Kerala
പാലക്കാട് നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രം: ഷാഫി പറമ്പില്‍

പാലക്കാട് | പാര്‍ട്ടിക്കുള്ളിലെ വിമത നീക്കം ഒഴിവാക്കാന്‍ തന്നെ പാലക്കാട് നിന്ന് മാറ്റുമെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഷാഫി പറമ്പില്‍ എം എല്‍ എ. മത്സരിക്കുകയാണെങ്കില്‍ അത് പാലക്കാട് ആയിരിക്കും. സംസ്ഥാനത്ത് യു ഡി എഫിന് വലിയ തിരിച്ചടി നേരിട്ടപ്പോഴും തന്നെ വലിയ ഭൂരിഭക്ഷത്തില്‍ വിജയിപ്പിച്ചവരാണ് പാലക്കരാട്ടെ ജനങ്ങള്‍. അവര്‍ വേണ്ടാന്ന് പറയാത്ത കാലത്തോളം പാലക്കാട് തന്നെ തുടരുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
തന്നെ പട്ടാമ്പിയിലേക്ക് മാറ്റി എ വി ഗോപിനാഥിനെ പാലക്കാട് മത്സരിക്കുന്നതില്‍ ഒരു തീരുമാനവും ഡല്‍ഹി കേന്ദ്രീകരിച്ച് എടുത്തിട്ടില്ല. പട്ടാമ്പി മത്സരിക്കാനാണെങ്കില്‍ തനിക്ക് നേരെ ആകാമായിരുന്നു. ഇന്നലെ ഡല്‍ഹില്‍ നിന്ന് മടങ്ങുമ്പോഴും മണ്ഡലത്തില്‍ സജീവമാകാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമാണ്. എ വി ഗോപിനാഥുമായി നല്ല ബന്ധമാണുള്ളതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ആശങ്ക അറിയിച്ചതിനെത്തുടര്‍ന്നാണ് ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ വിമത ഭീഷണി മുഴക്കിയ എ വി ഗോപിനാഥിനെ കൊണ്ടുവരാനാണ് പദ്ധതിയെന്നും പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഷാഫിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിനിടെ പാര്‍ട്ടിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് ഇന്നലെക്കുള്ളില്‍ ഒരു മറുപടി വേണമെന്ന് കെ സുധാകരനുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ അറിയിച്ചിരുന്നെന്ന് എ വി ഗോപിനാഥന്‍ പറഞ്ഞു. ഡി സി സി പുനസംഘടന അടക്കമുള്ള വിഷയങ്ങളില്‍ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് രാത്രികൂടി താന്‍ പാര്‍ട്ടിക്ക് അനുവദിക്കുന്നു. ഇതിന് ശേഷം തന്റെ നിലപാട് അറിയിക്കും. കെ സുധാകരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തന്റെ നിലപാടുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഗോപിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.