Connect with us

Ongoing News

ഇ എം എസിനെ വിറപ്പിച്ച മണ്ഡല മാറ്റം

Published

|

Last Updated

പാലക്കാട്| ഇടത് കോട്ടയായ ആലത്തൂരിൽ കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇ എം എസ് ശങ്കരൻ നമ്പൂരിപ്പാടിന് പോലും കളം മാറി കളിച്ചതിനെ തുടർന്ന് വിയർക്കേണ്ടി വന്നിട്ടുണ്ട്. ഈ പാഠം ഉൾക്കൊണ്ടാണ് എത്ര ജനകീയ നേതാവായാൽ പോലും മണ്ഡലം മാറി മത്സരിക്കാൻ മടിക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മണ്ഡലം മാറി മത്സരിക്കാൻ ഹൈക്കമാൻഡ് തന്നെ തറപ്പിച്ച് പറഞ്ഞിട്ടും വിജയ പ്രതീക്ഷയെ സംബന്ധിച്ചുള്ള സംശയം മൂലമാണ് പിൻമാറേണ്ടി വന്നത്.

ഉമ്മൻ ചാണ്ടിക്കാകട്ടെ പുതുപ്പള്ളിയിലെ ജനങ്ങളെ വെച്ച് നാടകം കളിക്കേണ്ട സ്ഥിതിയുമുണ്ടായി. വലതുപക്ഷ നേതാക്കൾ മാത്രമല്ല, ഇടതുപക്ഷ നേതാക്കൾക്ക് പോലും ഇടത് കോട്ടയായാലും മണ്ഡലം മാറി കളിക്കാൻ ധൈര്യം പോരാ.
ഒരുപക്ഷേ, ആലത്തൂരിൽ ഇ എം എസിന് സംഭവിച്ചത് ആവർത്തിക്കുമോ എന്ന ഉൾഭയമായിരിക്കും അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ പ്രതിപക്ഷ നേതാവുമായിരുന്ന ഇ എം എസ് പട്ടാമ്പി മണ്ഡലത്തിലാണ് സ്ഥിരമായി മത്സരിച്ചിരുന്നത്. എന്നാൽ മണ്ഡലം മാറിയപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്ന ഇ എം എസ് രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ്.

1960 മുതൽ 77 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇ എം എസ് മത്സര രംഗത്തുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം മത്സരിച്ച് വിജയിച്ച് 1960, 1967ലും മുഖ്യമന്ത്രിയായി. 60, 69,70,77 കാലയളവിലെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് പ്രതിപക്ഷ നേതാവുമായി. 70 വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പട്ടാമ്പിയായിരുന്നു ഇ എം എസിന്റെ അങ്കത്തട്ട്. കൂടുതൽ സുരക്ഷിതമാണെന്ന് കരുതി 77ൽ ആലത്തൂരിൽ ഇ എം എസിനെ പാർട്ടി മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ആലത്തൂരിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ ഡി പ്രസേനന്റെ മുത്തച്ഛനായ ആർ കൃഷ്ണനായിരുന്നു ഇ എം എസ് എത്തുന്നത് വരെ മത്സരിച്ചത്.

വൻ ഭൂരിപക്ഷത്തോടെയായിരുന്നു കൃഷ്ണൻ വിജയിച്ചുവന്നത്. 77ൽ ഇ എം എസ് മത്സരിക്കാനെത്തിയപ്പോൾ ആരും അറിയാത്ത യുവാവായ വി എസ് വിജയരാഘവനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.
മണ്ഡലത്തിൽ ഇടതിന്റെ പ്രചാരണം കാടിളക്കി നടക്കുമ്പോഴും കെട്ടിവെച്ച പണം പോലും ലഭിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കോൺഗ്രസ്. വോട്ടെണ്ണൽ തുടങ്ങുന്നത് വരെ വി എസ് വിജയരാഘവൻ തിരഞ്ഞെടുപ്പ് ചിത്രത്തിലുണ്ടായിരുന്നില്ല. വിജയിക്കുമെന്നതിനേക്കാൾ ഇ എം എസിന്റെ റെക്കോർഡ് ഭൂരിപക്ഷം അറിയാനായിരുന്നു സഖാക്കളുടെ തിടുക്കം. എത്ര ഉന്നത നേതാവ് മത്സരിച്ചാലും ആലത്തൂരിൽ മറിച്ചൊരു ഫലം പ്രതീക്ഷിക്കാത്ത കോൺഗ്രസ് പ്രവർത്തകർ ആരും തന്നെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്തുണ്ടായിരുന്നില്ല. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഇ എം എസ് ആദ്യം ലീഡ് ചെയ്തു. തുടർന്ന് വോട്ടുകൾ കുറയുകയും ചെയ്തു. പലപ്പോഴും മണ്ഡലത്തിലെ ചരിത്രത്തിലാദ്യമായി വി എസ് വിജയരാഘവന്റെ ലീഡ് ഉയർന്നതോടെയാണ് ചരിത്രം വഴിമാറിയത്.

വോട്ടെണ്ണൽ അവസാനിക്കുന്നത് വരെ പിരിമുറക്കമായിരുന്നു ഇ എം എസിന്റെ മുഖത്ത്. അവസാനം 1,999 വോട്ടുകൾ നേടി വിജയിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് മുഖത്തെ മ്ലാനത മാറിയത്.

വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഇ എം എസ് നേരെ പോയത് എതിർ സ്ഥാനാർഥിയായ വി എസ് വിജയരാഘവന്റെ അടുത്താണ്. ഇത് തന്റെ വിജയമല്ല. യഥാർഥത്തിൽ വിജയിച്ചത് വി എസായിരുന്നുവെന്നായിരുന്നു ഇ എം എസിന്റെ വാദം. ആലത്തൂരിലെ തിരഞ്ഞെടുപ്പിന് ശേഷം 1998 മാർച്ച് 19ന് മരിക്കുന്നത് വരെ പിന്നീട് ഒരിക്കലും മത്സര രംഗത്ത് വരാതെ ഇ എം എസ് പാർട്ടിയെ നയിക്കുക മാത്രമാണ് ചെയതത്.

Latest