എസ് എന്‍ സി ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഏപ്രില്‍ ആറിന് പരിഗണിക്കും

Posted on: February 23, 2021 12:23 pm | Last updated: February 23, 2021 at 4:17 pm

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവലിന്‍ കേസ് വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് സുപ്രീം കോടതി കേസ് മാറ്റിയത്. സി ബി ഐ അഭിഭാഷകന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. എന്നാല്‍, കേസ് അടുത്താഴ്ച പരിഗണിക്കണമെന്ന സി ബി ഐയുടെ അപേക്ഷ കോടതി തള്ളി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാന്‍ കാരണം. ഇത് 26 ാം തവണയാണ് സി ബി ഐയുടെ അഭ്യര്‍ഥന പ്രകാരം കേസ് മാറ്റിവക്കുന്നത്.

ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. വാദത്തിന് തയാറാണെന്ന് സി ബി ഐ സൂചന നല്‍കുകയും ചെയ്തിരുന്നു. വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് കോടതി ആവശ്യപ്പെട്ട പ്രകാരം നല്‍കാന്‍ ഇതുവരെ സി ബി ഐക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളുള്‍പ്പെടെ ശക്തമായ വാദവുമായി വന്നാല്‍ മാത്രമേ ഹരജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു യു ലളിത് നേരത്തെ സി ബി ഐയോട് വ്യക്തമാക്കിയിരുന്നു.