Covid19
പാരീസില്‍ ഇന്ന് മുതല്‍ ഒരു മാസം ലോക്ക്ഡൗണ്‍

പാരീസ് | കൊവിഡിന്റെ മൂന്നാം വരവില്‍ വൈറസ് വ്യാപനം തീവ്രമായതോടെ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് വീണ്ടും ലോക്ക്ഡൗണിലേക്ക്. ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഇതിനൊപ്പം രാജ്യത്തെ മറ്റ് 15 പ്രദേശങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
മുമ്പ് ഉണ്ടായിരുന്നതുപോലെ കര്‍ശനമായ ലോക്ഡൗണ്‍ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞു. പാരീസിലെ സ്ഥിത ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്‍ പറഞ്ഞു. 1,200 പേരോളം ഐ സിയുവിലാണ്. നംവബറില്‍ ഉയര്‍ന്നുവന്ന രണ്ടാം തരംഗത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പാരീസിലെ രോഗബാധിതരുടെ എണ്ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിയന്ത്രണങ്ങള്‍ എല്ലാം അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നില്ല. അത്യാവശ്യ വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും. സ്‌കൂളുകളും അടക്കില്ല. എന്നാല്‍ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര പാടില്ല. ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ യാത്ര ചെയ്യാന്‍ കാരണം കാണിക്കണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 35,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.