വിശ്വസ്തത

Posted on: March 14, 2021 11:23 am | Last updated: March 14, 2021 at 11:24 am

വിശ്വസ്തതയും സത്യസന്ധതയും ഉത്തരവാദിത്വബോധവും മൂല്യമുള്ള മനുഷ്യന്റെ മുഖമുദ്രയാണ്. ബന്ധങ്ങൾ സുദൃഢമാകുന്നതിന്റെ അടിസ്ഥാന ശിലയാണത്. പരസ്പര വിശ്വാസവും സഹകരണവുമുണ്ടാകുമ്പോഴാണ് സ്‌നേഹവും സമാധാനവും സന്തോഷവും നിര്‍ഗളിക്കുന്ന ബന്ധങ്ങളുണ്ടാകുന്നത്. താത്കാലിക ലാഭത്തിനുവേണ്ടി ചതിയും ചൂഷണവും തൊഴിലാക്കി ലാഘവത്തോടെ ബന്ധവിഛേദനം നടത്തുന്നവരുണ്ട്. അത് മനുഷ്യന്റെ അന്തസ്സിനെയും അഭിമാനത്തെയും ആഭിജാത്യത്തെയും തകർക്കുന്നു.

സാമൂഹിക ജീവിയായ മനുഷ്യൻ ആശയ വിനിമയം നടത്തുമ്പോൾ ഉരുവിടുന്നതിലധികവും ഓരോ വാഗ്ദാനങ്ങളാണ്. അറിഞ്ഞോ അറിയാതെയോ അപരന്റെ സംസാരത്തിനനുസൃതമായി വാക്കുകൾ കൊടുക്കുന്നു. ചിലപ്പോൾ താത്കാലിക സുരക്ഷക്ക് വേണ്ടിയോ മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടിയോ ആകാം. അത്തരം വാക്കുകളിൽ പ്രതീക്ഷയർപ്പിക്കുന്നവർ നടപ്പാക്കുമെന്ന് പറഞ്ഞ സമയം കാത്തിരിക്കും. പക്ഷേ, വാഗ്്ദത്വ സമയമെത്തുമ്പോൾ പലരും ബന്ധങ്ങൾ വിഛേദിക്കുകയും അപ്രത്യക്ഷമാവുകയും അസഭ്യം പറയുകയും ചെയ്യുന്നു. വാഗ്ദാനങ്ങൾ നിറവേറ്റാത്ത പക്ഷം അത്തരക്കാരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. അങ്ങനെ വ്യക്തിഗത വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ സമൂഹത്തിന്റെ തന്നെ വിശ്വാസ്യതയില്ലാതാകുന്നു. അത്തരം ദുഷിച്ച സമൂഹത്തിലായിരിക്കും ലോകാവസാനം വന്ന് ഭവിക്കുകയെന്ന് ഹദീസിലുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: “ഒരാള്‍ നബി(സ)യെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം സംഭവിക്കും. ആഗതന്‍ ചോദിച്ചു; അതെങ്ങനെയാണ് നഷ്ടപ്പെടുക? പ്രവാചകൻ (സ) പറഞ്ഞു: അനര്‍ഹരെ കാര്യങ്ങളേൽപ്പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.’ (ബുഖാരി)

