Connect with us

National

രാമക്ഷേത്രം; വികസന, സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 640 കോടി രൂപ നീക്കിവച്ച് യു പി ബജറ്റ്

Published

|

Last Updated

ലക്‌നൗ | അയോധ്യയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ വികസന, സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 640 കോടി രൂപ ചെലവിനത്തില്‍ നിര്‍ദേശിച്ച് യു പി ബജറ്റ്. ഇന്ന് നിയമസഭയില്‍ വച്ച ബജറ്റിലാണ് നിര്‍ദേശമുള്ളത്. രാമക്ഷേത്രത്തിലേക്ക് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് 300 കോടി രൂപയുടെ പദ്ധതി നിര്‍ദേശവും 2021-22 കാലത്തേക്കുള്ള ബജറ്റിലുണ്ട്. ഇതിനു പുറമെ, നഗരത്തിന്റെ മൊത്തത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടിയും ടൂറിസം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സൗന്ദര്യവത്കരണത്തിനായി 100 കോടിയും മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട് എന്ന് നാമകരണം ചെയ്യാനിരിക്കുന്ന അയോധ്യ വിമാനത്താവളത്തിന്റെ വികസനത്തിനായി 101 കോടിയും രൂപ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ആലോചനയുടെ ഭാഗമായി വരണാസി, ചിത്രകൂട് എന്നിവിടങ്ങളിലെ ടൂറിസം സൗകര്യ വികസനത്തിനായി യഥാക്രമം 100, 200 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മുഖ്യമന്ത്രിയുടെ ടൂറിസം സാമ്പത്തിക പദ്ധതിക്കായി 200 കോടി നീക്കിവച്ചു. ചൗരി ചൗരാ സംഭവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന അനുസ്മരണ പരിപാടികള്‍ക്കായി 15 കോടി, ലക്‌നൗവില്‍ ട്രൈബര്‍ മ്യൂസിയവും ഷാജഹാന്‍പുരില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാര്‍ഥമുള്ള ഗാലറിയും നിര്‍മിക്കാന്‍ യഥാക്രമം എട്ട്, നാല് കോടി രൂപ മാറ്റിവച്ചു.