Connect with us

Kerala

മന്‍സൂര്‍ വധം; രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കണ്ണൂര്‍ | പാനൂരിലെ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി രതീഷ് കൂലോത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെക്യാട് ഒളിവില്‍ താമസിച്ച സ്ഥലത്ത് ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്തെ കശുമാവില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മന്‍സൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് രതീഷെന്നാണ് പോലീസ് പറയുന്നത്. രതീഷിനെ അന്വേഷിച്ച് പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടത്. കേസിലെ പ്രതികളിലൊരാളായ ഷിനോസിനെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് പ്രതികളെ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് എടുക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സി പി എമ്മിന്റെ ആജ്ഞാനുവര്‍ത്തികളാണ് അന്വേഷണ സംഘത്തിലുള്ളതെന്നും അന്വേഷണം നീട്ടിക്കൊണ്ടുപോയി തുമ്പില്ലാതാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റേയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. മന്‍സൂറിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest