നിലമൊരുങ്ങുന്നത് സംഘ്പരിവാര്‍ ‘ടൂള്‍കിറ്റി’ന്‌

നുണകളും അര്‍ധ സത്യങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ഉപാധിയായി മാത്രമേ സമൂഹ മാധ്യമങ്ങള്‍ രാജ്യത്ത് വേണ്ടതുള്ളൂവെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും പറയാതെ പറയുന്നത്.
Posted on: February 8, 2021 5:00 am | Last updated: February 8, 2021 at 12:06 pm

‘ടൂള്‍കിറ്റൊ’രുക്കി രാജ്യത്തെ തകര്‍ക്കാന്‍ പദ്ധതിയിട്ട വിഘടന വാദികളെക്കുറിച്ചും ആ കിറ്റ് പ്രചരിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെക്കുറിച്ചുമൊക്കെ ഭരണാധികാരികള്‍ വേവലാതിപ്പെടുകയും കേസെടുത്ത് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിക്കുകയും ചെയ്യുമ്പോള്‍, രാജ്യമാകെ അപകടത്തിലായെന്ന് വരുത്തിത്തീര്‍ക്കാന്‍ സിനിമാ – സ്‌പോര്‍ട്‌സ് മേഖലയിലെ താരങ്ങളെ അണിനിരത്തുമ്പോള്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന കര്‍ഷകരുടെ സമരത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളാണെന്ന് വരുത്തുകയും അതുവഴി സമരത്തിനെതിരെ ജനവികാരമുണര്‍ത്തുകയുമാണ് ലക്ഷ്യം. ഭരണകൂടത്തിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നവരെയും ആ തീരുമാനങ്ങള്‍ ദോഷകരമായി ബാധിക്കുന്നത് ചൂണ്ടിക്കാട്ടി സംഘടിതമായി സമരത്തിനിറങ്ങുന്നവരെയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തുക എന്നത് ഏകാധിപത്യ – ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പതിവ് രീതിയാണ്. അതിവിടെ ശിഷ്ട ജനാധിപത്യത്തില്‍ ആവര്‍ത്തിക്കുന്നുവെന്ന് മാത്രം. ഇതാദ്യമായി സംഭവിക്കുന്നതുമല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോള്‍ പ്രതിഷേധിച്ചവരൊക്കെ “രാജ്യ ദ്രോഹി’കളായിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചവരും പ്രതികരിച്ചവരുമൊക്കെ “രാജ്യദ്രോഹി’കളായിരുന്നു. ഭീമ – കൊറേഗാവ് കേസില്‍ എണ്‍പത്തിമൂന്നുകാരനായ, പരസഹായമില്ലാതെ ജീവിക്കുക പ്രയാസമായ സ്റ്റാന്‍ സ്വാമി വരെ “രാജ്യ ദ്രോഹി’യാണ്. അപ്പോള്‍ പിന്നെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ “വിപ്ലവകര’മായ നിയമ നിര്‍മാണങ്ങളെ തെരുവില്‍ എതിര്‍ക്കുന്നവരും അതിന്റെ ആസൂത്രകരും അങ്ങനെയാകാതിരിക്കാന്‍ തരമില്ല. ആ സമരത്തെ പിന്തുണക്കുന്ന വിദേശികള്‍ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നവരും ആകണം!

കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാക്കുന്ന, കുത്തക കമ്പനികള്‍ക്ക് യഥേഷ്ടം ഉത്പന്നങ്ങള്‍ വാങ്ങി സംഭരിക്കാന്‍ അവസരമൊരുക്കുന്ന, കൃഷി ഭൂമിയില്‍ അവകാശമുറപ്പിക്കാന്‍ കമ്പനികള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്ന നിയമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ സമരത്തിനിറങ്ങുകയാണ് കര്‍ഷകര്‍ ചെയ്തത്. തീരുമാനമെടുത്തവരെ തിരുത്താന്‍ സമരം ചെയ്യേണ്ടത് രാജ്യ തലസ്ഥാനത്ത് തന്നെയാണെന്ന നിശ്ചയത്തിലാണ് അവര്‍ ഡല്‍ഹി മാര്‍ച്ച് ആസൂത്രണം ചെയ്തതും. അവരെ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ അതിര്‍ത്തിയില്‍ തടയാന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ കൊണ്ട് മതിലുകള്‍ കെട്ടുകയും മുള്ളുവേലി തീര്‍ക്കുകയുമാണ് നമ്മുടെ ഭരണകൂടം ചെയ്തത്. തടഞ്ഞു നിര്‍ത്തിയേടത്ത് തമ്പടിച്ച് 60 ദിവസത്തിലേറെയായി അവര്‍ സമരം ചെയ്യുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ സമരത്തിന്റെ വീര്യം കുറയുമെന്ന ഭരണകൂടത്തിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ അനുവാദം നല്‍കിയപ്പോള്‍ അതിന്റെ പാര്‍ശ്വത്തില്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്ന അക്രമങ്ങളിലൂടെ ജനവികാരം സമരത്തിനെതിരാക്കാമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. ട്രാക്ടര്‍ റാലി അക്രമത്തിലേക്ക് വഴിതിരിഞ്ഞതിന് പിറകിലെ സംഘ്ബന്ധം വൈകാതെ പുറത്തുവന്നതോടെ ആ കണക്കുകൂട്ടലും പാളി.

റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ മറവില്‍ സമര വേദികളായ സിംഘുവിലും തിക്രിയിലും ഗാസിപ്പൂരും പോലീസ് നടപടിക്ക് ശ്രമിച്ചു, ഭരണകൂടം. അതും പാളിയപ്പോള്‍ വെള്ളവും വെളിച്ചവും ഇന്റര്‍നെറ്റും വിച്ഛേദിച്ച് സമരക്കാരെ തളര്‍ത്താനായി നീക്കം. അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രകോപിതനായ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ഉത്തര്‍ പ്രദേശിലും ഇതര സംസ്ഥാനങ്ങളിലും കര്‍ഷകരുടെ മഹാ പഞ്ചായത്ത് വിളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2013ല്‍ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ സംഘ്പരിവാരം ആസൂത്രിതമായി സംഘടിപ്പിച്ച വര്‍ഗീയ കലാപത്തിലൂടെ, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ജാട്ട് വിഭാഗത്തെയാകെ ബി ജെ പിയിലേക്ക് എത്തിച്ചിരുന്നു. അതിന്റെ കൂടി ബലത്തിലാണ് 2014 മുതലിങ്ങോട്ട് ഉത്തര്‍ പ്രദേശില്‍ ബി ജെ പി വലിയ വിജയം നേടിയത്. കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലുള്ള പ്രതിഷേധം ജാട്ട് വിഭാഗക്കാരെ ബി ജെ പിയില്‍ നിന്ന് അകറ്റുകയാണ്. പ്രതിരോധിക്കാനുള്ള ടികായത്തിന്റെ ശ്രമങ്ങളെ ജാട്ട് കര്‍ഷകര്‍ വലിയ തോതില്‍ പിന്തുണക്കുകയും ചെയ്യുന്നു. പഞ്ചാബും ഹരിയാനയും കടന്ന് കര്‍ഷകരുടെ സമരത്തിന്റെ അലകള്‍ ഉത്തര്‍ പ്രദേശിനെക്കൂടി മാറ്റിമറിക്കുമ്പോള്‍ വലിയ വെല്ലുവിളി ബി ജെ പി മുന്നില്‍ക്കാണുന്നുണ്ട്. നേരത്തേ തന്നെ കര്‍ഷക സമരങ്ങള്‍ ഉയര്‍ന്നുവന്ന രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ അലയൊലികളുണ്ടാകാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടിടത്തും ബി ജെ പിക്കുണ്ടായ പരാജയങ്ങള്‍ക്ക് പിന്നില്‍ കര്‍ഷക സമരങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. മധ്യപ്രദേശില്‍, എം എല്‍ എമാരെ വിലക്കുവാങ്ങി ബി ജെ പി അധികാരം തിരികെപ്പിടിച്ചുവെങ്കിലും.

ALSO READ  ബജറ്റിലെ ധൈഷണിക സ്വപ്‌നങ്ങള്‍

വര്‍ഗീയമായി ഭിന്നിപ്പിക്കുകയും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന സംഘ്പരിവാര്‍ തന്ത്രത്തെ മറികടക്കും വിധത്തില്‍, ജനങ്ങള്‍ യോജിച്ച് നില്‍ക്കാനുള്ള സാധ്യത ഇവിടെയുണ്ട്. കാരണം, രാജ്യത്തെ ജനസംഖ്യയില്‍ ഏറ്റവുമധികം കര്‍ഷകരാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ശതമാനക്കണക്കിലേക്ക് വലിയ സംഭാവനയൊന്നും അവര്‍ ചെയ്യുന്നില്ലെങ്കിലും, ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന മേഖലയും ഇത് തന്നെ. അവരിലുണ്ടാകുന്ന അതൃപ്തിയും അസ്വസ്ഥതയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഭാഗങ്ങളെയൊക്കെ ബാധിക്കും. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ വിലക്ക് ലംഘിച്ച് സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തുകളിലെ ജനസഞ്ചയം അതിന്റെ തെളിവാണ്. സമരം കൂടുതല്‍ ശക്തമായാല്‍ രാഷ്ട്രീയമായ തിരിച്ചടി ചെറുതാകില്ല. നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നാലും അതും വലിയ തിരിച്ചടിയാകും.

