Connect with us

Ongoing News

അഞ്ച് വിക്കറ്റ് കൊയ്ത് ശ്രീശാന്ത്; വിജയ് ഹസാരെ ട്രോഫിയില്‍ യു പിയെ തകര്‍ത്ത് കേരളം

Published

|

Last Updated

ബെംഗളൂരു | വര്‍ഷങ്ങള്‍ക്ക് ശേഷം ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് ഉജ്ജ്വല പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ യു പി തോല്‍പ്പിച്ച് കേരളം. വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. അഞ്ചുവിക്കറ്റുമായി തിളങ്ങിയ ശ്രീശാന്തിന്റെ ഉജ്ജ്വല പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 15 വര്‍ഷത്തിനു ശേഷമാണ് ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുന്നത്. 9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് താരം യു പിയുടെ വിലപ്പെട്ട അഞ്ചുവിക്കറ്റുകള്‍ കൊയ്തത്. കേരളത്തിനു വേണ്ടി സച്ചിന്‍ ബേബി രണ്ടും ജലജ് സക്സേനയും എം ഡി നിധീഷും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ചതോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി.

ടോസ് ലഭിച്ച കേരളം യു പിയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ രണ്ട് പന്തുകള്‍ ശേഷിക്കെ യു പി 283 റണ്‍സിന് ഓള്‍ ഔട്ടായി. പ്രിയം ഗാര്‍ഗ് (57), അഭിഷേക് ഗോസ്വാമി (54) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് യു പി 283ല്‍ എത്തിയത്. ഏഴ് പന്തുകള്‍ ശേഷിക്കേ കേരളം 48.5 വിജയലക്ഷ്യത്തിലെത്തി.
81 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 76 റണ്‍സെടുത്ത സച്ചിന്‍ ബേബിയും കേരളത്തെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജലജ് സക്സേന (31), വത്സല്‍ ഗോവിന്ദ് (30), സഞ്ജു സാംസണ്‍ (29) എന്നിവരും നല്ല പ്രകടനം നടത്തി.