സ്വന്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുമ്പോഴും പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വിശ്വാസ്യത പ്രതിഫലിപ്പിക്കാന്‍ കഴിയണം. വർത്തമാനകാലത്ത് വിശ്വാസ്യതയും കരാർ പാലനവും നന്നേ കുറഞ്ഞുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ രംഗവും സാമ്പത്തിക മേഖലയും കച്ചവട ഇടങ്ങളും ഇന്ന് ചതിയുടെയും വഞ്ചനയുടെയും കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്നു. പൊതുസമൂഹത്തിന്റെ പ്രതീക്ഷക്കും താത്പര്യങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ പണക്കൂമ്പാരത്തിന് മുമ്പിൽ ഏത്തമിടാൻ പോലും സന്നദ്ധരാകുന്നു. അധ്വാനമില്ലാതെ ധനാഠ്യനാകണമെന്ന വ്യാമോഹമാണ് പലർക്കുമുള്ളത്. സമൂഹത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് കൈക്കൂലിയും അഴിമതിയും സ്വജനപക്ഷവാദവും വർധിക്കുകയെന്നത്. അർഹരുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ട് അന്യായമായി കാര്യങ്ങൾ നേടിയെടുക്കുന്നു. കൈക്കൂലിയും അഴിമതിയും വർധിക്കുമ്പോൾ സമൂഹത്തിൽ ധാർമികതയും നൈതികതയും അസ്തമിക്കുന്നു. അതോടെ ഭയമോ നിയമവ്യവസ്ഥയോട് ബഹുമാനമോ ഇല്ലാത്ത സമൂഹം രൂപപ്പെടുന്നു. വ്യാപാര വാണിജ്യ മേഖലകളിൽ പ്രത്യക്ഷവും പരോക്ഷവുമായ ധാരാളം ചതിപ്രയോഗങ്ങളുണ്ട്. നൂറുകണക്കിന് ബിസ്‌നസ് മോഡലുകള്‍ അനുദിനം രൂപപ്പെടുകയും പലജാതി പേരുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് അതിലേറെ ചതിക്കുഴികളും പതിയിരിക്കുന്നു.

“സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അന്ത്യദിനത്തില്‍ രക്തസാക്ഷികളോടൊപ്പമാണ്’ എന്ന തിരുവചനം എത്ര പ്രസക്തമാണ്. വിശ്വസ്തത നഷ്ടപ്പെടുന്ന ഒരു കാലം വരുമെന്ന് തിരുനബി(സ) പ്രതിവചിച്ചിട്ടുണ്ട്. ഉള്ളില്‍ നനഞ്ഞ ധാന്യവും പുറമെ ഉണങ്ങിയതുമിട്ട് വിൽപ്പനക്ക് വെച്ചിരിക്കുന്നത് നബി(സ) യുടെ ദൃഷ്ടിയിൽപ്പെട്ടപ്പോള്‍ ‘ഉള്ളിലുള്ളത് നീ എന്തുകൊണ്ട് പുറത്തു കാണിച്ചില്ല?’ എന്ന് വളരെ ഗൗരവ സ്വരത്തില്‍ ചോദിച്ചുകൊണ്ട് നബി(സ) ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: ‘നമ്മെ ചതിച്ചവന്‍ നമ്മി ൽപ്പെട്ടവനല്ല’ (മുസ്്ലിം).

ALSO READ  സമൂഹ മാധ്യമങ്ങളിലെ വോട്ടിംഗ് ട്രൻഡ്

പ്രാചീന ഇറാഖിയൻ ചരിത്രത്തിൽ ഹൃദയസ്പൃക്കായ ഒരു കഥയുണ്ട്. ഇറാഖിലെ ഹീറാൻ പ്രദേശത്തെ ഭരണാധികാരിയായിരുന്ന അബൂഖാബൂസ് നുഅമാനുബ്നു മുൻദിറിന് വർഷത്തിൽ രണ്ട് വിശേഷ ദിവസങ്ങളുണ്ടായിരുന്നു. ഒന്ന് കരുണ്യത്തിന്റെയും മറ്റൊന്ന് നിഗ്രഹത്തിന്റെയും. അനുഗ്രഹ ദിവസം കണ്ടു മുട്ടുന്നവർക്കെല്ലാം സർവവിധ ഐശ്വര്യങ്ങളും ചൊരിയും. നിഗ്രഹ ദിവസത്തിലാകട്ടെ, കൺമുമ്പിലെത്തുന്നവർ കൊലക്കയറിൽ കയറേണ്ടി വരും. ഒരു ദിവസം വിശപ്പടക്കാൻ അന്നം തേടിയിറങ്ങിയ ത്വാഈ ഗോത്രക്കാരൻ രാജസന്നിധിയിലെത്തിയത് ശകുനദിവസത്തിലായിരുന്നു. കണ്ട മാത്രയിൽ രാജാവ് വധശിക്ഷക്ക് വിധിച്ചു. വീട്ടിൽ പട്ടിണി കിടക്കുന്ന മക്കൾക്ക് ഭക്ഷണമെത്തിച്ച ശേഷം തിരിച്ചുവരാമെന്ന ഹരജി ഹതഭാഗ്യൻ മഹാരാജാവിന്റെ മുമ്പിൽ സമർപ്പിച്ചപ്പോൾ രാജാവ് ജാമ്യക്കാരനെ ഹാജരാക്കാൻ പറഞ്ഞു. തദവസരത്തിൽ മാന്യനായ ശുറൈക്ബിനു അദിയ്യിനെ കണ്ടുമുട്ടുകയും തന്റെ ദയനീയത സുഹൃത്തിനെ തെര്യപ്പെടുത്തുകയും വിശന്നുവലഞ്ഞ ഭാര്യ സന്താനങ്ങൾക്ക് വിശപ്പടക്കിയ ശേഷം വരാമെന്ന അന്ത്യാഭിലാഷം പ്രകടിപ്പിക്കുകയും ചെയ്തു. സന്തോഷപൂർവം ശുറൈക് ജാമ്യാപേക്ഷ സ്വീകരിക്കുകയും സുഹൃത്തിനു വേണ്ടി ജാമ്യം നിൽക്കുകയും ചെയ്തു.

