Connect with us

Kerala

വി വി പ്രകാശിന്റെ മരണം: രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു

Published

|

Last Updated

മലപ്പുറം | നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലമ്പൂരില്‍ യു.ഡി.എഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി

എല്ലാ ജനവിഭാഗങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതിലും ഇവിടുത്തെ സാമുദായിക സൗഹൃദവും സമതുലിതാവസ്ഥയും നിലനിര്‍ത്തുന്നതിലും വിവി പ്രകാശ് വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ലാളിത്യത്തിന്റെയും സൗമ്യതയുടെയും പ്രതീകമായിരുന്നു പ്രകാശ്. പ്രകാശിന്റെ വിയോഗം കുടുംബത്തിനും കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം കനത്തതാണെന്നും അദ്ദേഹം പറഞ്ഞു

കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

അങ്ങേയറ്റം ഞെട്ടലോടെയാണ് പ്രകാശിന്റെ മരണവാര്‍ത്ത കേട്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍പറഞ്ഞു. ഇന്നലെ രാവിലെയും പ്രകാശുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പ്രിയപ്പെട്ട ഒരു സ്നേഹിതന്റെ വേര്‍പാട് ഞങ്ങളെയൊക്കെ ഉലച്ചിരിക്കുന്നതാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമാണ് പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു

ആര്യാടന്‍ ഷൗക്കത്ത്

വി വി പ്രകാശിന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നല്ല ഒരു ജനവിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ വിധി കാണാനുള്ള ഭാഗ്യം പ്രകാശിനുണ്ടായില്ല. പ്രകാശിന്റെ മരണം കോണ്‍ഗ്രസിനും യു ഡി എഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു

---- facebook comment plugin here -----

Latest