Connect with us

Editorial

ഇസ്‌റാഈല്‍ അധിനിവേശത്തിന് അറുതിയുണ്ടാകുമോ?

Published

|

Last Updated

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി മാറേണ്ട പ്രദേശമാണ് കിഴക്കന്‍ ജറൂസലം. ഈ മേഖലയില്‍ ഇസ്‌റാഈല്‍ അതിന്റെ രൂപവത്കരണ കാലം മുതല്‍ അധിനിവേശം തുടരുകയാണ്. യു എന്നടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും രാഷ്ട്ര കൂട്ടായ്മകളും ഒരിക്കലും ഈ അതിക്രമം അംഗീകരിച്ചിട്ടില്ല. ഇസ്‌റാഈല്‍ രാജ്യം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത പാശ്ചാത്യ ശക്തികളെല്ലാം ജറൂസലം ഫലസ്തീന്റെ ഭാഗമായിരിക്കണമെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍ അധിനിവേശം തുടരുകയാണ്. ഇസ്‌റാഈല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചതോടെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലയറുത്തു കഴിഞ്ഞിരുന്നു. ട്രംപ് പോയി ജോ ബൈഡന്‍ വന്നപ്പോള്‍ അഫ്ഗാനിലും ഇറാനിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമെല്ലാം നയം മാറ്റത്തിന് മുതിര്‍ന്ന അമേരിക്ക കിഴക്കന്‍ ജറൂസലമിന്റെ കാര്യത്തില്‍ പഴയ നിലപാടില്‍ തന്നെ നില്‍ക്കുകയാണ്. അമേരിക്കന്‍ പിന്തുണയുള്ളത് കൊണ്ട് ആരെയും ജൂതരാഷ്ട്രം ഗൗനിക്കുന്നില്ല. എന്തുവന്നാലും വീറ്റോ ശക്തിയായ അമേരിക്ക നോക്കിക്കൊള്ളുമെന്ന അഹങ്കാരത്തിലാണ് ആ രാജ്യം. ഫലസ്തീന്‍- അറബ് ജനതയുടെ സ്വൈരജീവിതത്തെ നിതാന്തമായി തകര്‍ത്തെറിഞ്ഞാണല്ലോ ഇസ്‌റാഈല്‍ സ്ഥാപിതമായത്. ഈ അതിക്രമത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് അല്‍അഖ്‌സക്ക് ചുറ്റും നടക്കുന്നത്. കിഴക്കന്‍ ജറൂസലമില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കി ജൂത കുടിയേറ്റം സമ്പൂര്‍ണമാക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ് അവിടെ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍.

മസ്ജിദുല്‍ അഖ്‌സയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന ഇസ്‌റാഈല്‍ സേനാ ആക്രമണത്തില്‍ ഇരുനൂറിലധികം ഫലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ ജറൂസലമില്‍ ഇസ്‌റാഈല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റും ഗ്രനേഡുകളും പ്രയോഗിക്കുകയായിരുന്നു. റമസാനിലെ അവസാന വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ 205 ഫലസ്തീന്‍കാര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന പ്രാര്‍ഥനക്കിടെ അല്‍അഖ്‌സ പള്ളിയില്‍ വലിയ തോതില്‍ ഇസ്‌റാഈല്‍ പോലീസിനെ വിന്യസിച്ചതോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അല്‍അഖ്‌സ പള്ളിയുടെ കവാടം അടച്ചിട്ടതിന് ശേഷമാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. അനധികൃത ജൂത കുടിയേറ്റം തകൃതിയായി നടക്കുന്ന ശൈഖ് ജറാഹ് പ്രദേശം മസ്ജിദുല്‍ അഖ്‌സയുടെ സമീപത്താണ്. ഇസ്‌റാഈല്‍ നടപടി യുദ്ധക്കുറ്റമായി കണക്കാക്കുമെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് റൂപര്‍ട് കൊല്‍വില്ലെ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

1948ല്‍ തന്നെ കിഴക്കന്‍ ജറൂസലം കൈക്കലാക്കാനുള്ള സായുധനീക്കത്തിന് സയണിസ്റ്റുകള്‍ തുടക്കം കുറിച്ചിരുന്നു. 1967ലെ ആറ് ദിന യുദ്ധം ഈ അധിനിവേശം പൂര്‍ണമാക്കി. ജോര്‍ദാനുമായി പിന്നീടുണ്ടാക്കിയ കരാര്‍ പ്രകാരം മസ്ജിദുല്‍ അഖ്‌സയെയും ഈ കോമ്പൗണ്ടില്‍ ഉള്‍പ്പെട്ട മറ്റ് പള്ളികളെയും വഖ്ഫ് സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, പലപ്പോഴും ഈ കരാര്‍ ലംഘിക്കാന്‍ ജൂത ഗ്രൂപ്പുകള്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഓരോ തവണ സംഘര്‍ഷമുണ്ടാക്കുമ്പോഴും ഇസ്‌റാഈല്‍ സൈന്യവും പോലീസും ഈ കലാപകാരികള്‍ക്ക് പിന്തുണ നല്‍കി വരികയായിരുന്നു. 1990ല്‍ ടെമ്പിള്‍ മൗണ്ട് ഫെയ്ത്ത്ഫുള്‍ ഗ്രൂപ്പ് അഴിച്ചുവിട്ട അക്രമത്തില്‍ 20 ഫലസ്തീനികള്‍ മരിച്ചു വീണു. 2000ത്തില്‍ ഏരിയല്‍ ഷാരോണ്‍ സൈന്യത്തിന്റെ അകമ്പടിയോടെ മസ്ജിദ് കോമ്പൗണ്ടില്‍ അതിക്രമിച്ച് കടന്നത് രണ്ടാം ഇന്‍തിഫാദക്ക് വഴി വെച്ചു. 3,000 മുസ്‌ലിംകള്‍ അന്ന് മരിച്ചു. 2017ല്‍ ജറൂസലം അധിനിവേശത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പിന്നെയും സംഘര്‍ഷമുണ്ടായി. ഓരോ പ്രാവശ്യം കുഴപ്പമുണ്ടാക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ ഫലസ്തീന്‍ കുടുംബങ്ങളെ കിഴക്കന്‍ ജറൂസലമില്‍ നിന്ന് ആട്ടിയോടിക്കുകയാണ് ചെയ്യുന്നത്. വെസ്റ്റ്ബാങ്കില്‍ നിന്ന് ഈ മേഖലയിലേക്ക് വരാതിരിക്കാനായി കൂറ്റന്‍ മതില്‍ പണിതിട്ടുണ്ട്. ലക്ഷ്യം വ്യക്തമാണ്. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമാകേണ്ട ജറൂസലമിനെ മുസ്‌ലിം മുക്തമാക്കുക. മസ്ജിദുല്‍ അഖ്‌സയില്‍ നിന്ന് വിശ്വാസികളെ അകറ്റുക.

