Connect with us

Editorial

സി എ എ: തെരുവിലും കോടതിയിലും പോരടിക്കണം

Published

|

Last Updated

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഭരണഘടനാവിരുദ്ധവും രാജ്യത്തെ ജനങ്ങളെ പല തട്ടുകളിലായി വിഭജിക്കുന്നതും കോടിക്കണക്കായ മനുഷ്യരെ അന്യരാക്കുകയും ചെയ്യുന്നതാണ് ഈ കരിനിയമം. ഈ നിയമം പാസ്സായ ശേഷം അരങ്ങേറിയ ഐതിഹാസികമായ സമരങ്ങളില്‍ നിന്ന് കേന്ദ്രം ഒന്നും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഷായുടെ പ്രഖ്യാപനം. രാഷ്ട്രീയ ലക്ഷ്യത്തിനായി ശിഥിലീകരണം സൃഷ്ടിക്കുകയും യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങള്‍ വിസ്മൃതിയിലാക്കുകയും ചെയ്യുന്ന കൗശലമാണ് അമിത് ഷാ ഒരിക്കല്‍ കൂടി പുറത്തെടുക്കുന്നത്. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ രാജ്യമാകെ അണിനിരന്നു. കൊവിഡ് മഹാമാരിയുടെ ആക്രമണം കൊണ്ട് മാത്രമാണ് തെരുവ് ശാന്തമായത്. ഒരര്‍ഥത്തില്‍ ഭരണകൂടത്തിന് രക്ഷാ കവചമായി മഹാമാരി. കൊവിഡ് വാക്‌സീനേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സി എ എ നടപ്പാക്കുമെന്ന് ഷാ പറയുമ്പോള്‍ രാജ്യം മറുപടി നല്‍കേണ്ടത് സമരഭരിതമായ ആ നാളുകള്‍ തിരിച്ചു പിടിച്ചു കൊണ്ടായിരിക്കണം. ഒപ്പം ജുഡീഷ്യല്‍ റിവ്യൂവിനായുള്ള പോരാട്ടവും തുടരണം.

ഈ ദിശയില്‍ വലിയ ഊര്‍ജമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പകര്‍ന്നു തരുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍, നടപ്പാക്കില്ലെന്ന് തന്നെയാണ് അര്‍ഥമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ധീരമായ നിലപാടാണത്. ഒരു ഭരണാധികാരിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വാക്കുകള്‍. വര്‍ഗീയ അജന്‍ഡ മാറ്റിവെച്ച് വികസനത്തെ കുറിച്ച് സംസാരിക്കൂവെന്നും അദ്ദേഹം അമിത് ഷാക്ക് മറുപടി നല്‍കുന്നു.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത് ഏതെങ്കിലും അഭയാര്‍ഥികളെ രക്ഷിക്കാനോ ഇന്ത്യയുടെ ഉള്‍ക്കൊള്ളല്‍ ശേഷി തെളിയിക്കാനോ അല്ലെന്ന് അമിത് ഷായുടെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഈ ഭീഷണി പുറത്തെടുക്കാറുള്ളത്. ബംഗാള്‍ പിടിക്കാന്‍ വര്‍ഗീയ രാഷ്ട്രീയവുമായി ഇറങ്ങിയ ബി ജെ പിയുടെ തുറുപ്പുചീട്ടാണ് സി എ എ. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വിഭജനവേളയിലും ബംഗ്ലാദേശ് രൂപവത്കരണ ശേഷവും ബംഗാളിലെത്തിയ ഹിന്ദുക്കളായ മാതുവ വിഭാഗങ്ങളുള്‍പ്പെടെയുള്ള അഭയാര്‍ഥികളുടെ പൗരത്വം ആദ്യം പരിഗണിക്കുമെന്നാണ് ആഭ്യന്തര മന്ത്രി ബംഗാളില്‍ ചെന്ന് പറഞ്ഞത്. മാതുവകള്‍ തിങ്ങിത്താമസിക്കുന്ന നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ താക്കൂര്‍ നഗറില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി ജെ പി റാലിയിലായിരുന്നു ഈ പരാമര്‍ശം. മൂന്ന് കോടി വരുന്ന മാതുവകളുടെ വോട്ടിലാണ് കണ്ണ്. സി എ എ നിര്‍വഹിക്കുന്ന രാഷ്ട്രീയ ദൗത്യമെന്ത് എന്നതിന്റെ ഉത്തരമാണിത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും ഈ മേഖലയില്‍ ഇതേ തന്ത്രമാണ് ബി ജെ പി പയറ്റിയത്.

