തരൂര്‍ അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

Posted on: February 9, 2021 12:54 pm | Last updated: February 9, 2021 at 4:03 pm

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസുകളില്‍ ശശി തരൂര്‍ ഉള്‍പ്പടെ ഉള്ളവരുടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപീം കോടതി. ട്രാക്ടര്‍ റാലിക്കിടെകര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു ശശരി തരൂര്‍, രാജ്ദീപ് സര്‍ദേശായി,വിനോദ് കെ ജോസ്, മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവര്‍ക്കെതിരെ നീക്കം. ഇവരുടെ അറസ്റ്റ് തടഞ്ഞ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനും കേസ് എടുത്ത അഞ്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു.

ബാലിശമായ പരാതികളില്‍ ആണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഒരേ തരത്തില്‍ ഉള്ള പരാതികളാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകള്‍ ഒരുമിച്ച് ആക്കണം എന്നും സിബല്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി നോട്ടീസ്.

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ മധ്യഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി. എന്നാല്‍ ട്വിറ്ററില്‍ ലക്ഷകണക്കിന് ആള്‍ക്കാര്‍ പിന്തുരുടരുന്നവരുടെ ട്വീറ്റ്‌റുകള്‍ അക്രമങ്ങള്‍ക്ക് വഴി വച്ചു എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു.