Connect with us

Fact Check

FACT CHECK: മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേന്ദ്ര മന്ത്രിമാരുമായി യു എസ് പ്രതിരോധ സെക്രട്ടറി ചര്‍ച്ച ചെയ്തില്ലേ?

Published

|

Last Updated

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കേന്ദ്ര മന്ത്രിമാരുമായി മുസ്ലിംകള്‍ അടക്കമുള്ളവരുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന പ്രചാരണം ശക്തമാണ്. ദേശീയ ചാനലായ എന്‍ ഡി ടി വിയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: യു എസ് പ്രതിരോധ സെക്രട്ടറി ഇന്ത്യന്‍ മന്ത്രിമാരുമായി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തുവെന്ന ട്വീറ്റ് ഉപയോഗപ്പെടുത്തിയാണ് എന്‍ ഡി ടി വി റിപ്പോര്‍ട്ട് കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. എന്‍ ഡി ടി വി എന്നാല്‍ കള്ളവും വ്യാജ വാര്‍ത്തകളുമാണെന്ന് ട്വീറ്റുകളുണ്ട്. എന്‍ ഡി ടി വി അടച്ചുപൂട്ടണമെന്ന ഹാഷ്ടാഗിലാണ് ട്വീറ്റ്.

യാഥാര്‍ഥ്യം: മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ്, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്തുവെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതിന്റെ റിപ്പോര്‍ട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ( https://www.defense.gov/Newsroom/Transcripts/Transcript/Article/2544454/secretary-of-defense-lloyd-j-austin-iii-press-conference-in-new-delhi/ ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കാര്യമാണ് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ അടക്കമായിരുന്നു റിപ്പോര്‍ട്ട്.

മാര്‍ച്ച് 20ന് എ എന്‍ ഐയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പി ടി ഐയും സമാന റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ലോയ്ഡ് ഓസ്റ്റിന്‍ കേന്ദ്ര മന്ത്രിമാരുമായി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നുള്ള വാര്‍ത്ത മാർച്ച് 21ന് ഉന്നത സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ ട്വീറ്റ് ഉപയോഗിച്ചാണ് എന്‍ ഡി ടി വിക്കെതിരെയുള്ള പ്രചാരണം.

Latest