Kerala
'ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ആള്‍ക്ക് ഹെലികോപ്ടര്‍'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരന്‍

കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ആള്‍ എന്ന് അധിക്ഷേപിച്ച് കെ സുധാകരന്‍ എം പി. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെയാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ ഉപയോഗിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് തലശ്ശേരിയില്‍ നടന്ന പൊതു യോഗത്തില്‍ പ്രസംഗിക്കവേ സുധാകരന്‍ പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനെതിരെ സുധാകരന്‍ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കുന്നില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തി ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെയുള്ള വിജയരാഘവന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. വിജയരാഘവന് നാണമില്ലെങ്കില്‍ പാര്‍ട്ടിക്കെങ്കിലും നാണം വേണമെന്നും സുധാകരന്‍ പറഞ്ഞു.