Connect with us

Ongoing News

സമയമറിയിക്കാൻ നകാരയുടെ കൊട്ടും മുട്ടും

Published

|

Last Updated

1980-81 കാലഘട്ടത്തിൽ വാരണാക്കരയിൽ ജോലി ചെയ്യുന്ന കാലത്തെ റമസാൻ മറക്കാനാകാത്ത അനുഭവമാണ്. റമസാൻ 17ന് ബദ്ർ നേർച്ചയോടനുബന്ധിച്ച് അവിടെ ഫാത്വിഹ ഓതി ദുആ ചെയ്ത് പിരിയാറാണ് പതിവ്. നേർച്ച സമുചിതമായി ആചരിക്കണമെന്ന് നിർദേശം ഉയർന്നുവന്നു. ഒരു ബദ്ർ നേർച്ചക്ക് അൽപ്പം ഈത്തപ്പഴം വാങ്ങി സദസ്സിൽ വിതരണം ചെയ്തു. ബദ്‌രീങ്ങളുടെ ബറകത്ത് കൊണ്ടെന്ന് പറയാം ആ വർഷം മലേഷ്യയിൽ നിന്ന് ഒരാൾ 12,000 രൂപ സംഭാവന നൽകി. മൗലിദ് പാരായണത്തിന് ശേഷം എല്ലാ വീടുകളിലേക്കും ആട്ടിറച്ചിയും പൊറോട്ടയും വിതരണം ചെയ്തിട്ടും തുക ബാക്കിയായി. തുടർന്നുള്ള വർഷങ്ങളിൽ നബിദിനാഘോഷവും മറ്റെല്ലാ ആണ്ട് നേർച്ചകളും മഹല്ലിൽ ആചരിച്ചുവന്നു. റമസാനിലെ ബദ്ർ നേർച്ച ഉൾപ്പെടെ എല്ലാ ആചാരങ്ങൾക്കും ഓരോ വ്യക്തികളും മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി.

ആരാധനാ കർമങ്ങളിൽ കണിശത പുലർത്തുന്ന കുടുംബമായതിനാൽ ചെറുപ്പം മുതൽ നോമ്പനുഷ്ഠിച്ച് വരുന്നു.
വീടിനടുത്തായിരുന്നു പള്ളി. ബാങ്ക് കൊടുക്കാനും നോമ്പ് അറിയിക്കാനും പള്ളിയിൽ ഉച്ചഭാഷിണിയോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. നകാരം എന്ന ചർമവാദ്യത്തിലുള്ള കൊട്ടും മുട്ടും ആയിരുന്നു പ്രദേശവാസികളെ നോമ്പും ബാങ്കും അറിയിക്കാനുള്ള മാധ്യമം.

പുല്ലും വൈക്കോലും മേഞ്ഞ കൂരകളും കൃഷിപ്പണിയും കാലികളെ വളർത്തലുമായിരുന്നു പ്രധാന തൊഴിൽ. നോമ്പുകാലം അത്ര സമൃദ്ധമായിരുന്നില്ല എന്നർഥം. ഇന്നത്തെ പോലെ ഭക്ഷണ വൈവിധ്യങ്ങളുടെ ആഘോഷം ഒന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. നാട്ടിലെ കുട്ടികളും മുതിർന്നവരും പ്രായമേറിയവരും എല്ലാം സുബ്ഹിക്ക് മുമ്പ് പള്ളിയിൽ എത്തും.

പ്രായമായവർ നോമ്പ് തുറക്കാൻ നേരത്താണ് വീട്ടിലേക്ക് മടങ്ങിപ്പോകുക. പള്ളികളിൽ സമൂഹ നോമ്പുതുറ അക്കാലത്ത് ഉണ്ടായിരുന്നില്ല. പൂള പോലുള്ള കിഴങ്ങ് വർഗങ്ങളായിരുന്നു നോമ്പ് തുറക്കാൻ നേരത്ത് ലഭിക്കുന്ന വിഭവങ്ങൾ. ശർക്കരയിട്ട് കട്ടൻചായയും.
അരി പത്തിരിയും ഇറച്ചിക്കറിയും മറ്റും അപൂർവമായിരുന്നു. നാട്ടിലെ ഏതെങ്കിലും പ്രമാണിയുടെ വീട്ടിൽ നോമ്പുതുറ ഉണ്ടായാൽ തന്നെ രണ്ട് മൂന്ന് പത്തിരിയും വയറുനിറയെ കഞ്ഞിയും ആയിരുന്നു വിഭവം.
നിസ്‌കാരം, ഖുർആൻ പാരായണം എന്നിവ കൊണ്ട് ധന്യമായിരുന്നു റമസാനിലെ ദിനരാത്രങ്ങൾ. ബദ്‌രീങ്ങളുടെ ആണ്ടിനും

27-ാം രാവിനും പള്ളിയിൽ ഇറച്ചിയും പത്തിരിയും നെയ്യപ്പവും വിതരണം ചെയ്തിരുന്നു.
നോമ്പായി എന്ന വിവരം ലഭിക്കുന്നത് എത്ര പാതിരാവിൽ ആയാലും അന്ന് തറാവീഹ് നിസ്‌കരിക്കാൻ പള്ളിയിൽ എല്ലാവരും ഒരുമിച്ച് കൂടുമായിരുന്നു.
ആർക്കും വിഷമവും പ്രയാസവും ഇല്ലാത്ത രൂപത്തിൽ തറാവീഹ് നിസ്‌കാരം വളരെ ഭംഗിയായി നിർവഹിച്ചുപോന്നു.

തയ്യാറാക്കിയത്
ഒ എ വഹാബ്

---- facebook comment plugin here -----

Latest