Connect with us

Editorial

ശ്രീധരൻ രാഷ്ട്രീയ മെട്രോയിൽ കയറുമ്പോൾ

Published

|

Last Updated

നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാണത്രെ മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ഇടതു മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ മാത്രമാണ് ഇവര്‍ നടത്തി വരുന്നതെന്നും കഴിഞ്ഞ ദിവസം പൊന്നാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കവെ അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. സംസ്ഥാനം വികസനത്തില്‍ മുന്നേറാനും നീതി ഉറപ്പാക്കാനും ബി ജെ പി വരണമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ തനിക്ക് സത്‌പേരുള്ളതിനാല്‍ തന്റെ പാര്‍ട്ടിപ്രവേശം കൂടുതല്‍ പേരെ ബി ജെ പിയിലേക്കാകര്‍ഷിക്കാനും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇരട്ടി വോട്ടുകള്‍ നേടാനും സഹായകമാകുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യവും അദ്ദേഹം വെളിപ്പെടുത്തി.

ജനാധിപത്യ ഇന്ത്യയില്‍ ആര്‍ക്കും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. ബി ജെ പിയാണ് നല്ല കക്ഷിയെന്ന അഭിപ്രായമുണ്ടെങ്കില്‍ മെട്രോമാന് അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്നതാണ്. അതിന്റെ പേരില്‍ പക്ഷേ കണ്ണടച്ചിരുട്ടാക്കുന്നതെന്തിന്? മാറിമാറി വന്ന എല്‍ ഡി എഫ്, യു ഡി എഫ് ഭരണത്തില്‍ കേരളം കൈവരിച്ച പുരോഗതി തള്ളിപ്പറഞ്ഞു വേണോ അദ്ദേഹത്തിന് ബി ജെ പിയില്‍ അംഗത്വമെടുക്കാന്‍? കേരള മോഡല്‍ എന്നൊരു പ്രയോഗം തന്നെയുണ്ടെന്ന കാര്യം ശ്രീധരന് അറിയുമോ ആവോ? വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശു മരണനിരക്ക് തുടങ്ങിയ കാര്യങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ സൂചിപ്പിക്കുന്ന കേരള മോഡല്‍ വികസനം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തമാണ്. രാജ്യത്ത് സാമൂഹിക വികസനത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ സാധിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറര പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ ഭരണചക്രം പിടിച്ച എല്‍ ഡി എഫും യു ഡി എഫുമാണ് സംസ്ഥാനത്തെ ഈ മികച്ച നിലയിലേക്കുയര്‍ത്തിയത്.

ആരോഗ്യ മേഖലയില്‍ അല്‍പ്പസ്വല്‍പ്പം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നിലവാരം പോക്കാണെന്നാണ് ഒരു ദേശീയ മാധ്യമവുമായി സംസാരിക്കവെ ശ്രീധരന്‍ പറഞ്ഞത്. എന്നാല്‍ 2019 ഒക്‌ടോബറില്‍ നിതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമതാണ്. ബി ജെ പി ഭരണത്തിലുള്ള ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. രാജ്യത്തെ സാക്ഷരതാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങളെ പുറന്തള്ളി പ്രഥമ സ്ഥാനത്ത് തുടരുന്നു. 96.2 ശതമാനമാണ് 2017-18 വര്‍ഷത്തില്‍ കേരളത്തിന്റെ സാക്ഷരതാ നിരക്ക്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍ എസ് ഒ)തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിലെ കേരള മോഡല്‍ ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിതി ആയോഗിന്റെ 2017ലെയും 2018ലെയും സുസ്ഥിര വികസന ലക്ഷ്യ (എസ് ഡി ജി) സൂചികയിലും ഏറ്റം മുന്നില്‍ കേരളമാണ്. ആരോഗ്യം, ക്ഷേമം, മികച്ച വിദ്യാഭ്യാസം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിലെ മുന്നേറ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഥമ സ്ഥാനത്ത് കേരളമാണ്. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി നാല് വര്‍ഷം കേരളമാണ് ഈ പദവി കൈവരിച്ചത്. തീര്‍ന്നില്ല. കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ട് അറ്റ് റാങ്കിംഗ് 2019ല്‍ കേരളം ടോപ് പെര്‍ഫോമറായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2017ലെ എ ഡി ബി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി ഒന്നാമതാണ്.

