Connect with us

Ongoing News

ഇന്നലെകളിലൂടെ...

Published

|

Last Updated

1956ൽ കേരള സംസ്ഥാന രൂപവത്കരണത്തിന് ശേഷം ഇതുവരെ 14 നിയമസഭകളാണ് രൂപവത്കരിക്കപ്പെട്ടത്. ഇക്കാലയളവിൽ 15 പൊതു തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും 1965ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട് മന്ത്രിസഭ രൂപവത്കരിക്കാനാകാത്തതിനാൽ നിയമസഭ പിരിച്ചുവിടുകയായിരുന്നു. 22 മന്ത്രിസഭകളാണ് ഇക്കാലയളവിൽ രൂപവത്കരിക്കപ്പെട്ടത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്കൊരു എത്തിനോട്ടം.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ (1957- 59)

1957 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഏഷ്യയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നു.
മന്ത്രിസഭയിൽ ഇം എം എസിനെ കൂടാതെ പത്ത് പേർ. 126 സീറ്റിലേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി- 60, കോൺഗ്രസ്- 43, പി എസ് പി- ഒമ്പത്, മുസ്‌ലിം ലീഗ്- എട്ട്, സ്വതന്ത്രർ (കമ്മ്യൂണിസ്റ്റ്)- അഞ്ച്, സ്വതന്ത്രൻ- ഒന്ന്, നാമനിർദേശം- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
ആർ ശങ്കരനാരായണൻ തമ്പിയായിരുന്നു സ്പീക്കർ. പ്രതിപക്ഷം നടത്തിയ വിമോചന സമരത്തെ തുടർന്ന് 1959 ജൂലൈ 31ന് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി.

അവിശ്വാസത്തിൽ വീണു (1960-1964)

രാഷ്ട്രപതിഭരണത്തിലിരിക്കെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും പി എസ് പിയും മുസ്‌ലിം ലീഗും ഒന്നിച്ചാണ് മത്സരിച്ചത്. പി എസ് പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് ആർ ശങ്കർ ഉപമുഖ്യമന്ത്രിയുമായി. മുസ്‌ലിം ലീഗിനെ മന്ത്രിസഭയിൽ എടുക്കുന്നതിനെ കോൺഗ്രസ് അഖിലന്ത്യാ നേതൃത്വം എതിർത്തതിനെ തുടർന്ന് ലീഗ് നേതാവ് കെ എം സീതി സാഹിബിനെ സ്പീക്കറാക്കി. 1962ൽ പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായതിനെ തുടർന്ന് ആർ ശങ്കർ മുഖ്യമന്ത്രിയായി. അധികാര വടംവലിയും കോൺഗ്രസിലെ ഭിന്നിപ്പും കാരണം 1964ൽ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ടു. കേരളം വീണ്ടും രാഷ്ട്രപതിഭരണത്തിൽ.

മന്ത്രിസഭയില്ല (1965)

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പ്. പി ടി ചാക്കോയുടെ മരണത്തെ തുടർന്ന് കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസിനും വഴിവെച്ചു. തിരഞ്ഞെടുപ്പിൽ സി പി എം (സ്വതന്ത്രർ ഉൾപ്പെടെ 44) ഏറ്റവും വലിയ കക്ഷിയായി. സി പി ഐ (മൂന്ന്), കോൺഗ്രസ് (36), ലീഗ് (ആറ്), സ്വതന്ത്ര പാർട്ടി (ഒന്ന്), കേരള കോൺഗ്രസ് (24), എസ് എസ് പി (13) എന്നിങ്ങനെയായിരുന്നു കക്ഷിനില.
സി പി എമ്മും കേരള കോൺഗ്രസും ശക്തി തെളിയിച്ച ഈ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സത്യപ്രതിജ്ഞക്ക് മുമ്പ് സഭ പിരിച്ചുവിട്ടു. വീണ്ടും രാഷ്ട്രപതിഭരണത്തിലേക്ക്.


സപ്തകക്ഷി മുന്നണി (1967-1970)

മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ട തിരഞ്ഞെടുപ്പ്. സി പി എം, സി പി ഐ, മുസ്‌ലിം ലീഗ്, ആർ എസ് പി, എസ് എസ് പി, കെ എസ് പി, കെ ടി പി എന്നീ പാർട്ടികൾ ചേർന്ന് സപ്തമുന്നണി രൂപവത്കരിച്ചു. കേരള കോൺഗ്രസും പി എസ് പിയും സ്വതന്ത്ര പാർട്ടിയും കൂട്ടുകക്ഷിയായി. കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചു.

