Connect with us

Editorial

പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍

Published

|

Last Updated

ഇന്നാണ് കേരളത്തിന്റെ വിധിനിര്‍ണയ ദിനം. പിണറായി സര്‍ക്കാറിനു ഭരണത്തുടര്‍ച്ച നല്‍കണോ, അതോ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭരണച്ചെങ്കോല്‍ യു ഡി എഫിനെ ഏല്‍പ്പിക്കണമോ എന്ന് 2,74,46,039 വോട്ടര്‍മാര്‍ ഇന്ന് തീരുമാനിക്കും. 40,771 പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിനു സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്കാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള സൗകര്യം. കാലത്ത് ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴിന് അവസാനിക്കുന്ന വോട്ടിംഗില്‍ അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ളതാണ്. പി പി ഇ കിറ്റ് ധരിച്ചെത്തിയാണ് ഇവര്‍ വോട്ട് ചെയ്യേണ്ടത്.

പ്രബുദ്ധരെന്നാണ് കേരളീയ സമൂഹം വാഴ്ത്തപ്പെടുന്നത്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലുള്‍പ്പെടെ ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തത്തിലും ഏറെക്കുറെ ഇങ്ങനെത്തന്നെ. താരതമ്യേന കുറവെങ്കിലും സമ്മതിദാനാവകാശം രേഖപ്പെടുത്താത്തവരുമുണ്ട് കേരളീയരില്‍. അടുത്ത കാലത്തായി നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 70നും 80നുമിടയിലാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം വോട്ടിംഗ് ശതമാനം 77.35 ശതമാനമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.60 ശതമാനവും 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 74.02ഉം 77.68ഉം ശതമാനവുമായിരുന്നു. വോട്ട് ചെയ്യാത്തവരില്‍ നല്ലൊരു വിഭാഗവും പ്രവാസികളാണെങ്കിലും നാട്ടിലുണ്ടായിട്ടും രേഖപ്പെടുത്താത്തവരുമുണ്ട് കൂട്ടത്തില്‍.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും കൂടുതല്‍ പേരെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വീപ് ടീമിന്റെ കീഴില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ഇത് സംഘടിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇടവേളകളില്‍ അധ്യാപകരുടെ അനുവാദത്തോടെ ലഘുവീഡിയോകളിലൂടെയായിരുന്നു ബോധവത്കരണം. ആകാശവാണി, എഫ് എം റേഡിയോകള്‍, സോഷ്യല്‍ മീഡിയകള്‍ വഴിയും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടറുടെ സജീവ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് 2011 മുതല്‍ എല്ലാ വര്‍ഷവും ജനുവരി 25 ദേശീയ സമ്മതിദാനാവകാശ ദിനമായി ആചരിച്ചു വരികയും ചെയ്യുന്നുണ്ട്. ഇതൊക്കെയാണെങ്കിലും “വോട്ട് ചെയ്തിട്ടെന്ത്” എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ജനാധിപത്യത്തില്‍ വോട്ടിന്റെ വിലയും പ്രാധാന്യവും മനസ്സിലാകാത്തവരാണവര്‍.
ജനാധിപത്യത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. വോട്ടവകാശമുള്ള പൗരന്മാര്‍ സഹകരിച്ചെങ്കില്‍ മാത്രമേ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. വോട്ടവകാശ വിനിയോഗം പൗരന്റെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനും മുന്‍കഴിഞ്ഞ സര്‍ക്കാര്‍ നയങ്ങളോട് അനുകൂലമായോ എതിരായോ പ്രതികരിക്കുന്നതിനുമുള്ള സുവര്‍ണാവസരവുമാണിത്. വോട്ടുണ്ടായിട്ടും അത് നഷ്ടപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്താനിടയാക്കും. എല്ലാ തിരഞ്ഞെടുപ്പുകളിലും അത് വിനിയോഗിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ട്.
സമ്മതിദാനാവകാശം രേഖപ്പെടുത്തിയാല്‍ മാത്രം പോരാ, അത് തികഞ്ഞ ആലോചനയോടെ ആയിരിക്കുകയും വേണം. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനു ശക്തിപകരുമെന്നുറപ്പുള്ള, നിയമസഭാ സാമാജികന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന ആദര്‍ശ പ്രതിബദ്ധതയുള്ള വ്യക്തികള്‍ക്കായിരിക്കണം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. പ്രകടന പത്രികകളും പ്രധാനമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങളുമായി മുന്നോട്ട് വരുന്ന മുന്നണിക്ക് മുന്‍തൂക്കം നല്‍കണം. മുന്നണികളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്. വോട്ടര്‍മാര്‍ക്ക് ജനപ്രതിനിധികളെ അഞ്ച് വര്‍ഷക്കാലത്തേക്ക് തിരഞ്ഞെടുത്തയക്കാനല്ലാതെ, അയാള്‍ യോഗ്യനല്ലെന്നു വന്നാല്‍ തിരിച്ചു വിളിക്കാന്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വകുപ്പില്ല. പിന്നീട് അയാള്‍ എന്തു ചെയ്താലും, ഫാസിസ്റ്റ് പാളയത്തിലേക്ക് ചേക്കേറിയാല്‍ പോലും വോട്ടര്‍മാര്‍ക്ക് നിശ്ശബ്ദരായി അത് കണ്ടുനില്‍ക്കാനേ കഴിയൂ. ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ വക്താവായി മത്സരിച്ച് സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കളംമാറിയ സംഭവങ്ങള്‍ സമീപ കാലത്ത് രാജ്യത്ത് നിരവധിയാണ്.

