National
ബംഗാളില്‍ റെയില്‍വേ കെട്ടിടത്തില്‍ തീപ്പിടിത്തം: ഏഴ് മരണം

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ റോയില്‍വേ ഓഫീസ് കെട്ടിടത്തില്‍ തീപ്പിടിത്തം. ഏഴ് പേര്‍ പൊ്ള്ളലേറ്റ് മരിച്ചു. നാല് അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു സുരക്ഷാ ജീവനക്കാരനുമാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്.
ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. ടിക്കറ്റിംഗ് ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
12-ാം നിലയിലെ ലിഫ്റ്റിനുള്ളിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലിഫ്റ്റിനുള്ളില്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവര്‍ മരിച്ചത്. കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ 25-ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രാത്രി 11 മണിയോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപ്പിടിത്തം ഉണ്ടായതിനിടെ ലിഫ്റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് മമത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.