സി പി എം നില മെച്ചപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഇ എം എസ് മന്ത്രിസഭ അധികാരത്തിലെത്തി. ഡി ദാമോദരൻ പോറ്റിയെ സ്പീക്കറായി തിരഞ്ഞെടുത്തു. മുന്നണിബന്ധങ്ങളിലുണ്ടായ ധ്രുവീകരണത്തെ തുടർന്ന് മന്ത്രിസഭ 1969 ഒക്ടോബർ 24ന് രാജിവെച്ചു. സി പി ഐ നേതാവ് സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സ്ഥാനാരോഹണത്തിന് വഴിയൊരുങ്ങി. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം 1970 ജൂൺ 26ന് നിയമസഭ പിരിച്ചുവിട്ടു. രാഷ്ട്രപതിഭരണത്തിന് കീഴിലേക്ക് കേരളം നീങ്ങി.

കളം മാറി സി പി ഐ (1970- 1977)

കോൺഗ്രസ്, മുസ്‌ലിം ലീഗ്, പി എസ് പി, ആർ എസ് പി. എന്നീ കക്ഷികൾ ചേർന്ന കോൺഗ്രസ് ഐക്യമുന്നണിക്കൊപ്പമായിരുന്നു സി പി ഐ. സി പി എം, എസ് എസ് പി, ഐ എസ് പി, കെ ടി പി, കെ എസ് പി എന്നീ കക്ഷികൾ ഇടതുപക്ഷ മുന്നണിയായും കേരള കോൺഗ്രസും സംഘടന കോൺഗ്രസും പ്രത്യേക ജനാധിപത്യ മുന്നണിയായും തിരഞ്ഞെടുപ്പിനെ നേരിട്ടു. 79 സീറ്റ് നേടി സി അച്യുത മേനോന്റെ നേതൃത്വത്തിൽ ഐക്യമുന്നണി അധികാരത്തിലെത്തി.
അടിയന്തിരാവസ്ഥ കാലത്തിലൂടെയാണ് അച്യുത മേനോൻ മന്ത്രിസഭ കടന്നുപോയത്. മൂന്ന് തവണയായി ആറ് മാസം വീതം 1977 മാർച്ച് വരെ സർക്കാറിന്റെ കാലാവധി നീട്ടി.

രാജിയും വീഴ്ചയും (1977-1979)

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ 111 സീറ്റ് നേടി ഐക്യജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലെത്തി. കെ കരുണാകരൻ മുഖ്യമന്ത്രിയായി.
അടിയന്തരാവസ്ഥക്കാലത്ത് തടങ്കലിലാക്കിയ എൻജിനീയറിംഗ് വിദ്യാർഥി രാജനെ ഹാജരാക്കാൻ പിതാവ് ഈച്ചരവാര്യർ നൽകിയ ഹരജിയിലെ വിധിയെ തുടർന്ന് കെ കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഏപ്രിലിൽ എ കെ ആന്റണി മുഖ്യമന്ത്രിയായെങ്കിലും ചിക്കമംഗളൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി സ്ഥാനാർഥിയായതിൽ പ്രതിഷേധിച്ച് 1978 ഒക്ടോബറിൽ ആന്റണി രാജിവെച്ചു. സി പി ഐയുടെ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായി. ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്ന തീരുമാനപ്രകാരം കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പി കെ വാസുദേവൻ നായർ രാജിവെച്ചു. മുസ്‌ലിം ലീഗിലെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സർക്കാർ നിലവിൽ വന്നെങ്കിലും മുന്നണിക്കുള്ളിലെ വിഷയങ്ങൾ കാരണം സർക്കാർ രാജിവെച്ചു. വീണ്ടും രാഷ്ട്രപതിഭരണത്തിലേക്ക്.

ഇടതിന് മേൽക്കൈ (1980-1982)

ഇടതുമുന്നണി വ്യക്തമായ മേൽക്കൈ (93 സീറ്റ്) നേടിയ തിരഞ്ഞെടുപ്പിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലെത്തി. സി പി എം (35), കോൺഗ്രസ് യു (21), സി പി ഐ (17), കേരള കോൺഗ്രസ് എം(എട്ട്), ആർ എസ് പി (ആറ്), അഖിലേന്ത്യാ ലീഗ് (അഞ്ച്) എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ കക്ഷിനില. കോൺഗ്രസ് (17), ലീഗ് (14), കേരള കോൺഗ്രസ് ജെ (ആറ്), ജനതാ പാർട്ടി (അഞ്ച്), എൻ ഡി പി (അഞ്ച്), പി എസ് പി (ഒന്ന്) എന്നായിരുന്നു ഐക്യജനാധിപത്യമുന്നണി നേടിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ എത്തിയതിനെ തുടർന്ന് ഇടതുപക്ഷത്തിനുള്ള പിന്തുണ ആന്റണി കോൺഗ്രസ് പിൻവലിച്ചു. കേരള കോൺഗ്രസ് എമ്മും പിന്തുണ പിൻവലിച്ചതോടെ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും കേരള കോൺഗ്രസ് എമ്മും ഐക്യമുന്നണിയിൽ എത്തിയതിനെ തുടർന്ന് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റു. അവിശ്വാസ പ്രമേയത്തിൽ കേരള കോൺഗ്രസ് (എം) അംഗം ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് കരുണാകരൻ രാജിവെച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി.

