Ongoing News
കൊൽക്കത്ത സൺറൈസേഴ്സിനെതിരെ; സൂര്യനുദിക്കുമോ?

ചെന്നൈ | ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് 7.30ന് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 2013ൽ ഐ പി എൽ കളിച്ചുതുടങ്ങിയത് മുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ സീസണിൽ പ്ലേ ഓഫിലെത്തി. 2016ൽ കിരീടം നേടി. 2018ൽ റണ്ണറപ്പുമായി. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫിൽ കളിച്ചു.
ഐ പി എല്ലിൽ റൺനേട്ടത്തിൽ മുന്നിലുള്ള വിദേശ താരമായ ആസ്്ത്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണറാണ് ടീമിന്റെ തുറുപ്പ് ചീട്ട്. ഡേവിഡ് വാർണർ മൂന്ന് സീസണുകളിൽ ടോപ് സ്‌കോററായി. ഇക്കുറിയും ഡേവിഡ് വാർണറുടെ കീഴിലാണ് ടീം ക്രീസിലിറങ്ങുന്നത്. ഒപ്പം ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, ജേസൺ ഹോൾഡർ എന്നിവരും ബാറ്റിംഗിന് കരുത്തായുണ്ട്. ഇക്കുറിയും വലിയ മാറ്റങ്ങളൊന്നും ഹൈദരാബാദ് നടത്തിയിട്ടില്ല. മിച്ചൽ മാർഷിന് പകരം ഇംഗ്ലീഷ് ഓപണർ ജേസൺ റോയി അവസാന ഘട്ടത്തിൽ ടീമിലെത്തി. കേദാർ ജാദവ്, ജെ സുജിത്, മുജീബ് റഹ്്മാൻ എന്നിവരെയും വാങ്ങി. ഭുവനേശ്വർ കുമാർ, ടി നടരാജൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, മലയാളി താരം ബേസിൽ തമ്പി തുടങ്ങിയവരും ടീമിനൊപ്പമുണ്ട്. ടി20 ക്രിക്കറ്റിലെ ഏറ്റവും വിലപിടിച്ച സ്പിന്നറായ റാശിദ് ഖാനൊപ്പം ശഹബാസ് നദീം, മുജീബ് റഹ്്മാൻ എന്നിവരടങ്ങുന്നതാണ് സ്പിൻ വിഭാഗം.
കൊൽക്കത്ത മികവിലേക്കുയരുമോ?
ചെന്നൈ | ഐ പി എല്ലിൽ 2012, 2014 സീസണുകളിൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ രണ്ട് സീസണുകളിലും പ്രാഥമിക ഘട്ടംപോലും കടക്കാൻ കൊൽക്കത്തക്ക് സാധിച്ചിട്ടില്ല. ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളാണ് കഴിഞ്ഞ സീസണിൽ തിരിച്ചടിയായത്. 15 കോടിയിലേറെ മുടക്കി കൊണ്ടുവന്ന ആസ്്ത്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ് തീർത്തും നിറംമങ്ങി. ടൂർണമെന്റ് തുടങ്ങുമ്പോൾ ദിനേശ് കാർത്തിക്കായിരുന്നു ക്യാപ്റ്റൻ. തുടർതോൽവികളെത്തുടർന്ന് ദിനേശ് കാർത്തിക് ക്യാപ്റ്റൻ പദവി ഒഴിഞ്ഞു. പകരം ഒയിൻ മോർഗൻ നായകനായി. ഇതെല്ലാം ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചു. ഇത്തവണയും ടീമിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ആൾറൗണ്ടർമാരായ ബെൻ കട്ടിംഗ്, ഷാകിബുൽ ഹസൻ, പവൻ നേഗി, കരുൺ നായർ, ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.
അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് കൂടുതൽ കരുത്തനായ ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ആന്ദ്രെ റസൽ, ഒയിൻ മോർഗൻ, ദിനേശ് കാർത്തിക് എന്നിവരാണ് ബാറ്റിംഗിലെ പ്രധാനികൾ. ലോക്കി ഫെർഗൂസൻ, പാറ്റ് കമ്മിൻസ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം മലയാളിയായ സന്ദീപ് വാര്യരും അടങ്ങിയ പേസ് നിര ശക്തമാണ്.