Connect with us

Ongoing News

ഡോ. എസ് എസ് എ ഖാദിർ ഹാജി അന്തരിച്ചു

Published

|

Last Updated

ബെഗളുരു | മർകസു സഖാഫത്തി സുന്നിയ്യ വൈസ് പ്രസിഡന്റും വിദ്യാഭ്യാസ പ്രവർത്തകനും ബെഗളൂരുവിലെ പ്രമുഖ വ്യാപാരിയും മത സാമൂഹിക സംഘടനകളുടെ നേതൃത്വുമായ എസ് എസ് എ ഖാദിർ ഹാജി(75) അന്തരിച്ചു. ഇസ്‍ലാമിക് എജ്യുക്കേഷണൽ ബോർഡ് കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ്, ബെംഗളൂരു ജുമുഅ മസ്‌ജിദ്‌ ട്രസ്റ്റ് ബോർഡ് ചെയർമാൻ , സുന്നി മാനേജ്മന്റ് അസോസിയേഷൻ കർണാടക പ്രസിഡന്റ്, മർകസിന്റെ കീഴിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന മാർകിൻസ് ഇന്റഗ്രെറ്റഡ് അക്കാഡമിക് സെന്ററിന്റെ ചെയർമാൻ എന്നീ പദവികളും വഹിച്ചു വരികയായിരുന്നു.

രാജ്യാന്തര രംഗത്ത് പ്രശസ്തമായ നിരവധി അന്താരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം നയിച്ച പാരമ്പര്യമുള്ള എസ് എസ് എ ഖാദിർ ഹാജി സ്വന്തമായി തുടങ്ങിയ ഖൈക ഗ്രൂപ് ഓഫ് കമ്പനീസിന്റെ കീഴിൽ വിപുലമായി വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളെ പി ജി വരെ സൗജന്യമായി പഠിപ്പിക്കുന്ന യത്നവും നടത്തിവരികയായിരുന്നു ഖാദിർ ഹാജി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള പതിറ്റാണ്ടുകളായുള്ള ബന്ധം, വ്യാപാര മേഖലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ മേഖലയിൽ സജീവമാകാനും ഖാദിർ ഹാജിക്ക് പ്രേരണയായി.

സൗത്തിന്ത്യയിലെ തന്നെ മുസ്‌ലിം വിദ്യഭ്യാസ മുന്നേറ്റ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എസ് എസ് എ ഖാദിർ ഹാജിയുടെ നിര്യാണം വലിയ നഷ്ടമാണ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

Latest