കാലങ്ങളായി നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് രണ്ട് മുന്നണികളാണ് (എല്‍ ഡി എഫ്, യു ഡി എഫ്) മുഖ്യമായും മാറ്റുരക്കാറുള്ളത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയും മത്സര രംഗത്തുണ്ടാകാറുണ്ടെങ്കിലും കേരളത്തില്‍ പറയത്തക്ക ഒരു ശക്തിയല്ല അവര്‍ ഇതുവരെയും. ഇത്തവണ ഒരു നിര്‍ണായക ശക്തിയാകാനുള്ള ഉറച്ച തീരുമാനത്തോടെ, കേന്ദ്ര ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പൊതുരംഗത്തെ ചില പ്രമുഖരെ കൂടി അണിനിരത്തിയാണ് അവര്‍ പോരാട്ടത്തിനിറങ്ങിയത്. ഭരണമല്ല, മതേതര, ജനാധിപത്യ ബോധം ശക്തമായ കേരളീയ സമൂഹം തങ്ങളോട് പ്രകടിപ്പിക്കുന്ന അസ്പൃശ്യത ഇല്ലാതാക്കുകയാണ് ഇതിലൂടെ അവര്‍ ഇത്തവണ ലക്ഷ്യമാക്കുന്നത്. ഇതോടൊപ്പം ഏഴോളം മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്നു. അതേസമയം അഭിപ്രായ സര്‍വേകളില്‍ മിക്കതിലും രണ്ടോ മൂന്നോ മണ്ഡലങ്ങളാണ് അവര്‍ക്ക് പ്രവചിക്കപ്പെട്ടത്. സീറ്റുകള്‍ എത്ര നേടുന്നുവെന്നതല്ല പാര്‍ട്ടി സംസ്ഥാനത്ത് ശക്തിപ്പെട്ടാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ സൗഹൃദ, സമാധാനാന്തരീക്ഷം തകിടം മറിയുമെന്ന് അവരുടെ പ്രകടന പത്രികകള്‍ തന്നെ വിളിച്ചു പറയുന്നു. വികസന അജന്‍ഡകള്‍ക്കുപരി വര്‍ഗീയ അജന്‍ഡകള്‍ക്കാണ് പത്രികയിലും പ്രചാരണ യോഗങ്ങളിലും പ്രാമുഖ്യം. അതുകൊണ്ട് ഓരോ കേരളീയനും സമ്മതിദാനാവകാശം ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുക. ഫാസിസത്തിന്റെ വര്‍ഗീയ അജന്‍ഡകളോട് വിയോജിക്കുന്ന, രാജ്യത്ത് സമുദായ വിഭജനത്തിന് ഇടയാക്കുന്ന പൗരത്വ ബില്ലിനെ സംസ്ഥാനത്ത് പ്രതിരോധിച്ചു നിര്‍ത്താന്‍ ചങ്കുറപ്പും കെല്‍പ്പുമുള്ള നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമായിരിക്കട്ടെ നമ്മുടെ ഓരോ വോട്ടും.

Latest