Kerala
കെ സി റോസക്കുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിവിട്ടു

കല്‍പ്പറ്റ കെ പി സി സി വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയും
വയനാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പ്രാഥമിക അംഗത്വം മുതല്‍ എല്ലാ പാര്‍ട്ടി പദവികളും ഒഴിയുന്നതായി റോസക്കുട്ടി അറിയിച്ചു. ഗ്രൂപ്പ് കളിയില്‍ മനംമടുത്താണ് തീരുമാനം. ഹൈക്കമാന്‍ഡ് മുതല്‍ ഗ്രൂപ്പ് വളര്‍ത്തുന്ന തിരക്കിലാണെന്നും റോസക്കുട്ടി പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ നടക്കുന്ന നിലപാടിലെ വീഴ്ചയിലും സ്ത്രീകളെ പാര്‍ട്ടി അവഗണിക്കുന്നതും ഇത്തരം ഒരു തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചു. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ബോധ്യമായെന്നും റോസക്കുട്ടി പറഞ്ഞു.
കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വയനാട്ടിലെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കരുണാകരന്റെ കാലം മുതല്‍ വയനാട് ജില്ലയിലെ അറിയപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു കെ സി റോസക്കുട്ടി. ബത്തേരിയില്‍ നിന്ന് നേരത്തെ നിയമസഭയിലെത്തിയ റോസക്കുട്ടി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായിരുന്നു.