Connect with us

Covid19

കൊവിഡ് രണ്ടാം തരംഗം; കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കേരളം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ രണ്ടാം തരംഗം തീവ്രഗതിയിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനം. ഇതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി ചുരുക്കും. പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റുള്ളവരോ, വാക്‌സീന്‍ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാവൂ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍, വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യ വിദഗ്ധരും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രണ്ടര ലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്തും. ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക. ഇവിടെ 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണവുമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പരിശോധനയില്‍ ആദ്യം പരിഗണിക്കുക.

സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നീക്കം. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കും. പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ പോലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ആലോചിക്കുന്നുണ്ട്.

 

Latest