വീണ്ടും കരുണാകരൻ (1982-1987)

ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ 1982 മേയ് 24ൽ അധികാരത്തിലെത്തി. സി എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായി. സർക്കാർ കാലാവധി പൂർത്തിയാക്കി.

ബദൽരേഖാ വിവാദം (1987-1991)

ബദൽരേഖാ വിവാദത്തെ തുടർന്ന് എം വി രാഘവനെ സി പി എം പുറത്താക്കി. സി എം പി രൂപവത്കരിച്ച് എം വി രാഘവൻ യു ഡി എഫിലെത്തി. വലിയ ഭൂരിപക്ഷത്തോടെയാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയത്. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ശേഷിക്കെ മന്ത്രിസഭ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു.

പാളിയ പ്രതീക്ഷ (1991-1996)

ലോക്‌സഭക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താൻ നായനാർ സർക്കാർ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ കെ കരുണാകരന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി.
ചാരക്കേസിനെ തുടർന്നുള്ള വിവാദങ്ങളെ തുടർന്ന് കരുണാകരൻ സർക്കാർ 1995 മാർച്ച് 16ന് രാജിവെച്ചു. കേന്ദ്ര സിവിൽ സപ്ലൈസ് മന്ത്രിസ്ഥാനം രാജിവെച്ച് എത്തിയ എ കെ ആന്റണി മുഖ്യമന്ത്രിയായി. രാജ്യസഭാ അംഗത്വം രാജിവെച്ച് ആന്റണി തിരൂരങ്ങാടിയിൽ മത്സരിച്ച് വിജയിച്ചു.

ഗൗരിയമ്മയും ജെ എസ് എസും (1996-2001)

ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭ അധികാരത്തിലെത്തി. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വി എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടതോടെയാണ് എം എൽ എ അല്ലായിരുന്ന ഇ കെ നായനാർ മുഖ്യമന്ത്രി ആയത്. 1996 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് ഇ കെ നായനാർ വിജയിച്ചു. കെ ആർ ഗൗരിയമ്മയെ സി പി എമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ജെ എസ് എസ് രൂപവത്കരിച്ച് യു ഡി എഫിന്റെ ഭാഗമായി.

പതിനൊന്നാം നിയമസഭ (2001- 2006)

എ കെ ആന്റണിയുടെ നേതൃത്വത്തിൽ ഐക്യ ജനാധിപത്യ മുന്നണി 99 സീറ്റ് നേടി അധികാരത്തിൽ. ഇടതുമുന്നണിക്ക് 40 സീറ്റാണ് ലഭിച്ചത്. കെ കരുണാകരന്റെ സമ്മർദത്തെ തുടർന്ന് മകൻ കെ മുരളീധരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.2004ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫിന് കനത്ത പരാജയം സംഭവിച്ചതിനെ തുടർന്ന് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിലെത്തി.


ആരോഹണം അവരോഹണം (2006-2011)

98 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി. യു ഡി എഫിന് 42 സീറ്റാണ് ലഭിച്ചത്. വിമാനയാത്ര അപഖ്യാതിയെ തുടർന്ന് പി ജെ ജോസഫ് രാജിവെച്ചു. അതിനുശേഷം സത്യപ്രതിജ്ഞ ചെയ്ത ടി യു കുരുവിള ഭൂമി സംബന്ധമായ അഴിമതി ആരോപണത്തെ തുടർന്നും രാജിവെച്ചു. പി ജെ ജോസഫിന് സത്യപ്രതിജ്ഞ ചെയ്യാൻ മന്ത്രി മോൻസ് ജോസഫിന്റെ രാജി, കേരള കോൺഗ്രസ് എമ്മിൽ ലയിക്കാൻ പിന്നീട് പി ജെ ജോസഫിന്റെ രാജി, ജനതാദളിലെ പ്രശ്‌നങ്ങളുടെ പേരിൽ മന്ത്രി മാത്യു ടി തോമസിന്റെ രാജിയും ജോസ് തെറ്റയിലിന്റെ സത്യപ്രതിജ്ഞയും പ്രധാന സംഭവങ്ങളായി.


പതിമൂന്നാം നിയമസഭ (2011-2016)

72 സീറ്റോടെ യു ഡി എഫ് മുന്നിലെത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. എൽ ഡി എഫ് 68 സീറ്റ് നേടി. ബി ജെ പി രണ്ട് നിയോജക മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. ടി എം ജേക്കബിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ അനുപ് ജേക്കബ് സഭയിലെത്തി.

പതിനാലാം നിയമസഭ (2016- 2021)

ഇടതുമുന്നണി 91 സീറ്റ് നേടി അധികാരത്തിലെത്തി. യു ഡി എഫ് 47 സീറ്റിൽ ഒതുങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിൽ 19 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

---- facebook comment plugin here -----

Latest