National
പഞ്ചാബില്‍ ബി ജെ പി. എം എല്‍ എയെ തല്ലി കര്‍ഷകര്‍

ജലന്ധര്‍ | പഞ്ചാബില്‍ ബി ജെ പിയുടെ നിയമസഭാംഗത്തെ ഒരു സംഘം കര്‍ഷകര്‍ തല്ലി. അബോഹര്‍ മണ്ഡലം പ്രതിനിധി അരുണ്‍ നാരംഗിനാണ് മര്‍ദനമേറ്റത്. മുക്ത്‌സര്‍ ജില്ലയിലെ മലൂട്ടില്‍ വെച്ചായിരുന്നു സംഭവം.
പ്രാദേശിക നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഒരു സംഘം കര്‍ഷകര്‍ ഇദ്ദേഹത്തെ വളഞ്ഞ് ആദ്യം കറുത്ത മഷി വസ്ത്രത്തില്‍ എറിയുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരും പ്രാദേശിക നേതാക്കളും ചേര്‍ന്ന് എം എല്‍ എയെ ഒരു കടയിലേക്ക് കൊണ്ടുപോയി.
കുറച്ചുസമയം കഴിഞ്ഞ് എം എല്‍ എ പുറത്തുവന്നപ്പോള്‍ പ്രതിഷേധക്കാര്‍ എത്തി വസ്ത്രം കീറുകയും തല്ലുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ബി ജെ പി നേതാക്കളെ വാര്‍ത്താ സമ്മേളനത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരത്തിലാണ് പഞ്ചാബില്‍ നിന്നടക്കമുള്ള നിരവധി കര്‍ഷകര്‍.