മാറഞ്ചേരി, വന്നേരി സ്ക്കൂളുകളില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്

Posted on: February 14, 2021 2:30 pm | Last updated: February 14, 2021 at 3:38 pm
പൊന്നാനി |   പൊന്നാനി താലൂക്കിലെ മാറഞ്ചേരി, വന്നേരി ഹയർ സെക്കൻഡറി സ്കൂളുകളിൽ വീണ്ടും കൂട്ട കൊവിഡ് ബാധ. രണ്ടാംഘട്ടം 652 പേരിൽ നടത്തിയ പരിശോധനയിൽ 180 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശോധനയിൽ 442 പേർക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്.
മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനും വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ 85 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 262 പേർക്കാണ് വൈറസ് പകർന്നതായി കണ്ടെത്തിയിരുന്നത്. പോസിറ്റീവായവരുമായി സമ്പർക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു വന്നിട്ടില്ല. സമീപത്തെ മറ്റു സ്കൂളുകളിലെ ഫലവും വരാനിരിക്കെയാണ് ഇത്രയും കൂടുതല്‍ പോസ്റ്റിവ് നിരക്ക് ഉയര്‍ന്നത് എന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നു. പൊന്നാനി താലൂക്കിലെ എല്ലാ ഭാഗങ്ങളിലും   ക്ലാസുകള്‍ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കുട്ടികളെ സ്ക്കൂളുകളിലേക്ക് പറഞ്ഞുവിടുന്നതില്‍ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്.