Connect with us

Editorial

‘സമരജീവികള്‍' ജനാധിപത്യത്തിന്റെ കരുത്ത്

Published

|

Last Updated

അതീവ പരിഹാസ്യ രൂപേണയാണ് കര്‍ഷക സമരക്കാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പരാമര്‍ശിച്ചത്. “ബുദ്ധിജീവികളെന്ന പോലെ രാജ്യത്ത് പുതിയൊരു വിഭാഗം സമരജീവികള്‍ ഉദയം കൊണ്ടിരിക്കുന്നു. അഭിഭാഷകരുടെയോ തൊഴിലാളികളുടെയോ വിദ്യാര്‍ഥികളുടെയോ എന്നല്ല ആരുടെ പ്രക്ഷോഭമായാലും അവിടെ ഇക്കൂട്ടര്‍ ഓടിയെത്തും. അത്തരക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്തെ അവരില്‍ നിന്ന് രക്ഷിക്കണമെന്നും പരാന്നഭോജികളാണ് അവരെന്നു”മാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടി പറയവെ മോദി സമരക്കാരെ അധിക്ഷേപിച്ചത്.

ഫാസിസത്തിന്റെ സ്വരമാണ് ബുദ്ധിജീവികളെയും കര്‍ഷക സമരക്കാരെയും ഒരുപോലെ അധിക്ഷേപിക്കുന്ന മോദിയുടെ ഈ പരാമര്‍ശത്തില്‍ മുഴച്ചു നില്‍ക്കുന്നത്. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും ഉള്‍ക്കൊള്ളാനാകാത്ത, ധൈഷണികതയെ ഭീതിയോടെ നോക്കിക്കാണുന്ന പ്രത്യയശാസ്ത്രമാണ് ഫാസിസം. പ്രശസ്ത ഇറ്റാലിയന്‍ തത്വചിന്തകന്‍ ഉംബര്‍ട്ടോ എക്കോ ഫാസിസത്തിന്റെ പതിനാല് ലക്ഷണങ്ങള്‍ വിവരിച്ചിട്ടുണ്ട്. യുക്തിയും സ്വതന്ത്ര ചിന്തയും നിരസിച്ച് ആധുനിക സംസ്‌കാരത്തെയും ശാസ്ത്രത്തെയും അക്രമിക്കുന്ന പ്രവണത, ധൈഷണിക ചര്‍ച്ചകളെയും വിമര്‍ശനാത്മക അപഗ്രഥനങ്ങളെയും നിരാകരിക്കല്‍, ബഹുസ്വരതയെ തുടച്ചു നീക്കല്‍ തുടങ്ങിയവയാണ് അദ്ദേഹം എണ്ണിപ്പറഞ്ഞ ലക്ഷണങ്ങളില്‍ ചിലത്. 1995ല്‍ ഉംബര്‍ട്ടോ എക്കോ എഴുതിയ “നിതാന്ത ഫാസിസം” എന്ന ലേഖനത്തിലെ ഈ വീക്ഷണങ്ങളെ തീര്‍ത്തും ശരിവെക്കുന്നതാണ് ബുദ്ധിജീവികള്‍ക്കും കര്‍ഷകര്‍ക്കും നേരേയുള്ള മോദിയുടെ വിമര്‍ശന ശൈലി.