അതുകൊണ്ടാണ് ലജ്ജ ലേശമില്ലാതെ, രാജ്യത്തെ തകര്‍ക്കാനുള്ള “ടൂള്‍കിറ്റെ’ന്ന പ്രചാരണവും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കെടുത്ത വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ആഭ്യന്തര സെലിബ്രിറ്റികളെ സംഘടിപ്പിക്കാനുള്ള ശ്രമവും. സമരം ചെയ്യുന്ന കര്‍ഷകര്‍ തമ്പടിച്ച പ്രദേശങ്ങളെ, ഏതാണ്ടൊരു തുറന്ന ജയിലാക്കുകയും വെള്ളവും വെളിച്ചവും നിഷേധിക്കുകയും മൗലികാവകാശങ്ങളില്‍ പുതുതായി സുപ്രീം കോടതി കൂട്ടിച്ചേര്‍ത്ത ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്ത ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കുകയായിരുന്നു ഗായിക റിഹാനയുടെ ട്വീറ്റ്. അതിന് പിറകെയാണ് ഗ്രേറ്റയുടെ ട്വീറ്റും സമരത്തെ പിന്തുണക്കുന്നതിന് ചെയ്യേണ്ടതെന്തൊക്കെ എന്ന് വിശദീകരിക്കുന്ന “ടൂള്‍കിറ്റും’ വന്നത്. വിവിധ രാജ്യങ്ങളുടെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുക, ഇന്ത്യക്കകത്തും പുറത്തും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുക, സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുക എന്നിവയൊക്കെയായിരുന്നു “ടൂള്‍കിറ്റി’ല്‍ നിര്‍ദേശിച്ചത്.

ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന ഏത് ഭരണകൂടത്തിനെതിരെയും പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളാണിതൊക്കെ. അതിനെയാണ് രാജ്യത്തെ അട്ടിമറിക്കാനുള്ള പദ്ധതിയായി, ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പരിപാടിയായി ചിത്രീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും ശ്രമിച്ചത്. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചതിന് ട്വിറ്ററിനെതിരെ നീങ്ങാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ട്വിറ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടക്കുന്നതിനിടെ, സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയാണ് ഡല്‍ഹിയില്‍ വര്‍ഗീയ കലാപം സംഘടിപ്പിച്ചത്. അത്തരം പ്രചാരണങ്ങളുടെ പേരില്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാറാണ് കര്‍ഷക സമരത്തിന്റെ കാര്യത്തില്‍ വലിയ നടപടിയുമായി മുന്നോട്ടു വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നുണകളും അര്‍ധ സത്യങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ഉപാധിയായി മാത്രമേ സമൂഹ മാധ്യമങ്ങള്‍ രാജ്യത്ത് വേണ്ടതുള്ളൂവെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും പറയാതെ പറയുന്നത്. അതിനപ്പുറത്ത്, ഭരണകൂടത്തെ വിമര്‍ശിക്കുന്നതിനൊന്നും അവിടെ സ്ഥാനമില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ ഏതാണ്ടെല്ലാത്തിനെയും വരുതിയിലാക്കിയ ശേഷം സമൂഹ മാധ്യമങ്ങളെക്കൂടി ഏകപക്ഷീയ പ്രചാരണത്തിന്റെ ഉപാധിയാക്കുക എന്നതാണ് ലക്ഷ്യം.
രാജ്യവിരുദ്ധ ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്തതെന്ന് മുദ്രകുത്തി കര്‍ഷക സമരത്തെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുക എന്നതിനൊപ്പം സമൂഹ മാധ്യമങ്ങളെ പൂര്‍ണമായി വരുതിയിലാക്കുക എന്ന ഉദ്ദേശ്യവും ഈ നീക്കത്തിനുണ്ട്. ശേഷിക്കുന്ന ജനാധിപത്യ അന്തരീക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ടൂള്‍കിറ്റ് തയ്യാറാകുകയാണെന്ന് തന്നെ കരുതണം. അതിനൊരു മറയായി ഉപയോഗിക്കുകയാണ് റിഹാനയെയും ഗ്രേറ്റയെയുമൊക്കെ. ഇന്ത്യയെന്ന വലിയ കമ്പോളം, കച്ചവടത്തില്‍ പ്രധാനമാകയാല്‍ സമൂഹ മാധ്യമക്കമ്പനികള്‍ക്ക് സംഘ്പരിവാറിന്റെ ടൂള്‍കിറ്റ് സ്വീകരിക്കാതിരിക്കാനുമാകില്ല.

ALSO READ  രാജ്യത്ത് വൈറസ് വ്യാപനം വീണ്ടും രൂക്ഷം