Connect with us

Ongoing News

കെ ശിവദാസന്‍ നായരുടെ പത്രിക സ്വീകരിക്കുന്നതില്‍ തര്‍ക്കം

Published

|

Last Updated

പത്തനംതിട്ട | ആറന്മുള മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ ശിവദാസന്‍ നായരുടെ പത്രിക സ്വീകരിക്കുന്നതു സംബന്ധിച്ച് സൂക്ഷ്മപരിശോധനയില്‍ തര്‍ക്കം. സി പി എം ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ആദ്യം തര്‍ക്കം ഉന്നയിച്ചത്. നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സത്യവാങ്മൂലത്തില്‍ പറയുന്ന പല സംഗതികളും അസത്യമാണെന്ന് ശങ്കരന്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. 2016 വരെ എം എല്‍ എ ആയിരുന്ന ശിവദാസന്‍ നായര്‍ ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ വിവരം ചേര്‍ത്തിട്ടില്ലെന്നും നിയമസഭാംഗമെന്ന നിലയില്‍ എം എല്‍ എ ഹോസ്റ്റല്‍ ഉപയോഗിച്ചതടക്കമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ശങ്കരന്‍ ചൂണ്ടിക്കാട്ടി. ഉടമസ്ഥതയിലുള്ള വസ്തു, സ്വര്‍ണം ഇവയുടെ വില രേഖപ്പെടുത്തിയിരിക്കുന്നതിലെ അപാകതയും എതിര്‍ സത്യവാങ്മൂലത്തില്‍ എടുത്തുകാട്ടി.

എന്നാല്‍ ശിവദാസന്‍ നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. വി ആര്‍ സോജി ഇതിനെ എതിര്‍ത്തു. ജനപ്രാതിനിധ്യ നിയമവും വരണാധികാരികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉദ്ധരിച്ചാണ് അദ്ദേഹം വാദം തള്ളിയത്. പത്രിക സ്വീകരിക്കുന്നതായി വരണാധികാരി തീരുമാനം പറഞ്ഞതിനു പിന്നാലെ അഡ്വ.പീലിപ്പോസ് തോമസും തടസവാദം ഉന്നയിച്ചു. എന്നാല്‍, വരണാധികാരിയുടെ തീരുമാനം വന്ന സ്ഥിതിക്ക് തര്‍ക്കം ഇനി ഉന്നയിക്കാന്‍ പാടില്ലെന്ന് സോജി ആവശ്യപ്പെട്ടു.

Latest