ഐ എസ് എല്‍: ഒഡീഷയെ തകർത്ത് എ ടി കെ മോഹൻ ബഗാൻ

Posted on: February 6, 2021 9:24 pm | Last updated: February 7, 2021 at 7:22 am

ബാംബോലിം | ഐ എസ് എല്ലിലെ 84ാം മത്സരത്തില്‍ ഒഡീഷ എഫ് സിയെ തകർത്ത് എ ടി കെ മോഹന്‍ ബഗാൻ. ഒഡീഷ ചെറുത്തുനിന്നെങ്കിലും അതികായരായ എ ടി കെയെ അതിജയിക്കാനായില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എ ടി കെയുടെ വിജയം. മന്‍വീര്‍ സിംഗ്, റോയ് കൃഷ്ണ എന്നിവർ രണ്ട് വീതം ഗോളുകൾ നേടി.

രണ്ടാം മിനുട്ടില്‍ തന്നെ ഒഡീഷയുടെ ജേക്കബ് ട്രാറ്റിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് കല്ലുകടിയായി. മാഴ്‌സലോ പെരേരയില്‍ നിന്ന് ബോള്‍ തട്ടിപ്പറിക്കാന്‍ ഉപയോഗിച്ച ടാക്കിള്‍ പരുക്കനായതാണ് ട്രാറ്റിന് വിനയായത്. പതിനൊന്നാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് എ ടി കെക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. റോയ് കൃഷ്ണയാണ് അസിസ്റ്റ് ചെയ്തത്. 41ാം മിനുട്ടില്‍ ഒഡീഷയുടെ തന്നെ ഗൗരവ് ബോറക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഒന്നാം പകുതിയുടെ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ റഫറി അനുവദിച്ച അധിക സമയത്താണ് ഒഡീഷയുടെ കോലെ അലക്‌സാണ്ടര്‍ ഗോള്‍ നേടിയത്.

ഒന്നാം പകുതിയില്‍ എ ടി കെയാണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. ഒഡീഷക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും എ ടി കെയുടെ ഉരുക്കുകോട്ട ഭേദിക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ 54ാം മിനുട്ടില്‍ എ ടി കെ രണ്ടാം ഗോള്‍ നേടി. ആദ്യ ഗോളടിച്ച മന്‍വീര്‍ തന്നെയാണ് രണ്ടാം ഗോളും നേടിയത്.

58ാം മിനുട്ടില്‍ ഒഡീഷക്ക് മൂന്നാം മഞ്ഞക്കാര്‍ഡും ലഭിച്ചു. ഒഡീഷയുടെ മാനുവല്‍ ഒന്‍വുവിനാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 64ാം മിനുട്ടില്‍ എ ടി കെയുടെ പ്രോണയ് ഹല്‍ദറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 63ാം മിനുട്ടില്‍ ഒഡീഷയുടെ പോള്‍ റംഫാംഗ്‌സോവക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് നന്ദകുമാര്‍ ശേഖറിനെ ഇറക്കി. 68, 69 മിനുട്ടുകളില്‍ ഇരുപക്ഷത്തും പുതിയ കളിക്കാര്‍ ഇറങ്ങി. രാകേഷ് പ്രധാനെ പിന്‍വലിച്ച് ശുഭം സാരംഗിയെ ഒഡീഷ ഇറക്കിയപ്പോള്‍ എ ടി കെ പക്ഷത്ത് മാഴ്‌സലോ പെരേരക്ക് പകരം ഡേവിഡ് വില്യംസ് എത്തി. 80ാം മിനുട്ടില്‍ എ ടി കെയുടെ സുഭാഷിശ് ബോസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 81ാം മിനുട്ടില്‍ ജേവിയര്‍ ഹെര്‍ണാണ്ടസിന് പകരമായി ജയേഷ് റാനെയെ എ ടി കെ കൊണ്ടുവന്നു.

83ാം മിനുട്ടില്‍ എ ടി കെക്ക് ലഭിച്ച പെനാല്‍റ്റി റോയ് കൃഷ്ണ ഗോളാക്കി. പ്രോണയ് ഹാല്‍ദറിന്റെ ബോക്‌സിന്റെ പുറത്തുനിന്നുള്ള ക്രോസ് സ്വന്തം പെനാല്‍റ്റി ഏരിയയില്‍ വെച്ച് കോലെ അലക്‌സാണ്ടര്‍ തടഞ്ഞതാണ് പെനാല്‍റ്റിക്ക് കാരണം. കോലെക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഏറെ വൈകാതെ 86ാം മിനുട്ടിലും റോയ് കൃഷ്ണ തന്നെ എ ടി കെയുടെ നാലാം ഗോള്‍ നേടി. 90ാം മിനുട്ടില്‍ രണ്ട് ഗോളുകള്‍ നേടിയ മന്‍വീര്‍ സിംഗിനെ പിന്‍വലിച്ച് എംഗ്‌സണ്‍ സിംഗിനെ എ ടി കെ ഇറക്കി. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ നാല് മിനുട്ട് റഫറി അധികം അനുവദിച്ചെങ്കിലും ഇരുപക്ഷത്തും ഗോളുകള്‍ വീണില്ല.

ALSO READ  തുല്യശക്തികളുടെ പോര് സമനിലയിൽ