Editorial
മഅ്ദനിക്ക് കേരളത്തില്‍ ചികിത്സക്ക് അവസരമൊരുക്കണം

അബ്ദുന്നാസര്‍ മഅ്ദനിയെ ചികിത്സക്ക് കേരളത്തിലേക്കു മാറ്റുന്ന കാര്യത്തില്‍ സുപ്രീം കോടതി കേരളത്തിന്റെ നിലപാടറിയാന്‍ കാത്തിരിക്കുന്നു. കോടതിയിലെ വിചാരണ തീരുന്നതു വരെ ചികിത്സക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ അപേക്ഷയില്‍ കോടതി കേരള ആഭ്യന്തര വകുപ്പിന്റെ നിലപാട് ആരാഞ്ഞിരിക്കുകയാണ്. ഇതുകൂടി പരിഗണിച്ചായിരിക്കും ഏപ്രില്‍ അഞ്ചിന് തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നേരത്തേ മഅ്ദനിയെ കേരളത്തില്‍ ചികിത്സക്കെത്തിക്കാന്‍ സഹായകരമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 2018 മാര്‍ച്ചില്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.
ചികിത്സ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മഅ്ദനിയുടെ അപേക്ഷയോട് കര്‍ണാടക സര്‍ക്കാര്‍ വിയോജിപ്പ് പ്രകടമാക്കിയ സാഹചര്യത്തിലാണ് പിണറായി ഇടപെട്ടത്.
സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി കേരളത്തില്‍ പോകാന്‍ അനുമതി തേടി കഴിഞ്ഞ സെപ്തംബറിലാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്ന് അന്ന് സുപ്രീം കോടതി അനുമതി നിഷേധിച്ചു. അതിനിടെ വിചാരണയും കേസ് നടപടികളും അനിശ്ചിതമായി നീണ്ടു. മഅ്ദനിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. പ്രമേഹം അനിയന്ത്രിതമാണ്. ഹൃദ്രോഗവുമുണ്ട്. വൃക്കകള്‍ രണ്ടും തകരാറിലാണ്. ബംഗളൂരുവില്‍ തൃപ്തികരമായ ചികിത്സ ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം കേരളത്തില്‍ ചികിത്സക്ക് അനുമതി തേടിയത്.
നീതിനിഷേധത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഇരയാണ് ഇരുപത് വര്‍ഷത്തോളമായി ഇനിയും തെളിയിക്കപ്പെടാത്ത കുറ്റങ്ങള്‍ക്ക് ഭരണകൂടവും ജുഡീഷ്യറിയും വേട്ടയാടുന്ന അബ്ദുന്നാസര്‍ മഅ്ദനി. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശമുണ്ടെന്ന് ആരോപിച്ച് കേരള പോലീസ് കേസെടുക്കുകയും 1998 മാര്‍ച്ച് 31ന് എറണാകുളത്ത് കലൂരിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലിലടക്കുകയും ചെയ്തു. അന്ന് മുതലുള്ള മഅ്ദനിയുടെ രണ്ട് പതിറ്റാണ്ടിലേറെയുള്ള ജീവിതം കൊടും ദുരിതത്തിന്റെയും യാതനകളുടേതുമാണ്. 1993 ഏപ്രിലില്‍ പി ഡി പി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി)ക്ക് രൂപം നല്‍കിയതാണ് അദ്ദേഹം ഇത്രമേല്‍ വേട്ടയാടപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
മുസ്‌ലിംകള്‍ക്കും അവര്‍ണര്‍ക്കുമിടയില്‍ പി ഡി പി സ്വാധീനം നേടിത്തുടങ്ങിയപ്പോള്‍, സംസ്ഥാനത്തെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉറക്കം നഷ്ടമായി. അതോടെയാണ് അദ്ദേഹം ദേശീയ സുരക്ഷക്ക് ഭീഷണിയായത്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്ക് ആരോപിക്കപ്പെട്ടപ്പോള്‍ കേരള പോലീസ് അദ്ദേഹത്തെ കോയമ്പത്തൂര്‍ പോലീസിന് കൈമാറുകയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍ നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്യുകയും കോയമ്പത്തൂരില്‍ നിന്ന് സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഒമ്പത് വര്‍ഷത്തെ വിചാരണാ നടപടികള്‍ക്കൊടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ട് 2007 ആഗസ്റ്റ് ഒന്നിന് സെഷന്‍സ് കോടതി മഅ്ദനിയെ വിട്ടയച്ചെങ്കിലും വീണ്ടും അദ്ദേഹത്തെ ജയിലില്‍ തന്നെ തളച്ചിടാന്‍ ചില കേന്ദ്രങ്ങള്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കാരോപിക്കപ്പെട്ട് 2010 ആഗസ്റ്റ് 17ന് കര്‍ണാടക പോലീസ് അദ്ദേഹത്തെ അന്‍വാറുശ്ശേരിയിലുള്ള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോയി (ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മഅ്ദനിയെ അകറ്റുകയെന്ന ഗൂഢാലോചകരുടെ ലക്ഷ്യം പൂര്‍ത്തിയായി). ബംഗളൂരു സ്‌ഫോടനക്കേസിലെ ചില പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലെന്ന പേരിലാണ് അദ്ദേഹത്തെ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തിയാണ് മഅ്ദനിക്കെതിരെ തങ്ങളെക്കൊണ്ട് മൊഴി നടത്തിച്ചതെന്ന് പ്രതികളില്‍ പലരും കോടതിയെ അറിയിച്ചതോടെ അദ്ദേഹത്തെ പ്രതിയാക്കുന്നതിനു പിന്നിലെ ഗൂഢാലോചന വെളിപ്പെട്ടതാണെങ്കിലും കര്‍ണാടക സര്‍ക്കാറിന്റെ മനുഷ്യത്വ രഹിതമായ നിലപാട് കാരണം വിചാരണ പൂര്‍ത്തിയാക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ ഇതുവരെ സാധ്യമായിട്ടില്ല.
അപരാധിയെങ്കില്‍ കോടതി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി മഅ്ദനിക്ക് ശിക്ഷ വിധിക്കണം.
അല്ലെങ്കില്‍ അദ്ദേഹത്തെ വെറുതെ വിടണം. ഇത് രണ്ടിനും അനുവദിക്കാതെ ജീവിതകാലം മുഴുക്കെ അദ്ദേഹത്തെ ജയിലില്‍ തളച്ചിടുന്നതും പീഡിപ്പിക്കുന്നതും പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതും നീതിന്യായ മേഖലക്കു തന്നെ നാണക്കേടല്ലേ? ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയനുസരിച്ച് വിചാരണക്കു ശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടത്. പക്ഷേ, ഭരണകൂടത്തിന്റെ പ്രത്യേക താത്പര്യത്തിന്റെ പുറത്ത് വിചാരണക്കു മുമ്പ് തന്നെ ശിക്ഷിക്കപ്പെടുകയാണ് മഅ്ദനി. ഒരു വ്യക്തിയെ വിചാരണത്തടവുകാരനായി പത്ത് വര്‍ഷക്കാലം ജയിലിലടക്കാന്‍ ഏത് നീതിവ്യവസ്ഥയാണ് അനുമതി നല്‍കുന്നത്? മഅ്ദനി ജാമ്യത്തില്‍ കേരളത്തിലേക്ക് വന്നാല്‍ രാജ്യത്ത് കുഴപ്പങ്ങളുണ്ടാകുകയും ദേശീയ സുരക്ഷ അപകടത്തിലാകുകയും ചെയ്യുമത്രെ. കോടതിയുടെ മുമ്പാകെ മഅ്ദനിയുടെ ജാമ്യാപേക്ഷ വരുമ്പോഴൊക്കെ കര്‍ണാടക സര്‍ക്കാര്‍ ഇതാണ് കോടതി മുമ്പാകെ പറയാറുള്ളത്. പ്രായം ഏറെ ചെന്ന, രോഗങ്ങള്‍ കൊണ്ട് പാടേ അവശനായ ഒരു വ്യക്തി ഇനി എന്ത് കുഴപ്പങ്ങളുണ്ടാക്കാനാണ്? വന്‍ സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്കു വഴിമരുന്നിട്ട കൊടും കുറ്റവാളികളോടു പോലും ഭരണകൂടവും നീതിപീഠങ്ങളും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുമ്പോള്‍, മഅ്ദനിയുടെ കാര്യത്തിലെന്തേ ഇങ്ങനെയൊരു സമീപനം? കോയമ്പത്തൂര്‍ കേസില്‍ ഒമ്പതര വര്‍ഷം യാതൊരു തെറ്റും ചെയ്യാതെ മഅ്ദനിയെ ജയിലില്‍ കിടത്തിയതിന്റെ കുറ്റബോധമെങ്കിലും നീതിപീഠത്തിനും നിയമവ്യവസ്ഥക്കും ഇല്ലാതെ പോകുന്നതെന്തുകൊണ്ടാണ്?