Connect with us

Editorial

സ്വപ്‌നയുടെ വിവാദ മൊഴികള്‍ വന്ന വഴി

Published

|

Last Updated

കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണ് കേരളത്തിലേക്കുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കൂട്ടത്തോടെയുള്ള വരവിനു പിന്നിലെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും കസ്റ്റംസ് കമ്മീഷണറുടെ പുതിയ നീക്കവും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിജി വിജയന്റെയും സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ റെജിമോളുടെയും വെളിപ്പെടുത്തല്‍. ആഗസ്റ്റ് 13ന് രാത്രി വളരെ വൈകി സ്വപ്‌നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി ഉദ്യോ ഗസ്ഥര്‍ കടുത്ത സമ്മര്‍ദം ചെലുത്തിയത്രെ. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം ശിവശങ്കറാണ് നല്‍കിയതെന്നും ശിവശങ്കറിന് ഈ പണം മുഖ്യമന്ത്രി നല്‍കിയതാണെന്നും പറയണം, എങ്കില്‍ കേസില്‍ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി. ഡി വൈ എസ് പി രാധാകൃഷ്ണന്‍ വാഗ്ദാനം നല്‍കിയതായി റെജിമോളുടെ മൊഴിയിലുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് സ്വര്‍ണക്കടത്ത് കേസും ഡോളര്‍ കടത്ത് കേസും ഉടലെടുക്കുന്നത്.

എന്‍ ഐ എയാണ് ആദ്യഘട്ടത്തില്‍ ഈ കേസുകള്‍ അന്വേഷിച്ചിരുന്നത്. പിന്നീടാണ് കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കടന്നുവരവ്. എന്‍ ഐ എ ചോദ്യം ചെയ്തപ്പോള്‍ സ്വപ്‌ന പറയാത്ത കാര്യങ്ങളാണ്, സ്വപ്‌നയുടെ മൊഴിയെന്ന പേരില്‍ കസ്റ്റംസും ഇ ഡിയും വെളിപ്പെടുത്തിയത്. ഇതിനു പിന്നിലെ ബാഹ്യ സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി ജോര്‍ജ് വെളിപ്പെടുത്തിയതാണ്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കു മേല്‍ വലിയ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്നും ബോധ്യമായതിനെ തുടര്‍ന്നാണ് താന്‍ അന്വേഷണ ചുമതലയില്‍ നിന്ന് പിന്മാറിയതെന്നും അഡ്വ. ഷൈജന്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്പോള്‍ ഇ ഡിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണകക്ഷിയുടെ ശക്തമായ ഇടപെടല്‍ ഈ കേസിലുണ്ടായിട്ടുണ്ട്. ഉന്നതങ്ങളില്‍ നിന്ന് ആസൂത്രിത ലക്ഷ്യത്തോടെയുള്ള ചില നിര്‍ദേശങ്ങള്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍മാര്‍ക്ക് ഉള്‍പ്പെടെ കിട്ടിയിരുന്നു. സ്വപ്‌നയുടെയും സരിത്തിന്റെയും കസ്റ്റഡി അപേക്ഷ ഇ ഡിക്കു വേണ്ടി താന്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് റദ്ദാക്കിയ കാര്യവും അഡ്വ. ഷൈജന്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. ഇടക്കു വെച്ചാണ് സമ്മര്‍ദങ്ങളുണ്ടായതെന്നും പിന്നീടാണ് ഉദ്യോഗസ്ഥരില്‍ മാറ്റം പ്രകടമായതെന്നും അദ്ദേഹം പറയുന്നു.

സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണറുടെ നടപടിക്കു പിന്നിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാകാനാണ് സാധ്യത. പ്രതിയോ സാക്ഷിയോ മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന രഹസ്യ മൊഴി അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ കൈമാറാവൂ. അത്തരം മൊഴികള്‍ പുറത്തുവരുന്നത് കേസിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മറ്റുള്ളവരോട് വെളിപ്പെടുത്തരുതെന്നാണ് ചട്ടം. കേരള ഹൈക്കോടതി ചില കേസുകളില്‍ ഇക്കാര്യം വ്യക്തമാക്കിയതുമാണ.് എന്നിട്ടുമെന്തിന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സ്വപ്‌നയുടെ മൊഴി പുറത്തുവിട്ടു? ഈ ചട്ടലംഘനത്തിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിനെ സമീപിച്ചിരിക്കുകയാണ് സി പി എം. ഇതടിസ്ഥാനത്തില്‍ സുമിത് കുമാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് അഡ്വക്കറ്റ് ജനറല്‍ നോട്ടീസ് അയച്ചിരിക്കുകയുമാണ്.

സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ടവയാണ് കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍. സര്‍ക്കാറിന്റെയോ ഭരണകക്ഷിയുടെയോ ചട്ടുകങ്ങളായി അവര്‍ അധഃപതിക്കരുത.് തങ്ങളെ ഉത്തരവാദപ്പെടുത്തിയ കേസുകളില്‍ മുന്‍വിധി കൂടാതെയും സമ്മര്‍ദങ്ങള്‍ക്കു വഴിപ്പെടാതെയും അന്വേഷണം നടത്തി വസ്തുത കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് അവരുടെ ബാധ്യത. എന്നാല്‍ സ്വര്‍ണക്കടത്ത് കേസും ഡോളര്‍ കടത്ത് കേസും അന്വേഷിക്കാനെന്ന പേരില്‍ എത്തിയ കേന്ദ്ര ഏജന്‍സികള്‍ തങ്ങളെ ഏല്‍പ്പിച്ച കേസുകളുടെ പരിധിയില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കുന്നതിനു പകരം, കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ ശത്രുക്കളുടെ പേരില്‍ പുതിയ കേസുകള്‍ കെട്ടിച്ചമക്കുകയാണെന്നാണ് നടേ പറഞ്ഞ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യപ്പെടുന്നത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണിപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇതിന്റെ പിന്നിലെ താത്പര്യം വ്യക്തമാണ്. സ്വീകാര്യമായ ഒരു ഉറവിടത്തില്‍ നിന്നുള്ള വിവരമനുസരിച്ചാണ് ഈ ആരോപണം ഉയര്‍ന്നു വന്നതെങ്കില്‍ തീര്‍ച്ചയായും അത് പരിഗണിക്കപ്പെടേണ്ടതും ആരോപണ വിധേയരെ ചോദ്യം ചെയ്യേണ്ടതും തന്നെ. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ മൊഴിയുണ്ടെന്ന പേരിലാണ് ഏജന്‍സികള്‍ ഈ വഴിക്കു നീങ്ങുന്നത്. ആ മൊഴി വന്ന വഴിയാണ് സിജി വിജയനിലൂടെയും റെജിമോളിലൂടെയും പുറത്തുവന്നത്. കേരളത്തില്‍ മാത്രമല്ല, നേരത്തേ ബി ജെ പിയുടെ രാഷ്ട്രീയ ശത്രുക്കള്‍ അധികാരത്തിലിരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളിലും അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയുള്ള കളി നടത്തിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. അന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചതുമാണ്. കസ്റ്റംസിനെയും ഇ ഡിയെയും മറ്റും ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്.

---- facebook comment plugin here -----

Latest