Connect with us

Covid19

FACTCHECK: ബെംഗളൂരുവിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ ജീവനക്കാര്‍ കൊന്നുവോ?

Published

|

Last Updated

ബെംഗളൂരു | നഗരത്തിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ ജീവനക്കാര്‍ കൊന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഏഴ് രോഗികളെ ജീവനക്കാര്‍ കൊന്നുവെന്ന് ഒരു ബന്ധു പറയുന്ന, വാര്‍ത്താ ചാനലിന്റേതെന്ന് തോന്നിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

അവകാശവാദം: കൊവിഡ് രോഗിയെ ആശുപത്രി കിടക്കയില്‍ വെച്ച് ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യമാണ് ആദ്യമുള്ളത്. മറ്റൊരു ദൃശ്യത്തില്‍ മെഡിക്കല്‍ വസ്ത്രത്തിലുള്ളവര്‍ ഒരു രോഗിയെ ആക്രമിക്കുന്നതാണുള്ളത്. ഇവ രണ്ടും ഒന്നിച്ചുവെച്ചാണ് രോഗിയുടെ ബന്ധുവിന്റെ ആരോപണത്തിന് തെളിവായി നല്‍കിയത്.

ഒരു രോഗി മരിച്ചാല്‍ ആശുപത്രിക്ക് എട്ട് ലക്ഷം ലഭിക്കുമെന്നും ദിവസവും ഏഴ് പേരെ ജീവനക്കാര്‍ കൊല്ലുന്നുണ്ടെന്നും നടപടിയെടുക്കണം എന്നും ഒരു സ്ത്രീ പറയുന്ന വീഡിയോയുമുണ്ട്.

യാഥാര്‍ഥ്യം: സ്ത്രീയുടെ വീഡിയോ ന്യൂസ്ഫസ്റ്റ് കന്നഡ എന്ന ചാനലിന്റെ ബുള്ളറ്റിനില്‍ വന്നതാണ്. ഏപ്രില്‍ 22ന് സംപ്രേഷണം ചെയ്ത ഈ ബുള്ളറ്റിനില്‍ തന്റെ പിതാവിന്റെ മരണത്തെ സംബന്ധിച്ചാണ് ഇവര്‍ പറയുന്നത്. അതേസമയം, ഈ വീഡിയോക്ക് ശേഷമുള്ള ക്ലിപ്പുകള്‍ കൃത്രിമമായി ചെയ്തതാണ്. ആശുപത്രി കിടക്കയില്‍ വയോധികനായ ഒരാളെ ആക്രമിക്കുന്ന വീഡിയോ 2020 മെയ് 13നുള്ളതാണ്. ത്രിപുരയിലെ അഗര്‍ത്തല ജി ബി ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യമെന്നാണ് റിപ്പോര്‍ട്ട്.

അവസാന വീഡിയോ ക്ലിപ് പാട്യാല ആശുപത്രിയില്‍ നിന്നുള്ളതാണ്. 2020 ആഗസ്റ്റ് 24നാണ് ആശുപത്രി ജീവനക്കാര്‍ മാനസികാസ്വാസ്ഥ്യമുള്ള രോഗിയെ ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നത്. ജീവനക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ വനിതയുടെ ആരോപണങ്ങളുമായി ബന്ധമില്ലാത്തതാണ് ഈ വീഡിയോ ദൃശ്യങ്ങളെന്ന് വ്യക്തം.