International
ഇറാഖിലെ വ്യോമതാവളത്തിനുനേരെ റോക്കറ്റാക്രമണം
		
      																					
              
              
            
ബാഗ്ദാദ് | ഇറാഖ് തലസ്ഥാനമായ ബാലാദ് വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തിനും സമീപത്തുമായി പതിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ യു എസ് കമ്പനിയുടെ കരാര്‍ ജീവനക്കാരന് പരുക്കേറ്റതായി സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു എസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സാലിപോര്‍ട്ടിലാണ് തുടക്കത്തില്‍ മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരനാണ് പരുക്കേറ്റത്. അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
ആദ്യ ആക്രമണം കഴിഞ്ഞ് 15 മിനിറ്റുകള്‍ക്കുശേഷമായിരുന്നു മറ്റ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. അതേസമയം അമേരിക്കക്കാരെയോ സഖ്യസേനയോ ബാലാദില്‍ നിയോഗിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്താവ് കമാന്‍ഡര്‍ ജസീക്ക മക്‌നോള്‍ട്ടി പറഞ്ഞു. എന്നാല്‍ അമേരിക്കക്കാരായ കരാര്‍ ജീവനക്കാര്‍ അവിടെ ജോലി ചെയ്തിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നും മക്‌നോള്‍ട്ടി പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

