Connect with us

Ongoing News

എസ് എസ് എ ഖാദർ ഹാജി: മാഞ്ഞുപോയത് ആയിരങ്ങളുടെ തണൽ

Published

|

Last Updated

തൊഴിലും വിദ്യാഭ്യാസവും തേടി ബെംഗളൂരുവിലെത്തുന്ന മലയാളി യുവാക്കൾക്ക് കരുതലും തലോടലുമായി കഴിഞ്ഞ എസ് എസ് എ എന്ന എസ് എസ് എ ഖാദർ ഹാജിയുടെ വിയോഗം കണ്ണീരിലാഴ്ത്തുന്നത് ആയിരങ്ങളെ. തന്റെ സമ്പാദ്യത്തിലധികവും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നീക്കി വെക്കുന്ന ഖാദർഹാജി ബെംഗളൂരുവിലെ നാനാവിഭാഗങ്ങളുടേയും സാന്ത്വന സേവകൻ കൂടിയായിരുന്നു. ഖുദ്ദൂസ് സാഹിബ് ഖാദിരിയ മസ്ജിദ് ട്രസ്റ്റ് ചെയർമാനായി നിയമിതനായ ഖാദർഹാജി കർണാടക മുസ്‌ലിംകൾക്കിടയിൽ കേരള മോഡൽ സൃഷ്ടിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു.

1967ൽ െബംഗളുരു ഗവ. ലോ-കോളജിൽ ചേർന്ന ഖാദർഹാജി ഫസ്റ്റ് റാങ്കോടെയാണ് അവിടെ നിന്ന് പടിയിറങ്ങിയത്. പിന്നീട് ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, ന്യൂസിലാൻഡ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ സേവനം ചെയ്തു. ശേഷം 48-ാമത്തെ വയസ്സിൽ ജക്കാർത്തയിലെ ഒരു കമ്പനിയിൽ സി ഇ ഒയായിരിക്കെ ജോലിയിൽ നിന്ന് സ്വയം വിരമിച്ച എസ് എസ് എ പിന്നീട് ബെംഗളുരു നഗരത്തിലെ കഷ്ടപ്പാടുകളിലേക്കിറങ്ങിയാണ് തന്റെ ജീവിതം സഫലമാക്കാൻ തുനിഞ്ഞത്.

ഭാര്യ ഖൈറുന്നീസയുടേയും തന്റെയും പേര് യോജിപ്പിച്ച് ഖൈക്ക ഫൗണ്ടേഷന് രൂപം നൽകി. ഇടക്ക് പ്രിയതമ വേർപിരിഞ്ഞെങ്കിലും അവരുടെ പരലോക ജീവിതം ധന്യമാക്കുകയെന്ന ലക്ഷ്യം കൂടിയായിരുന്നു ഖൈക്കയുടെ പിന്നീടുള്ള പ്രവർത്തനങ്ങൾക്ക്.

ജന്മം കൊണ്ട് പാലക്കാട്ടുകാരനായിരുന്ന ഈ തനി ബെംഗളൂരുകാരൻ 55 വർഷത്തോളമാണ് നഗരത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പാവങ്ങളുടെ കണ്ണീരൊപ്പാനും ഓടി നടന്നത്. നഗരത്തിൽ തൊഴിലും വിദ്യാഭ്യാസവും തേടിയെത്തുന്നവർക്ക് ധാർമിക ശിക്ഷണത്തോടെയുള്ള താമസ സൗകര്യം എന്ന എസ് എസ് എഫിന്റെ ആശയത്തെയും പരിശ്രമത്തേയും വെള്ളവും വളവും നൽകി അദ്ദേഹം പരിപാലിച്ചു. ഈ തരത്തിൽ 25 ലധികം ഹോസ്റ്റലുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നല്ലൊരെണ്ണവും പ്രവർത്തിച്ചത് ഖാദർഹാജിയുടെ സ്വന്തം കെട്ടിടങ്ങളിലായിരുന്നു.

