ആംബുലന്‍സ് എത്താന്‍ വൈകി; നവജാത ശിശു മരിച്ചു

Posted on: February 5, 2021 10:02 am | Last updated: February 5, 2021 at 10:02 am

അഗളി | ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചതായി ആരോപണം. അട്ടപ്പാടി കാരറയിലെ റാണി-നിസാം ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് എത്താന്‍ വൈകിയതാണ് മരണത്തിനിടയാക്കിയതെന്നാണ് പരാതി.

വ്യാഴാഴ്ച ഉച്ചക്ക് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ കുഞ്ഞിനെ 170 കിലോമീറ്റര്‍ ദൂരെയുള്ള തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇത്തരം ആംബുലന്‍സിന്റെ സേവനം ജില്ലയില്‍ ലഭ്യമല്ലാത്തതിനാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്ന് സ്വകാര്യ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, ആറു മണിക്കൂറിനു ശേഷമാണ് ആംബുലന്‍സ് എത്തിയത്. രാത്രി എട്ടോടെ ആംബുലന്‍സില്‍ കുഞ്ഞിനെ കയറ്റിയെങ്കിലും രക്ഷിക്കാനായില്ല.