Connect with us

Articles

ഐ ടി റൂള്‍സ് 2021: നിശ്ശബ്ദമാക്കാനുള്ള നിയന്ത്രണങ്ങള്‍

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം പഴയ കൊട്ടാരക്കവി മാതൃകയില്‍ ഭരണകൂടത്തെ സുഖിപ്പിക്കാന്‍ വാതുറക്കുകയോ അല്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ചെയ്യുക എന്നതല്ല. ജനാധിപത്യം വലിയ തുറവിയാണ്. അവിടെ തെറ്റായ ഭരണകൂട നടപടികളെ വിമര്‍ശിക്കാതിരിക്കുന്നത് പോലും അതിനെ ദുര്‍ബലപ്പെടുത്തുന്നതും ശരിയായ പൗരബോധം സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവുമാണ്. വിമര്‍ശം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെങ്കില്‍ മൗനം അപരാധവും അപകടകരവുമാണ്. പൗര സമൂഹത്തിന്റെ മൗനം പോലും ജനാധിപത്യവിരുദ്ധ സമീപനമാണെന്ന ആദര്‍ശ പരിസരത്താണ് മിണ്ടിയാല്‍ രാജ്യദ്രോഹ മുദ്ര ചാര്‍ത്തി തുറുങ്കിലടക്കുന്നത്. അത് പൂര്‍ണ തോതില്‍ പ്രതിലോമകരമായ ഫാസിസ്റ്റ് നടപടിയാണെന്ന് പേര്‍ത്തും പേര്‍ത്തും പരസ്പരം ഓര്‍മപ്പെടുത്തി മുന്നോട്ടുപോകേണ്ട ഒരു കാലസന്ധിയിലാണ് ജനാധിപത്യ ഇന്ത്യ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.

ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ കുതറി മാറുന്ന വിശാല ജനാധിപത്യ ഇടമായി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോഴും തുടരുന്നത് ഭരണകൂടത്തിന് ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്. രാജ്യത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോഴും നിലക്കാത്ത ജനാധിപത്യ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണതെന്ന് മാലോകരെ ബോധ്യപ്പെടുത്തുന്നതില്‍, അതിന് അന്താരാഷ്ട്ര പിന്തുണ നേടാനായതില്‍, സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. ആയതിനാല്‍ ഡിജിറ്റല്‍ മീഡിയയുടെ വലിയ ജനാധിപത്യ സാധ്യതയെ പൂട്ടാനുള്ള പുതിയ തുരുപ്പുചീട്ടാണ് ഫെബ്രുവരി 25ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഐ ടി റൂള്‍സ് 2021. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്്ദേകര്‍, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുതിയ ഐ ടി റൂള്‍സ് വിളംബരപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളെയും ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ അടക്കമുള്ള ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുവന്നതാണ് ചട്ടങ്ങള്‍.

അടിസ്ഥാന നിയമ(Parent Act)ത്തിന്‍ മേല്‍ ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം എക്‌സിക്യൂട്ടീവിനാണ്. പക്ഷേ അത് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ളതല്ല. പാര്‍ലിമെന്ററി പരിശോധനക്ക് വിധേയമാണ് അത്തരം റൂളുകള്‍. എന്നാല്‍ പ്രസ്താവിത ഐ ടി റൂള്‍സില്‍ പാര്‍ലിമെന്ററി പരിശോധന നടന്നിട്ടില്ലെന്ന് പറയുമ്പോള്‍ ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയും പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കിയും തങ്ങളുടെ പതിവ് രീതി തന്നെ തുടരുന്നു കേന്ദ്ര സര്‍ക്കാര്‍ എന്ന് തന്നെ മനസ്സിലാക്കണം.

ഓണ്‍ലൈന്‍ ന്യൂസ് മീഡിയയെ നിയന്ത്രിക്കാനും സെന്‍സര്‍ ചെയ്യാനുമുള്ള വിശാലമായ അധികാരമാണ് ഐ ടി റൂള്‍സ് കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നത്. അടിയന്തര ഘട്ടത്തില്‍ ചില പ്രത്യേക ഉള്ളടക്കങ്ങള്‍ പൊതു ധാരയിലേക്ക് വരുന്നത് നേരിട്ട് തടയാനുള്ള അധികാരം കേന്ദ്ര വാര്‍ത്താവിതരണ സെക്രട്ടറിക്ക് വകവെച്ചു നല്‍കുന്നുമുണ്ട്. പുതിയ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിന്റെ ഭാഗമായി ഡിജിറ്റല്‍ മീഡിയയിലെ ഉപഭോക്താക്കള്‍ക്ക് പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പലയിടത്തും മുറിവേല്‍പ്പിക്കുന്നുണ്ടെന്ന വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ “യു പി എ സി ജിഹാദ്” നടക്കുന്നു എന്ന അടിസ്ഥാനരഹിത ആരോപണം ഉള്ളടക്കമാക്കി സുദര്‍ശന്‍ ടി വി ന്യൂസ് പ്രോഗ്രാം നടത്തിയത് വിവാദമായപ്പോള്‍ പ്രോഗ്രാം സിരീസിലെ അവസാന ചില എപ്പിസോഡുകള്‍ കാണിക്കുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ചിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള തങ്ങളുടെ അദമ്യമായ അഭിലാഷം പ്രകടിപ്പിക്കുകയായിരുന്നു ഭരണകൂടം ചെയ്തത്. സുദര്‍ശന്‍ ടി വിയുടെ മുസ്‌ലിം വിരുദ്ധ പ്രചാരണം തടയേണ്ടതല്ലേ എന്ന ചോദ്യത്തിന് അരിയെത്ര പയറഞ്ഞാഴി എന്ന മട്ടില്‍ ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മീഡിയയെയാണ് എന്നായിരുന്നു മറുപടി. സുപ്രീം കോടതി ആരാഞ്ഞ വിഷയത്തില്‍ തന്ത്രപരമായ മൗനം ദീക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ ഊന്നിയത് ഡിജിറ്റല്‍ മീഡിയയുടെ നിയന്ത്രണത്തിലാണെങ്കില്‍ അതിന്റെ യഥാര്‍ഥ രൂപമാണിപ്പോള്‍ ഐ ടി റൂള്‍സിലൂടെ പുറത്തുവന്നിരിക്കുന്നത്.

