം സംവരണമെന്ന പരിധി ഒരിക്കലും ലംഘിച്ചുകൂടെന്ന് മറാത്താ സംവരണം റദ്ദാക്കിയ വിധിയിലടക്കം പരമോന്നത നീതിപീഠം പ്രസ്താവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രത്യുത ഉയര്‍ന്ന സംവരണ പരിധി മറികടക്കാന്‍ പര്യാപ്തമായ അസാധാരണ സാഹചര്യമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് കോടതി വിശദീകരിച്ചത്. മറാത്താ സംവരണത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ക്ക് മേല്‍ സുപ്രീം കോടതി അഞ്ചംഗ ബഞ്ചില്‍ വിധിയെഴുതിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ വിചാരണക്കിടെ പ്രസ്താവിച്ചതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എല്ലാ സംവരണവും അവസാനിക്കുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ (ഇ ഡബ്ല്യു എസ്) ക്വാട്ട മാത്രമാണ് നിലനില്‍ക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട പ്രത്യേക സാഹചര്യം നിലനില്‍ക്കുമ്പോള്‍ (അതിന് കൃത്യമായ കണക്കുകളുടെ പിന്‍ബലമില്ലെന്നത് മറക്കുന്നില്ല) ആവശ്യമായ ഭരണഘടനാ ഭേദഗതി നടത്താന്‍ ഇന്ദിരാ സാഹ്നിയിലെ വിധി വിലങ്ങുതടിയാകുമോ എന്നതും സവര്‍ണ സംവരണത്തെ പ്രതി ഉന്നയിക്കപ്പെട്ട ഹരജികളുടെ വിചാരണ വേളയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ മുമ്പിലെത്തുന്ന ചോദ്യമാണ്.
കേന്ദ്ര സര്‍ക്കാര്‍ സവര്‍ണ സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ കൊണ്ടുവന്നത് ഭരണഘടനാ ഭേദഗതിയിലൂടെയാണല്ലോ. എന്നാല്‍ മറാത്താ സംവരണത്തിന്റെ പിന്‍ബലം 2018ലെ മഹാരാഷ്ട്രാ എസ് ഇ ബി സി ആക്ടാണ്. അഥവാ മഹാരാഷ്ട്രാ നിയമസഭയുടെ നിയമ നിര്‍മാണത്തിലൂടെ നിയമ പ്രാബല്യം നേടിയതാണ് മറാത്താ സംവരണം. ഭരണഘടനാ ഭേദഗതി വഴി വന്ന സവര്‍ണ സാമ്പത്തിക സംവരണം ഇന്ദിരാ സാഹ്നിയില്‍ നിശ്ചയിച്ച 50 ശതമാനമെന്ന ഉയര്‍ന്ന സംവരണ പരിധി മറികടക്കുന്നതിനാല്‍ അസാധുവാണെന്ന് പറഞ്ഞാല്‍, പരമാവധി സംവരണം 50 ശതമാനമെന്നത് ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാണെന്ന് വാദിക്കേണ്ടി വരും. കാരണം ഭരണഘടനയുടെ മൗലിക ഘടനയെ ലംഘിക്കുന്നു എന്ന് കണ്ടെത്തിയാല്‍ മാത്രമേ ഒരു ഭരണഘടനാ ഭേദഗതി റദ്ദാക്കാനാകുകയുള്ളൂ.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണ തോതാണ് പകുതിയില്‍ കൂടരുതെന്ന നിഷ്‌കര്‍ഷതയോടെ രാജ്യത്ത് നിലവിലുള്ളത്. അതിന്റെ മാനദണ്ഡം ജാതിയായത് ഇന്ത്യയിലെ ചരിത്രപരമായ സാമൂഹിക യാഥാര്‍ഥ്യത്തിന്റെ തിരിച്ചറിവിലാണ്. ജാതീയ പീഡനത്താല്‍ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട രാജ്യത്തെ ജനസംഖ്യയിലെ ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അര്‍ഹിക്കുന്ന പുരോഗതി കൈവരിക്കുന്ന കാലം വരെ മാത്രമേ സംവരണം തുടരുകയുള്ളൂ. എന്നാല്‍ പ്രസ്താവിത ജാതിയധിഷ്ഠിത സംവരണ സംവിധാനത്തിന്റെ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി. സംവരണത്തിന് പിന്നിലെ ചരിത്രപരമായ വസ്തുതകളെ ബോധപൂര്‍വം മറച്ചുപിടിച്ച് സാമ്പത്തിക അവശതാ നിവാരണ പദ്ധതിയായി സംവരണത്തെ മാറ്റിത്തീര്‍ക്കാനുള്ള ശ്രമമാണതില്‍ വെളിപ്പെടുന്നത്. സവര്‍ണ സാമ്പത്തിക സംവരണത്തിന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പച്ചക്കൊടി കാണിച്ചാല്‍ പോലും ജാതി സംവരണത്തിന്റെ 50 ശതമാനം പരിധിക്കുള്ളില്‍ എല്ലാ തരം സംവരണവുമൊതുക്കണമെന്ന് മറാത്താ വിധിയുടെ പശ്ചാത്തലത്തില്‍ നീതിപീഠം നിര്‍ദേശിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

മറാത്താ സംവരണം അനിവാര്യമാകുന്ന അസാധാരണ സാഹചര്യം നിലനില്‍ക്കാതിരിക്കെ സുപ്രീം കോടതി അത് റദ്ദാക്കുമ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. അസാധാരണ ഘട്ടത്തില്‍ സവര്‍ണ സാമ്പത്തിക സംവരണം അനുവദിക്കപ്പെടുമോ എന്നതാണത്. അത് അംഗീകരിക്കപ്പെട്ടാലും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക പരിതസ്ഥിതി വരച്ചുകാട്ടുന്ന കണക്കുകള്‍ മേശപ്പുറത്ത് വെക്കാനാകുന്ന വിധം മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളില്ല എന്നതാണ് ഭരണകൂട നടപടിയിലെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നത്.
മറാത്താ സംവരണം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സവര്‍ണ സാമ്പത്തിക സംവരണത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും വിശാല ഭരണഘടനാ ബഞ്ചിന്റെ മുമ്പില്‍ തുടങ്ങാനിരിക്കുന്ന വിചാരണയില്‍ വ്യത്യസ്ത തലങ്ങളില്‍ അത് സ്വാധീനം ചെലുത്തും എന്നത് തീര്‍ച്ചയാണ്. കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ പോലും ഇല്ലെന്ന സത്യം ഗൗനിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതിയുടെ ബലത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയിരുന്നു കേരളം പോലുള്ള സംസ്ഥാനങ്ങള്‍. അവരുടെ നീക്കത്തെ ഏതുവിധമാണ് മറാത്താ വിധിയുടെ പശ്ചാത്തലത്തില്‍ സവര്‍ണ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് പരമോന്നത കോടതി സ്വീകരിക്കുന്ന നിലപാട് സ്വാധീനിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്തായാലും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ അതുണ്ടാക്കുന്ന പ്രതിഫലനം നിര്‍ണായകമായിരിക്കും.

അഡ്വ. അഷ്റഫ് തെച്യാട്

---- facebook comment plugin here -----

Latest