Connect with us

Editorial

ശിവകാശിയിൽ പടക്ക ദുരന്തങ്ങൾ തുടർക്കഥ

Published

|

Last Updated

ശിവകാശിയെന്ന് കേൾക്കുമ്പോൾ പടക്കങ്ങളാണ് ഓർമയിലെത്തുക.രാജ്യത്തെ ഏറ്റവും വലിയ പടക്ക നിർമാണ കേന്ദ്രമാണ് തമിഴ്‌നാട്ടിലെ ശിവകാശിയും സമീപപ്രദേശങ്ങളും. ആഗോളതലത്തിൽ പടക്ക നിർമാണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ പടക്കങ്ങളിൽ എൺപത് ശതമാനവും നിർമിക്കുന്നത് ശിവകാശിയിലാണ്. ഇവിടെ പ്രതിവർഷം 2,000 കോടി രൂപയുടെ പടക്കം നിർമിച്ചു വിപണിയിലെത്തിക്കുന്നുണ്ട്.
1942ൽ ആരംഭിച്ച സ്റ്റാൻഡേർഡ് ഫയർ വർക്സ് മുതൽ ചെറുതും വലുതുമായ ആയിരക്കണക്കിന് പടക്ക നിർമാണ ശാലകൾ പ്രവർത്തിക്കുന്നുണ്ട് ശിവകാശി മേഖലയിൽ. ഇവയിൽ പലതും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവയാണ്. 700ഓളം എണ്ണത്തിനാണ് ലൈസൻസുള്ളത്. അതേസമയം ആയിരക്കണക്കിന് വരും ഇവിടുത്തെ പടക്ക നിർമാണ യൂനിറ്റുകൾ. ഇവയിലെല്ലാമായി രണ്ട് ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. അവരിൽ നല്ലൊരു പങ്കും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം രാജ്യത്തുടനീളം ആഘോഷവേളകളിൽ പടക്കങ്ങളുടെ ശബ്ദവും വർണവും എത്തിക്കുന്ന ശിവകാശിയിൽ പടക്കശാലാ ദുരന്തങ്ങളും പതിവു സംഭവമാണ്. മുഖകവചം, കൈയുറ തുടങ്ങി സുരക്ഷാ സംവിധാനങ്ങളോ കരുതലോ ഇല്ലാതെ നടന്നുവരുന്ന പടക്ക നിർമാണത്തിനിടെ പലപ്പോഴും സ്‌ഫോടങ്ങൾ സംഭവിക്കുന്നു. കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന വലിയ സ്‌ഫോടനങ്ങൾ മാത്രമേ വാർത്തകളിൽ കാര്യമായി ഇടം പിടിക്കാറുള്ളു. പടക്ക നിർമാണത്തിനിടെ ഇവിടെ വർഷാന്തം ശരാശരി 20 മുതൽ 30 വരെ മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. സ്‌ഫോടനത്തിൽ കൈയും കാലും നഷ്ടപ്പെട്ടവരുടെയും പോള്ളലേറ്റു പാതിവെന്ത ശരീരവുമായി ദുരിതജീവിതം നയിക്കുന്നവരുടെയും എണ്ണം ഇതിനേക്കാൾ എത്രോയോ മടങ്ങ് വരും. പടക്കനിർമാണത്തിനുള്ള രാസവസ്തുക്കൾ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ കൈകാര്യം ചെയ്യുന്നത് മൂലം അവയുടെ ആപത്കരമായ ഗന്ധം ശ്വസിച്ചു മാറാരോഗം ബാധിക്കുന്നവരും നിരവധി.
ഏത് സമയവും അപകടം മുന്നിൽ കണ്ടു പടക്കനിർമാണത്തിലേർപ്പെട്ട ശിവകാശിയിലെ പാവപ്പെട്ട തൊഴിലാളികളുടെ അധ്വാനവും വിയർപ്പും ദുരന്തങ്ങളുമാണ് പുറംലോകം പടക്കങ്ങളായി ആഘോഷിച്ചു വരുന്നത്. പടക്ക നിർമാണത്തിനുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ മിനിയാന്ന് സംഭവിച്ച പൊട്ടിത്തെറിയിൽ 19 പേർക്കാണ് ജീവൻ നഷ്ടമായത്. ശിവകാശിയിലെ സാത്തൂരിന് സമീപമുള്ള അച്ചൻകുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മൻ ഫയർ വർക്‌സ് എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച ഉച്ചക്ക് 1. 45 ഓടെ ഉഗ്രൻ പൊട്ടിത്തെറി ഉണ്ടായത്. നൂറോളം പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 36 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പലരുടെയും പരുക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നാല് ഷെഡുകൾ പൂർണമായും കത്തിയമർന്നു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സ്‌ഫോടനം തുടങ്ങി ഏറെ താമസിയാതെ വിവിധ സ്ഥലങ്ങളിൽ നിന്നായി പത്ത് അഗ്നിശമന സേനാ യൂനിറ്റുകൾ എത്തിയെങ്കിലും തുടർ സ്‌ഫോടനങ്ങൾ കുറേ സമയത്തേക്ക് നീണ്ടുനിന്നത് രക്ഷാപ്രവർത്തനത്തിന് പ്രയാസം സൃഷ്ടിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കി. മീറ്റർ അകലെ വരെ കേട്ടതായി സമീപവാസികൾ പറയുന്നു. അപകടം നടക്കുമ്പോൾ തൊഴിലാളികളിൽ ഒരു വിഭാഗം ഭക്ഷണം കഴിക്കാൻ പുറത്തു പോയതായിരുന്നു. അല്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിനായിരുന്നു ആ പ്രദേശം സാക്ഷ്യം വഹിക്കേണ്ടി വരിക.