മലയാളികളുടെ അധീനതയിലായി ബെംഗളുരു നഗരത്തിൽ ഒമ്പത് മസ്ജിദുകളാണ് എസ് എസ് എ ഉണ്ടാക്കിയെടുത്തത്.
മിശ്ര ഭാഷാ പാടവത്തോടെ ആധുനിക തലമുറയുമായും രാജ്യത്തിന്റെ ഉള്ളിന്റെയുള്ളിലുള്ള ഗ്രാമീണ ജനതയോടും സംവദിക്കാൻ പാകത്തിലുള്ള ഇസ്‌ലാമിക പണ്ഡിതരെ വളർത്തിയെടുക്കുകയെന്നത് ഖാദർഹാജിയുടെ സ്വപ്നമായിരുന്നു.

കാരന്തൂർ മർകസുമായി സഹകരിച്ച് മർകിൻസ് എന്ന പേരിൽ അൾസൂരിലും ബനശങ്കരിയിലും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്ന് ഇതിനകം അമ്പതോളം ദാഇകൾ പുറത്തിറങ്ങിക്കഴിഞ്ഞു. പ്ലസ് വൺ മുതൽ പി ജി വരെയുള്ളതാണ് ഇവിടുത്തെ കോഴ്‌സ്. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവർ നിലവിൽ കർണാടകയിലേയും ആന്ധ്രയിലേയും ഉൾനാടൻ പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങളിലാണ്. ഇവരുടെ ശ്രമഫലമായി പതിനാറോളം മദ്‌റസകളും മൂന്ന് മസ്ജിദുകളും ഈ ഗ്രാമീണ പ്രദേശങ്ങളിൽ ഒരു വർഷത്തിനകം പുതുതായി സ്ഥാപിച്ചിട്ടുണ്ട്. ഉർദു ഭാഷക്കാരായ ഹനഫീ മുസ്‌ലിംകൾക്കിടയിൽ മലയാളികൾക്ക് സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കുന്നതിലും ഇരു വിഭാഗവും തമ്മിലുള്ള അകലം കുറക്കുന്നതിലും ഇടപെടലുകൾ നടത്താൻ എസ് എസ് എക്ക് കഴിഞ്ഞു.

നഗരത്തിൽ സുന്നി കൂട്ടായ്മകൾ നടത്തുന്ന വിവിധ ആത്മീയ മജ്‌ലിസുകൾക്ക് വലിയ സഹായമാണ് അദ്ദേഹം നൽകിയത്. എസ് എം എയുടേയും എസ് എസ് എഫിന്റേയും കീഴിൽ കിദ്വായി ക്യാൻസർ ആശുപത്രിയിൽ രോഗികൾക്കും പരിചാരകർക്കുമായി നൽകുന്ന വിവിധ സഹായങ്ങൾക്ക് വലിയ അത്താണിയായി പ്രവർത്തിച്ചതും ഖാദർഹാജി തന്നെയായിരുന്നു.

സാമ്പത്തിക ശാസ്ത്ര രംഗത്ത് വലിയ കാഴ്ചപ്പാടുകളുണ്ടായിരുന്ന അദ്ദേഹം നഗരത്തിലെത്തുന്ന പ്രൊഫഷനലുകൾക്കും വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച അവബോധം നൽകി.

വിവിധ മലയാളി കൂട്ടായ്മകളിൽ അംഗമായിരുന്ന അദ്ദേഹത്തിന് വിവിധ സമുദായക്കാരായ ബെംഗളൂരു മലയാളികൾക്കിടയിലും വലിയ അംഗീകാരമാണ് ഉണ്ടായിരുന്നത്. മർകസുസ്സഖാഫത്തി സുന്നിയ്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, മർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കർണാടക സ്റ്റേറ്റ് മുസ്്ലിം ജമാഅത്ത് വർക്കിംഗ് പ്രസിഡന്റ്, സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ ബെംഗളുരു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായിരിക്കെയാണ് എസ് എസ് എയുടെ വിടവാങ്ങൽ. മക്കൾ യൂനുസ്, സീമ, മരുമകൻ റഫീഖ് എന്നിവരും പിതാവിന്റെ പാതയിൽ സേവന തത്പരരാണ്.

 

Latest