Connect with us

Articles

വ്രതം വിശ്വാസിയുടെ പാഠശാല

Published

|

Last Updated

റമസാനില്‍ ഒരു വിശ്വാസി നേടിയിരിക്കേണ്ടത് എന്തെല്ലാം? വിശുദ്ധ ഖുര്‍ആന്‍ നോമ്പിനെ പരിചയപ്പെടുത്തുന്ന വാക്യങ്ങള്‍ നോക്കൂ. ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ (2:183). ഭക്തിയുള്ളവരാക്കി വിശ്വാസി സമൂഹത്തെ സ്വാംശീകരിക്കുക എന്നതാണ് നോമ്പിന്റെ മര്‍മമെന്ന് ഈ സൂക്തം ചൂണ്ടിക്കാട്ടുന്നു.
ഭക്തി എല്ലാ വിജയങ്ങളുടെയും നിദാനമാണ്. അല്ലാഹു കല്‍പ്പിച്ച കാര്യങ്ങളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും അവന്‍ നിഷിദ്ധമെന്ന് പറഞ്ഞ കാര്യങ്ങളെ വെടിയുകയും ചെയ്യലാണ് തഖ്‌വ അഥവാ ഭക്തി. അതിലേക്ക് ഓരോ വിശ്വാസിയുടെയും ശരീരവും മനസ്സും പാകപ്പെട്ട് വരേണ്ടതുണ്ട്.
അബൂദര്‍റുല്‍ ഗിഫാരിയോട് നബി (സ) വസിയ്യത്ത് ചെയ്തു. “നിങ്ങള്‍ എവിടെ ആയിരുന്നാലും അല്ലാഹുവിനെ പേടിക്കണം (തിര്‍മുദി).
വിശുദ്ധ റമസാനിലൂടെ ഭക്തി നേടിയെടുക്കല്‍ സാധ്യമാണെന്ന് പ്രപഞ്ചനാഥനായ അല്ലാഹു തെളിയിക്കുന്നുണ്ട്. കൃത്യവും ചിട്ടയുമായ ആ പരിശീലനം കൊണ്ട് പിന്നീടുള്ള ജീവിതത്തെ ക്രമീകരിക്കാനും നോമ്പ് കാരണമാകുന്നുണ്ട്.
റമസാന്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്നത് ഉദരം മാത്രമല്ല. നിങ്ങളോട് കയര്‍ക്കാന്‍ തുനിയുന്നവരോട് ഞാന്‍ നോമ്പുകാരനാണ് എന്നു പറഞ്ഞ് ഒഴിഞ്ഞു മാറണം എന്ന തിരുവചനം ഈ വലിയ ആശയത്തെ പഠിപ്പിക്കുന്നു. വ്രതം വിശ്വാസിയുടെ പാഠശാലയാകണം. ഒരു മാസക്കാലം ശരീരത്തിലെ അവയവങ്ങള്‍ നിയന്ത്രിക്കപ്പെട്ടത് പോലെ തുടര്‍ ജീവിതത്തിലും നിയന്ത്രണം സാധ്യമാകണം.
വിശുദ്ധ റമസാന്‍ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണെന്ന് തൊട്ടടുത്ത സൂക്തങ്ങള്‍ പ്രതിപാദിക്കുന്നു. ഖുര്‍ആന്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്മാര്‍ഗമായി അവതരിച്ച ഗ്രന്ഥമാണ്(2:2). നോമ്പിന്റെ അകക്കാമ്പ് തിരയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന മഹാത്ഭുതത്തെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാക്കുക എന്ന വലിയ ലക്ഷ്യത്തെകൂടി ഈ രണ്ട് സൂക്തങ്ങളില്‍ (2:2, 2:184) നിന്ന് നമുക്ക് ഗ്രഹിക്കാനാകും.

സാമ്പത്തിക സാമൂഹിക ഇടപാടുകളില്‍ തുടങ്ങി അത്യന്തം റമസാന്‍ വിശ്വാസിയെ മാറ്റിമറിക്കണം. അപ്പോഴാണ് നോമ്പ് അതിന്റെ ശരിയായ ഫലത്തെ പ്രതിഫലിപ്പിക്കുക. “ആര് തന്റെ കരാര്‍ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തുവോ, സൂക്ഷ്മാലുക്കളെ അല്ലാഹു സ്‌നേഹിക്കുക തന്നെ ചെയ്യുന്നു.” (ആലു ഇംറാന്‍ 76).

ക്ഷമയും സൂക്ഷ്മതയും സത്യസന്ധതയും കരാര്‍ പാലനവും തുടങ്ങി ഒരു സത്യവിശ്വാസിയില്‍ മേളിക്കേണ്ട ഗുണങ്ങളെ നോമ്പ് നേടിത്തരണം.
ഭാര്യമാരോടും മക്കളോടും തുടങ്ങി കുടുംബത്തോടുള്ള കരുതലും ഭക്തിയുടെ ഭാഗമാണ്. “മക്കള്‍ക്കിടയില്‍ നീതി പാലിച്ചു തഖ്‌വ പുലര്‍ത്തുക” എന്ന് നബി വചനം (ബുഖാരി).

അല്ലാഹുവിന്റെ സ്‌നേഹവും സഹായവും ഇഹ പര വിജയവും സ്വര്‍ഗം നേടുന്നതിലൂടെയുള്ള അതുല്യമായ സൗഭാഗ്യവും നോമ്പിലൂടെ കൈവരിക്കാന്‍ കഴിയേണ്ടതുണ്ട്. കാരണം അവയെല്ലാം ഭക്തിയില്‍ ജീവിച്ചവര്‍ക്ക് നാഥനായ അല്ലാഹു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങളാണ്. ഇനി ഏതാനും ദിവസങ്ങളാണ് ബാക്കിയുള്ളത്. നോമ്പിന്റെ ലക്ഷ്യത്തെ കൈവരിച്ച് സന്മാർഗത്തിൽ നടക്കാന്‍ പരിശ്രമിക്കുക.

നിസാമുദ്ദീന്‍ ഫാളിലി കൊല്ലം