2020 ഫെബ്രുവരിയിൽ തമിഴ്‌നാട് വിരുദുനഗറിലെ രാജലക്ഷ്മി ഫയർ വർക്‌സിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേരും 2018 ജൂണിൽ രാമുതേവൻപെട്ടിയിൽ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേരും 2016 ഒക്‌ടോബറിൽ ശിവകാശിയിലെ ഒരു പടക്കനിർമാണ ശാലയിൽ നിന്നും പടക്കങ്ങൾ ലോറിയിലേക്ക് കയറ്റുന്നതിനിടെ സംഭവിച്ച പൊട്ടിത്തെറിയിൽ 13 പേരും മരണപ്പെട്ടിരുന്നു. തീർത്തും അപകടകരമായ ജോലിയായതിനാൽ വളരെ സൂക്ഷ്മതയോടെയും കടുത്ത നിയന്ത്രണങ്ങൾ പാലിച്ചും ചെയ്യേണ്ടതാണ് പടക്കനിർമാണവും അനുബന്ധ ജോലികളും. സുരക്ഷാ സംവിധാനങ്ങളും പൂർണമായും ഒരു സ്ഥാപന ഉടമയും സ്വീകരിക്കാറില്ല. ഒരു ലൈസൻസിക്കു 15 കി. ഗ്രാം പടക്കനിർമാണത്തിനുള്ള സാമഗ്രികൾ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂവെന്നാണ് നിയമം.
എന്നാൽ വിഷു, ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളിൽ പല സ്ഥാപനങ്ങളും വൻതോതിൽ ഇവ സൂക്ഷിക്കാറുണ്ട്. പൊട്ടാസ്യം ക്ലോറേറ്റിന്റെ ഉപയോഗം പാടില്ലെന്ന നിയമവും ലംഘിക്കപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിൽ അധികൃതർ ഇടക്കിടെ പരിശോധന നടത്തുകയും സുരക്ഷാ സംവിധാനങ്ങൾ, സൂക്ഷിച്ചുവെച്ച രാസവസ്തുക്കളുടെ അളവ്, ഓരോ മാസത്തെയും പടക്കനിർമാണം, വിൽപ്പന തുടങ്ങിയവ രേഖപ്പെടുത്തുകയും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ പടക്ക നിർമാതാക്കളുടെ സ്വാധീനത്തിലാണ് ഇവിടെ ഉദ്യോഗസ്ഥർ ഏറെയും. നിയമലംഘനങ്ങൾക്ക് നേരെ അവർ കണ്ണടക്കുന്നു.

അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും കേന്ദ്രസർക്കാറും സംസ്ഥാനഭരണകൂടവും ധനസഹായം പ്രഖ്യാപിക്കുകയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പടക്ക നിർമാണ ശാല പ്രവർത്തിച്ചത്, അപടകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ പടക്ക ദുരന്തങ്ങളുണ്ടാകുമ്പോൾ പേരിന് ഒരു അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുകയാണ് ചെയ്യാറ്.
ഈ അന്വേഷണവും അതുപോലൊരു പതിവു ചടങ്ങാകാതിരിക്കട്ടെ. ദുരന്തത്തെക്കുറിച്ച് അന്വേഷണത്തോടൊപ്പം പടക്ക നിർമാണ ശാലകളിലെ സുരക്ഷിതത്വം സംബന്ധിച്ച പരിശോധനകൾ യഥാസമയം നടത്തുകയും പടക്കനിർമാണ ലോബി-ഉദ്യോഗസ്ഥ അവിഹിത കൂട്ടുകെട്ട് അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

---- facebook comment plugin here -----

Latest