2019ല്‍ കൊണ്ടുവന്ന പൗരത്വ നിയമമനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്‌ലിംകളായ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. ജനനം, രക്ഷാകര്‍തൃത്വം, അതിര്‍ത്തിക്കുള്ളിലെ താമസം, നാച്വറലൈസേഷന്‍, പ്രദേശങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവ വഴി സാധ്യമാകുന്ന ഇന്ത്യന്‍ പൗരത്വത്തില്‍ ഒരു കാലത്തും മതം ഘടകമായിട്ടില്ല. ഇക്കാലം വരെയുണ്ടായ പൗരത്വ നിയമ ഭേദഗതികളിലൊന്നിലും മതം കടന്നുവരുന്നില്ല. ഇതാദ്യമായി, ഒരു മതത്തില്‍ വിശ്വസിക്കുന്നവനാകുക എന്നത് പൗരത്വത്തിനുള്ള അയോഗ്യതയായി തീര്‍ന്നിരിക്കുന്നു. നാഷനല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന പ്രഖ്യാപനം കൂടി കണക്കിലെടുക്കുമ്പോള്‍ കടുത്ത ഭീതിയിലേക്കാണ് രാജ്യത്തെ മുസ്‌ലിംകളെ എടുത്തെറിഞ്ഞിരിക്കുന്നത്. അസമില്‍ കൊണ്ടുവന്ന പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളേക്കാളേറെ ഹൈന്ദവ സഹോദരന്‍മാരെയാണ് പുറത്ത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സി എ എയുടെ ബലത്തില്‍ അവരെല്ലാം അകത്ത് കയറും. പുറത്തുള്ള മുസ്‌ലിംകള്‍ രാഷ്ട്രരഹിതരാകും. കേവലം മുസ്‌ലിംകളുടെ പ്രശ്‌നമല്ല ഇത്. ഇന്ന് പൗരത്വത്തിന് മാനദണ്ഡമായി മതം വന്നെങ്കില്‍ നാളെ അത് ജാതിയായിരിക്കും. പല തരം പൗരത്വ കാര്‍ഡുകള്‍ നിലവില്‍ വരും.

നിയമത്തിന് മുന്നിലെ സമത്വം അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിയമം. വിവേചനത്തില്‍ നിന്ന് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 15നെയും ഈ നിയമം നിരാകരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശത്തെയും സി എ എ ഇരുട്ടില്‍ നിര്‍ത്തുന്നു. ഈ വ്യവസ്ഥകളെല്ലാം പരിഗണിച്ച് ശരിയായ നീതിന്യായ പരിശോധനക്ക് പരമോന്നത കോടതി തയ്യാറായാല്‍ പൗരത്വ ഭേദഗതി നിയമം അസാധുവാകുമെന്നുറപ്പാണ്. കോടതിയില്‍ നിരവധിയായ ഹരജികള്‍ നിലനില്‍ക്കുന്നുണ്ട്. നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടുമില്ല. ഇതൊന്നും അമിത് ഷാക്ക് പ്രശ്‌നമല്ല. അദ്ദേഹം പ്രഖ്യാപനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് മുസ്‌ലിംകളോട് കാരുണ്യമുള്ളത് കൊണ്ടല്ല. സി എ എ വഴി പുറത്തുനിന്ന് വരുന്നവരെ കയറ്റിയാല്‍ തങ്ങളുടെ സാംസ്‌കാരിക അന്തസ്സ് തകര്‍ന്നു പോകുമെന്ന മണ്ണിന്റെ മക്കള്‍ വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ സര്‍വ പ്രതീക്ഷയും തകര്‍ക്കുന്ന നിലപാടാണിത്. ആരെ പ്രീണിപ്പിക്കാനാണോ സി എ എ കൊണ്ടുവരുന്നത് അവര്‍ തന്നെ എതിര്‍ക്കുന്ന സ്ഥിതി. ഇത് മറികടക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന വജ്രായുധം പുറത്തെടുക്കുകയാണ്. ഒരു പ്രദേശത്തേക്ക് പ്രത്യേക അനുമതിയില്ലാതെ ആളുകള്‍ വരുന്നത് തടയുന്ന സംവിധാനമാണ് ഐ എല്‍ പി. 1873ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണിത്. സി എ എയില്‍ പുതുതായി പൗരത്വം കിട്ടുന്നവരെ അകറ്റി നിര്‍ത്താന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഐ എല്‍ പി അനുവദിച്ചു കൊടുക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്. ഫലത്തില്‍ രാജ്യത്തിനകത്ത് രാജ്യങ്ങള്‍ രൂപപ്പെടുന്നു. ഏത് കോണില്‍ നിന്ന് നോക്കിയാലും ഭരണഘടനാവിരുദ്ധമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വാശിപിടിക്കുന്നതെന്ന് ചുരുക്കം. യഥാര്‍ഥ ദേശസ്‌നേഹമുള്ള ഒരാള്‍ക്കും ഇത് അനുവദിച്ച് കൊടുക്കാനാകില്ല.