ജാമ്യ കാലാവധി പൂർത്തിയായ നിമിഷം ശിക്ഷ നടപ്പാക്കുന്നതിനു വേണ്ടി പ്രതിയെ തേടിയ രാജാവിന്റെ മുമ്പിൽ ജാമ്യക്കാരനെയായിരുന്നു ഹാജരാക്കിയത്. പ്രതി എത്താത്തതിനാൽ ജാമ്യക്കാരൻ അൽപ്പം സാവകാശം തേടുകയും പൊടുന്നനെ പ്രതി പ്രത്യക്ഷപ്പെടുകയും ചെയ്തു. കരാർ ലംഘിച്ച് രക്ഷപ്പെടാനുള്ള അനുകൂല സാഹചര്യത്തെ ചൂഷണം ചെയ്യാതെ അൽപ്പം വൈകിയതിലുള്ള ഗോത്ര വംശജന്റെ ക്ഷമാപണം കേട്ട് രാജാവിന്റെ മനമുരുകി. രക്ഷപ്പെട്ട താങ്കൾ ജീവിതം അപായപ്പെടുത്താൻ വീണ്ടുമെത്തിയതെന്തിനാണെന്ന് അദ്ദേഹത്തോട് രാജാവ് ചോദിച്ചു. അയാളുടെ മറുപടി രാജാവിനെ ചിന്താ നിമഗ്നനാക്കി. “ജനങ്ങൾക്കിടയിൽ നിന്ന് വാഗ്‌ദാന പൂർത്തീകരണം നഷ്ടപ്പെട്ടു പോയി എന്ന് പറയാതിരിക്കുന്നതിന് വേണ്ടിയാണ് ഞാൻ തിരിച്ചു വന്നത്!’. ഉടൻ രാജാവ് ശുറൈകിനോട് സ്വന്തം ജീവൻ അപായപ്പെടുത്തി യാതൊരുവിധ വൈമനസ്യവുമില്ലാതെ ജാമ്യം നിൽക്കാനുണ്ടായ കാരണം ആരാഞ്ഞു. അദ്ദേഹത്തിന്റെ മറുപടി അതിലേറെ രാജാവിനെ അത്ഭുതപ്പെടുത്തി. “ജനങ്ങളിൽ നിന്ന് മനുഷ്യത്വം മരവിച്ച് പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്’. രാജാവ് ഇരുവരെയും വെറുതെ വിടുകയും പാരിതോഷികങ്ങൾ നൽകുകയും തന്റെ സ്വഭാവ വൈകൃതം തിരുത്തുകയും ചെയ്തു.

വിശ്വസ്തത കാത്തുസൂക്ഷിക്കണമെന്ന് വിശുദ്ധ ഖുർആൻ ആണയിട്ട് പറയുന്നു. “വിശ്വസിച്ചേൽപ്പിക്കപ്പെട്ടവ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകൽപ്പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകൽപ്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (ഖുർആന്‍: 4/58) തിരുനബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം എന്ന പേരിലറിയപ്പെടുന്ന അറഫാ പ്രഭാഷണത്തിലെ അതുല്യമായ മനുഷ്യാവകാശ പ്രഖ്യാപനം എത്ര ശ്രദ്ധേയം: “വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേൽപ്പിച്ചുകൊള്ളട്ടെ’. (ദാരിമി).