Connect with us

Kerala

കര്‍ഷകരെ കടക്കെണിയിലാക്കി കപ്പ വില ഇടിയുന്നു

Published

|

Last Updated

അടൂര്‍ | കപ്പ വില ഇടിഞ്ഞ് വിലക്കെടുക്കുവാന്‍ ആളില്ലാത്തതിനാല്‍ പിഴുതെടുക്കേണ്ട സമയം കഴിഞ്ഞിട്ടും കപ്പത്തോട്ടങ്ങള്‍ അതേപോലെ കിടക്കുന്നു. വില ഇത്രയും ഇടിഞ്ഞ കാലം ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കിലോയ്ക്ക് ഇരുപത് രൂപയ്ക്ക് മൊത്തമായി കപ്പ വില്‍പ്പന നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എട്ടുമുതല്‍ പത്തു രൂപവരെയാണ് ലഭിക്കുന്നത്. ഇതിനുപോലും എടുക്കുവാന്‍ ആളുകള്‍ എത്തുന്നതുമില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കപ്പ വാങ്ങുവാനായി പത്തനംതിട്ട ജില്ലയില്‍ ആളുകളെത്തുന്നുണ്ടായിരുന്നു. ഇവിടെയുള്ള പാടങ്ങളിലും പാടത്തോടു ചേര്‍ന്ന മണലും ചെളിയും ചേരുവയുള്ള പറമ്പിലും കൃഷി ചെയ്തിരുന്ന കപ്പയ്ക്ക് എന്നും നല്ല പ്രിയമായിരുന്നു. പിഴുത് വിപണികളിലും ചന്തയിലും എത്തിച്ചാല്‍പ്പോലും കൂലിച്ചെലവിനുള്ള തുകപോലും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

നാവില്‍ മാത്രമല്ല,  കേട്ടറിവുള്ള ആരുടെയും നാവില്‍ വെള്ളമൂറുന്ന രുചിയില്‍ മുമ്പനായ തട്ട കപ്പയ്ക്കും ഇക്കുറി ഡിമാന്റില്ല. അത്രയ്ക്ക് രുചിയുള്ളതാണ് പത്തനംതിട്ടയുടെ  മണ്ണില്‍ വിളയുന്ന കപ്പ. ഈ കപ്പയ്ക്കും ആവശ്യക്കാരില്ലാതായി. കട്ട് കുറവുള്ള, നൂറുള്ള, എളുപ്പം വേകുന്ന കപ്പയാണ് ഇവിടെയുള്ളത്. മണ്ണും കപ്പകൃഷിക്ക് അനുയോജ്യം. പാടത്തുനിന്നുതന്നെ ഒന്നിച്ചു വിലപറഞ്ഞെടുക്കുന്ന കപ്പ രുചിക്കുന്നതിലധികവും മറ്റു ജില്ലക്കാരാണ്.

അടൂര്‍-പത്തനംതിട്ട റോഡിന്റെ അരികില്‍ യാത്രക്കാര്‍ക്ക് ആവശ്യാനുസരണം പുതുമ നഷ്ടപ്പെടാതെ പിഴുത് നല്‍കുന്ന കര്‍ഷകരും ഉണ്ട്. ജനുവരി മാസം 15ന് മുമ്പ് പിഴുത് തീര്‍ക്കേണ്ട കപ്പ ഏപ്രില്‍ പകുതിയാകാറായിട്ടും വിറ്റു തീര്‍ന്നിട്ടില്ലെന്ന് അഞ്ചര ഏക്കറില്‍ കപ്പ മാത്രം കൃഷിചെയ്തിട്ടുള്ള കര്‍ഷകന്‍ മങ്കുഴിയില്‍ പ്രകാശ് പറയുന്നു. മണിമല പൊന്‍കുന്നം ഭാഗങ്ങളിലുള്ളവരായിരുന്നു ഇവിടെ കപ്പവാങ്ങാന്‍ സ്ഥിരമായി എത്തിയിരുന്നത്. എന്നാല്‍ റബ്ബര്‍ വെട്ടിമാറ്റി കപ്പകൃഷി വ്യാപകമാക്കിയതോടെയാണ് കപ്പയ്ക്ക് വിലയിടിയാനും ഡിമാന്റ് കുറയാനും ഇടയാക്കിയതെന്നും പ്രകാശ് പറഞ്ഞു. കപ്പ ഉണക്കി സൂക്ഷിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ടെങ്കിലും കൂലിച്ചെലവും വേനല്‍മഴയും കാരണം ഇതിനും നിര്‍വാഹമില്ല.

ശബരിമല തീര്‍ഥാടന കാലത്ത് എല്ലാ വര്‍ഷത്തെയും പോലെ കാര്‍ഷിക വിളകളുടെ ഉപയോഗം കുറഞ്ഞതും വിലയിടിവിന് കാരണമായി. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, കിഴങ്ങ്, ചീമച്ചേമ്പ് തുടങ്ങിയ വിളകള്‍ക്കെല്ലാം വില വളരെ കുറഞ്ഞു. ഏത്തക്കായക്ക് വില ഇപ്പോള്‍ അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് കാലത്ത് കൂടുതല്‍ ആളുകളും പരമ്പരാഗത കൃഷിയിലേക്ക് തിരിയുകയും ചെയ്തിരുന്നു. ഇതും വിപണിയില്‍ കാര്‍ഷിക വിളകളുടെ വിലയിടിവിന് കാരണമായി.

Latest