രാജ്യത്തെ പൊതുഗതാഗതം ആധുനികവത്കരിക്കുന്നതില്‍ ചില റോളുകള്‍ വഹിച്ച ഇ ശ്രീധരന്‍ അടിസ്ഥാന വികസന സാങ്കേതിക മേഖലയില്‍ വിദഗ്ധനാണെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ ഒട്ടും വൈദഗ്ധ്യം ഉള്ള ആളല്ല. തന്റെ സാന്നിധ്യത്തോടെ ബി ജെ പിയിലേക്ക് കേരളീയര്‍ ഒഴുകിയെത്തുമെന്നും പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം ഇരട്ടിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ അവകാശവാദത്തിലൂടെ ബോധ്യപ്പെടുന്നത് അതാണ്. മുരടിച്ചു നില്‍ക്കുന്ന കേരള ബി ജെ പിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം ഇതിനു മുമ്പും അല്‍ഫോന്‍സ് കണ്ണന്താനം പോലുള്ള ചിലരെയൊക്കെ ചാക്കിട്ടു പിടിച്ചിട്ടുണ്ട്. മധ്യ കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്ന കാഴ്ചപ്പാടിലാണ് കണ്ണന്താനത്തെ വലവീശിയതും കേന്ദ്രമന്ത്രി പദവി നല്‍കിയതും. എന്നാല്‍ അദ്ദേഹത്തെ കണ്ട് ഒരാള്‍ പോലും ബി ജെ പി അംഗത്വമെടുത്തില്ല. രാഷ്ട്രീയമായി പ്രബുദ്ധരാണ് കേരളീയര്‍. ബി ജെ പിയെക്കുറിച്ച് അവര്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ശ്രീധരന്റെ എഴുന്നെള്ളിപ്പും വ്യര്‍ഥമാകുമെന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ വ്യക്തമാകും.
നാടിനെ സേവിക്കാനാണ് ബി ജെ പിയില്‍ ചേരുന്നതെന്നാണ് ശ്രീധരന്‍ അവകാശപ്പെടുന്നതെങ്കിലും ഹിന്ദുത്വ ഫാസിസത്തോടുള്ള ആഭിമുഖ്യവും ഉന്നത അധികാര പദവിയുമാണ് യഥാര്‍ഥ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ബി ജെ പിയും ആര്‍ എസ് എസുമാണ് ശ്രീധരന്റെ ഭാഷയില്‍ യഥാര്‍ഥ ദേശസ്‌നേഹികള്‍. സൈന്യത്തെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ദേശസ്‌നേഹമുള്ളത് ആര്‍ എസ് എസിനാണ് പോല്‍. ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന, ദേശീയ പതാകയെ നിന്ദിക്കുന്ന, ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതണമെന്ന് വാദിക്കുന്ന ആര്‍ എസ് എസില്‍ എന്ത് ദേശസ്‌നേഹമാണാവോ അദ്ദേഹം കാണുന്നത്? കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന പ്രസ്താവനയിലൂടെ അധികാരമോഹമെന്ന പൂച്ചും പുറത്തു ചാടി. ഇതു പക്ഷേ ഒരു വിദൂര സ്വപ്‌നമാണ്. സമീപ കാലത്തൊന്നും സംസ്ഥാനത്ത് അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷ ബി ജെ പി നേതൃത്വത്തിനു തന്നെയില്ല. അങ്ങനെ സംഭവിച്ചാല്‍ തന്നെ മറ്റെത്ര ഭൈമീകാമുകന്മാരാണ് അതിനായി വ്രതമെടുത്തു കഴിയുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്കിടയില്‍ അംഗീകാരവും ഇമേജുമുണ്ടായിരുന്നു മെട്രോമാന് ഇതുവരെയും. അത് കളഞ്ഞു കുളിച്ചുവെന്നത് മാത്രമാണ് ബി ജെ പി പ്രവേശം കൊണ്ടുണ്ടായ “നേട്ടം”.

Latest