ഫാസിസത്തിന്റെ മൂര്‍ത്തരൂപമായി അറിയപ്പെടുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയവരില്‍ നല്ലൊരു പങ്കും ബുദ്ധിജീവികളും ശാസ്ത്രപടുക്കളുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. വിയോജിപ്പുകളെ നിഷ്‌കരുണം അടിച്ചമര്‍ത്തുന്ന, ശാസ്ത്രബോധത്തെ ചവറ്റുകൊട്ടയിലേക്കെറിയുന്ന, രാജ്യസ്‌നേഹത്തെ സംബന്ധിച്ച ഭരണകൂട വ്യാഖ്യാനങ്ങള്‍ ചോദ്യങ്ങളില്ലാതെ സ്വീകരിക്കുകയും വാഴ്ത്തപ്പെടുകയും ചെയ്യണമെന്ന് ശാഠ്യം പിടിക്കുന്ന ഒരു സ്ഥിതി വിശേഷമാണല്ലോ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പഠനം നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസൊലാരി, ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനും ഇന്ത്യയിലെ ഹിന്ദുത്വ ഭരണാധികാരികള്‍ക്കുമിടയിലുള്ള ബന്ധം എടുത്തു പറയുന്നുണ്ട്. ആശയത്തിലും പ്രയോഗത്തിലും ഹിന്ദു ദേശീയ വാദം ഇറ്റാലിയന്‍ ഫാസിസവും നാസിസവുമായി വളരെ അടുത്തു നില്‍ക്കുന്നതായി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ചരിത്ര രേഖകളെ ആധാരമാക്കി നടത്തിയ പഠനത്തില്‍ അദ്ദേഹം തെളിവു സഹിതം വ്യക്തമാക്കുന്നു. ആര്‍ എസ് എസിനെ ഇറ്റാലിയന്‍ ഫാസിസത്തിന്റെ വഴിയിലാണ് വാര്‍ത്തെടുത്തതെന്നും ഇതില്‍ ഹെഡ്‌ഗേവാറിന്റെ ഗുരുതുല്യനും വഴികാട്ടിയുമായ മുഞ്ചെ നിര്‍ണായക പങ്ക് വഹിച്ചതായും പഠനം വെളിപ്പെടുത്തുന്നു. മുഞ്ചെ ഇറ്റലിയില്‍ ചെന്ന് മുസ്സോളിനിയെ കണ്ട് ഫാസിസത്തെക്കുറിച്ച് നന്നായി പഠിച്ചറിഞ്ഞ ശേഷം അതിന്റെ ഇന്ത്യന്‍ പതിപ്പിനു രൂപം നല്‍കാന്‍ ഹെഡ്‌ഗേവാറിനോട് ഉപദേശിക്കുകയായിരുന്നു.
ഇന്ത്യ വിട്ടെറിഞ്ഞു പോകാന്‍ വൈദേശിക ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയ സ്വാതന്ത്ര്യ സമരത്തെ വിസ്മരിച്ചു കൊണ്ടല്ലാതെ, രാജ്യത്ത് നടക്കുന്ന ജനാധിപത്യ സമരങ്ങളെ അധിക്ഷേപിക്കാനാകില്ല. കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഒരു പറ്റം സമരജീവികളായിരുന്നല്ലോ രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിച്ചത്. ആര്‍ എസ് എസ്, ഹിന്ദുമഹാസഭ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ ഒരുഘട്ടത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിട്ടില്ലെങ്കിലും അന്നത്തെ വിമോചന സമരത്തിന്റെ പ്രാധാന്യത്തെയും ഫലപ്രാപ്തിയെയും കുറിച്ച് ബോധവാനാകേണ്ടതായിരുന്നു മോദി. ഒരു ജനാധിപത്യ ഭരണകൂടത്തിനോ ഭരണാധികാരിക്കോ രാജ്യത്തെ പൗരന്മാരുടെ പ്രതിഷേധിക്കാനും സമാധാന പരമായി പ്രക്ഷോഭം നടത്താനുമുള്ള അവകാശത്തെ തള്ളിപ്പറയാനാകില്ല.

ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വെന്നാണ് വിമര്‍ശങ്ങളെയും വിയോജിപ്പുകളെയും കോടതികളും നിയമജ്ഞരും വിശേഷിപ്പിക്കുന്നത്.
പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാ തത്വങ്ങളുടെയും ലംഘനമാണ്. ഓരോ പൗരനും അവരുടെ അഭിപ്രായങ്ങളെ ഭയമേതുമില്ലാതെ പ്രകടിപ്പിക്കാനാകുന്ന ഇടങ്ങള്‍ സൃഷ്ടിക്കുകയെന്നത് ജനാധിപത്യ ഭരണത്തിലെ അനിവാര്യതയത്രെ. കേന്ദ്രം പാസ്സാക്കിയ പുതിയ കാര്‍ഷിക നിയമത്തെ എതിര്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവകാശമുണ്ട്. ബദല്‍ കാഴ്ചപ്പാടുകളെ അടിച്ചമര്‍ത്തുന്നതും അധിക്ഷേപിക്കുന്നതും രാജ്യത്തിന്റെ ബഹുസ്വരതക്ക് നിരക്കാത്ത ചെയ്തിയാണ്.
1933ല്‍ ജര്‍മനിയിലെ ബവേറിയ പ്രവിശ്യയിലെ മ്യൂണിക് സര്‍വകലാശാലയില്‍ നടന്ന ഒരു യോഗത്തില്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ ഹന്‍സ് ഷേം, സര്‍വകലാശാല അധ്യാപകരോട് നടത്തിയ ആഹ്വാനം ഇത്തരുണത്തില്‍ സ്മരണീയമാണ.് “ഇനി മുതല്‍ ഏതെങ്കിലും കാര്യങ്ങള്‍ സത്യമാണോ അല്ലയോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല. പകരം അത് ദേശീയ ഭരണകൂടത്തിന്റെ നയങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രം ചെയ്യുക.” അതല്ലേ ഇപ്പോള്‍ കാര്‍ഷിക നിയമത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രഖ്യാപനം ജനങ്ങള്‍ അപ്പാടെ വിശ്വസിച്ചു കൊള്ളണം. നിയമത്തെ അപഗ്രഥിക്കാനോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ കര്‍ഷകര്‍ക്കോ പ്രതിപക്ഷ കക്ഷികള്‍ക്കോ അവകാശമില്ല. ഇതുസംബന്ധിച്ച ബില്ലിന് പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് അവസരം നിഷേധിക്കുന്നു. ഭരണകൂടവ്യാഖ്യാനങ്ങള്‍ മാത്രം അനുവദിക്കപ്പെടുകയും വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍ അടക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ സുരക്ഷാവാല്‍വുകളാണ്. വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശ്ശബ്ദരാക്കുകയെന്ന ഫാസിസ അജന്‍ഡയാണ് രാജ്യത്ത് ഭരണകൂട കാര്‍മികത്വത്തില്‍ നടപ്പിലാക്കപ്പെടുന്നത്.

Latest