ഇത്തവണത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ലെഹവ എന്ന തീവ്രവലതുപക്ഷ ഗ്രൂപ്പാണ്. ഈ സംഘത്തെ ഇസ്‌റാഈല്‍ ഔദ്യോഗികമായി തള്ളിപ്പറയുന്നുണ്ടെങ്കിലും അവര്‍ക്ക് സൈന്യത്തിന്റെയും പോലീസിന്റെയും പിന്തുണ കിട്ടുന്നുണ്ടെന്ന് ഈ സംഭവങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും. യു എന്നും അമേരിക്കയൊഴിച്ചുള്ള വന്‍ ശക്തികളും ഇതിനെ അപലപിക്കുന്നതും യുദ്ധക്കുറ്റമായി കണക്കാക്കുന്നതും ഈ അതിക്രമം തിരിച്ചറിയുന്നത് കൊണ്ടാണ്. ഈ സംഘര്‍ഷങ്ങളെ ഒറ്റപ്പെട്ടതായോ ഏതെങ്കിലും അതിവൈകാരിക ഗ്രൂപ്പിന്റെ എടുത്തുചാട്ടമായോ ഫലസ്തീനികളുടെ വൈകാരിക പ്രതികരണങ്ങളില്‍ നിന്നുണ്ടാകുന്നതായോ വ്യാഖ്യാനിക്കുന്നത് തികച്ചും വസ്തുതാവിരുദ്ധമാണ്. കൃത്യമായ ലക്ഷ്യങ്ങളുണ്ട് ഈ സംഘര്‍ഷങ്ങള്‍ക്ക്. റമസാനില്‍ വിശ്വാസികള്‍ വിശുദ്ധ കേന്ദ്രങ്ങളില്‍ എത്തുന്നതും അവിടെ സ്മരണകള്‍ പുതുക്കുന്നതും തടയുക തന്നെയാണ് ഒന്നാമത്തെ ലക്ഷ്യം. മേഖലയെ സംഘര്‍ഷഭരിതമാക്കി നിലനിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിലുണ്ട്. അപ്പോള്‍ കൂടുതല്‍ സൈനിക, പോലീസ് സന്നാഹം ഇവിടെ ഒരുക്കാം. ഈ പഴുതിലൂടെ കൂടുതലിടങ്ങളിലേക്ക് ജൂത അധിനിവേശം പടര്‍ത്താം. അറബ് വംശജരെ കൂടുതല്‍ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇത്തരം പ്രകോപനങ്ങള്‍ അവര്‍ക്കിടയില്‍ തീവ്ര നിലപാടുകാര്‍ക്ക് വളരാന്‍ അവസരമൊരുക്കും. വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാകും. അത് ചൂണ്ടിക്കാട്ടി ഗാസാ കൂട്ടക്കുരുതിക്ക് സമാനമായ സൈനിക നടപടിയിലേക്ക് നീങ്ങാം. അന്താരാഷ്ട്ര കരാറുകള്‍ നിരന്തരം ലംഘിക്കുകയെന്നതും ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നുണ്ട്. യു എന്നടക്കമുള്ള ഏജന്‍സികളുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് കിഴക്കന്‍ ജറൂസലമെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം.

ഈ അതിക്രമത്തിനെല്ലാം അമേരിക്കയുടെ പിന്തുണയുണ്ടെന്നതാണ് അടിസ്ഥാന പ്രശ്‌നം. സ്വന്തം മുന്‍കൈയില്‍ ഉണ്ടായ കരാറുകളോടെങ്കിലും നീതി പാലിക്കാന്‍ അമേരിക്ക തയ്യാറാണെങ്കില്‍ ഈ ചട്ടമ്പിത്തരത്തിന് കൂട്ടുനില്‍ക്കില്ലായിരുന്നു. അമേരിക്കയും ഇസ്‌റാഈലും മാത്രമല്ല ലോകമെന്ന് തെളിയിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കും യു എന്നിനും ബാധ്യതയുണ്ട്. ആ കടമ അവര്‍ നിര്‍വഹിക്കുമോ? ഈ അധിനിവേശത്തിന് അറുതിയുണ്ടാകുമോ?

Latest