അടിസ്ഥാന നിയമത്തിനാണ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നത്. അത് രൂപവത്കരിക്കാനുള്ള അധികാരം സര്‍ക്കാറിനാണെങ്കിലും അടിസ്ഥാന നിയമത്തിന്റെ ലക്ഷ്യപരിധിക്കപ്പുറത്തേക്ക് റൂള്‍സ് നിര്‍മിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ല. നിയമനിര്‍മാണ സഭ ഉദ്ദേശിച്ച നിയമപ്പൊരുള്‍ മറികടക്കും വിധം ചട്ടങ്ങള്‍ ഉണ്ടാക്കി എക്‌സിക്യൂട്ടീവ് അധികാര ദുരുപയോഗം നടത്തരുതെന്ന് 1975ലെ സുഖ്‌ദേവ് സിംഗ് കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
രണ്ടായിരത്തിലെ ഐ ടി ആക്ട് ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കൊണ്ടുവന്നതല്ല. ആ അര്‍ഥത്തില്‍ ആക്ടില്‍ ഡിജിറ്റല്‍ മീഡിയയെ നിര്‍വചിച്ചിട്ടു പോലുമില്ല. എന്നിരിക്കെ ഐ ടി ആക്ടിന്‍ മേലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടുവന്ന ചട്ടങ്ങള്‍ ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കുന്നതാകുന്നത് നിയമ വിധേയമല്ല. അടിസ്ഥാന നിയമം അനുവദിക്കുന്ന പരിധിക്കപ്പുറത്തേക്ക് കടന്നുള്ള ചട്ട രൂപവത്കരണം അധികാര ദുര്‍വിനിയോഗവും അമിതാധികാര പ്രയോഗവുമാണെന്ന് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ നിരീക്ഷിച്ചിട്ടുണ്ട്.

അടിസ്ഥാന നിയമത്തിന് തയ്യാറാക്കുന്ന ചട്ടങ്ങള്‍ക്ക് നിയമത്തിന്റെ തുല്യ ഫലമുണ്ടാകണമെങ്കില്‍ രണ്ട് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ഏത് അടിസ്ഥാന നിയമത്തിന് കീഴിലാണോ ചട്ടം രൂപവത്കരിച്ചത് പ്രസ്തുത നിയമത്തിലെ വകുപ്പുകളോട് ചട്ടം യോജിക്കണമെന്നതാണ് അതിലൊന്ന്. ചട്ടം രൂപവത്കരിക്കുന്ന അധികാര കേന്ദ്രത്തിന് അതിനുള്ള അവകാശമുണ്ടായിരിക്കണം എന്നത് രണ്ടാമത്തേതുമാണ്. ഇവ രണ്ടും പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ രൂപവത്കരിച്ച ചട്ടം അസാധുവാണെന്നാണ് നിയമം. അങ്ങനെ വരുമ്പോള്‍ ഐ ടി ആക്ടിനെ ഹൈജാക്ക് ചെയ്യുന്ന വിചിത്ര ചട്ടം അസാധുവായിരിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവാദ ഐ ടി റൂള്‍സ് വ്യത്യസ്ത മാനങ്ങളില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും മുന്‍നിര്‍ത്തി, വലിയ അളവില്‍ വാണിജ്യവത്കരിക്കപ്പെട്ട ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ് ഐ ടി റൂള്‍സ് എന്നത് നിഷേധിക്കുന്നില്ല. കൊവിഡ് മഹാമാരിക്കാലത്ത് ഓരോരുത്തരുടെയും ജീവിത വ്യവഹാരങ്ങളുമായി പൂര്‍വാധികം അഭേദ്യ ബന്ധം സ്ഥാപിച്ചിട്ടുണ്ട് സാമൂഹിക മാധ്യമങ്ങള്‍. ലോകമൊന്നാകെ അടച്ചുപൂട്ടപ്പെട്ടപ്പോഴും തുറന്നു കിടന്നിരുന്ന ലോകം സാമൂഹിക മാധ്യമങ്ങളുടേതായിരുന്നു. കൂടുതല്‍ ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഇടം കൂടിയാണല്ലോ അത്. അത്തരം ഇടങ്ങളെ ചുരുക്കിക്കെട്ടുന്ന നിര്‍ണായക ഭരണകൂട നീക്കങ്ങള്‍ രാജ്യത്ത് നടക്കുമ്പോഴും മുഖ്യധാരയില്‍ വേണ്ടവിധം അത് ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നത് ആശാവഹമല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യം ഇന്ത്യയാണെന്നതു കൂടെ ചേര്‍ത്തു വായിക്കണം. അപ്പോള്‍ ഏത് ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് എളുപ്പം ബോധ്യമാകും.

---- facebook comment plugin here -----

Latest