Connect with us

Kannur

മന്‍സൂറിന്റെ കൊലപാതകം: പെരിങ്ങത്തൂരില്‍ വ്യാപക അക്രമം; സിപിഎം ഓഫീസിന് തീയിട്ടു

Published

|

Last Updated

കണ്ണൂർ | മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ പെരിങ്ങത്തൂരില്‍ വ്യാപക ആക്രമണം. സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. സിപിഎം അനുഭാവികളുടെ മൂന്ന് കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മന്‍സൂറിന്റെ മയ്യിത്ത് ഖബറക്കിയതിന് ശേഷം രാത്രി എട്ട് മണിയോടെയാണ് പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വന്‍ ജനാവലിയാണ് മന്‍സൂറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പെരിങ്ങത്തൂരില്‍ എത്തിയത്. ഖബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ ക്ഷുഭിതരായ ജനക്കൂട്ടം സിപിഎം ഓഫീസുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു.

പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, പാനൂര്‍ ടൗണ്‍ ബ്രാഞ്ച് ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവയ്ക്കാണ് തീവെച്ചത്. ഓഫീസ് തകര്‍ത്ത് ഫര്‍ണിച്ചറുകള്‍ക്ക് തീവെക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. പോലീസും ആര്‍പിഎഫും എത്തിയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്തിയത്. അക്രമ സംഭവങ്ങൾ നടക്കുമ്പോൾ വൻ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ഇതിനാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു.

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിനും സഹോദരന്‍ മുഹ്‌സിനും നേരെ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മന്‍സൂറിനെ വെട്ടിവീഴ്ത്തുകയായിരുന്നു. മുഹ്‌സിനും വെട്ടേറ്റു. ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍സൂറിന്റെ പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മന്‍സൂറിന്റെ അന്ത്യം.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്.

---- facebook comment plugin here -----

Latest