Connect with us

Covid19

ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തിലില്ല; പരിഭ്രാന്തി വേണ്ടെന്നും വ്യാജ പ്രചാരണങ്ങളിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൾ കൊവിഡ് വിതയ്ക്കുന്ന വിപത്തുകളിൽ കേരളത്തിൽ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത പുലർത്തിയാൽ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. എന്നാൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലർത്തണം. ഇത്തരത്തിൽ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടത്. വാർത്തകൾ നൽകുമ്പോൾ ജനങ്ങളിൽ അനാവശ്യമായ ആശങ്ക പടർത്താതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മാസ്‌ക് കൃത്യമായി ധരിക്കാനും കൈകൾ ശുചിയാക്കാനും ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനോ അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗവ്യാപനം കുറഞ്ഞതും മരണങ്ങൾ അധികം ഉണ്ടാകാതിരുന്നതും.

ഇക്കാര്യത്തിൽ സ്വയമേവയുള്ള ശ്രദ്ധ നൽകുന്നതിൽ ചെറിയ വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. പോലീസോ മറ്റു സർക്കാർ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കിൽ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണ ഉള്ളവർ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവർക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തിൽ നമ്മൾ തീരുമാനിച്ചില്ലെങ്കിൽ നമ്മുടെ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.