Connect with us

Kerala

കാപ്പനില്ലാതെ എന്‍ സി പി ഇടതിനൊപ്പം തുടരുമെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി |  എന്‍ സി പിയുടെ മുന്നണിമാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ യു ഡി എഫിന്റെ ഭാഗാകാന്‍ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം തയ്യാറായി നില്‍ക്കുമ്പോഴാണ് വേറിട്ട സൂചനകള്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നത്. ദേശീയ രാഷ്ട്രീയത്തിലെ വിശാല കാഴ്ച്ചപ്പാട് പരിഗണിച്ച് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാമെന്ന അഭിപ്രായമാണ് എന്‍ സി പി നേതാവ് ശരദ് പവാറിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

നാളെ ഇത് സംബന്ധിച്ച് ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പവാര്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ പവാര്‍ ടി പി പീതാംബരന്‍ മാസ്റ്ററെ വിളിച്ച് പാര്‍ട്ടിയുടെ നി്‌ലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി ഇതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം ഏകോപനത്തിന് നേതൃത്വം നല്‍കുന്നത് ശരദ് പവാറാണ്. ഈ സാഹചര്യത്തില്‍ ദേശീയ ഐക്യം തകര്‍ക്കുന്ന തരത്തില്‍ ഒരു തീരുമാനം വേണ്ടെന്ന നിലപാടാണ് പവാറിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മഹാരാഷ്ട്ര ഭരണത്തില്‍ ഒരുമിച്ചാണെങ്കിലും കോണ്‍ഗ്രസും എന്‍ സി പിയും തമ്മില്‍ അഭിപ്രായ വിത്യാസം രൂക്ഷമാണ്.

ഇതിന് പുറമെ സംസ്ഥാനത്ത് എല്‍ ഡി എഫിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലിലേക്കും ദേശീയ നേതൃത്വം എത്തിയതായാണ് അറിവ്. ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായം മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ നേതൃത്വം എല്‍ ഡി എഫില്‍ തുടരാന്‍ തീരുമാനം എടുത്താലും യു ഡി എഫിലേക്ക് പോകണമെന്ന നിലപാടിലാണ് കാപ്പനുള്ളത്. യു ഡി എഫിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇതിനകം കാപ്പന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്‍ സി പി എല്‍ ഡി എഫില്‍ തുടര്‍ന്നാല്‍ ആരൊക്കെ കാപ്പനൊപ്പമുണ്ടാകുമെന്ന കാര്യം വ്യക്തമല്ല. എങ്കിലും കോട്ടയം ജില്ലയിലെ എന്‍ സി പി പ്രവര്‍ത്തകര്‍ കാപ്പന്റെ യു ഡി എഫ് പ്രവേശനം ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചെന്നിത്തലയുടെ ഐശ്വര്യ യാത്രയില്‍ കാപ്പന്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest