Connect with us

Covid19

കൊവിഡ് പ്രതിരോധം: ദുബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Published

|

Last Updated

ദുബൈ | കൊവിഡ് പ്രതിരോധ ഭാഗമായി ദുബൈ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ആൾകൂട്ടം പരമാവധി കുറക്കുകയാണ് ലക്ഷ്യം. വിവാഹങ്ങളിൽ അടുത്ത ബന്ധുക്കൾ മാത്രമേ പാടുള്ളൂ. റെസ്റ്റോറന്റുകളിൽ തീൻമേശകൾ തമ്മിൽ അകലം വർധിപ്പിക്കണം. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയാണ് നിർദേശങ്ങൾ.

ഉറ്റ ബന്ധുക്കൾക്ക് മാത്രമേ വിവാഹങ്ങളിലും വിരുന്നുകളിലും സ്വകാര്യ പാർട്ടികളിലും പങ്കെടുക്കാൻ കഴിയൂ. അനുവദനീയമായ പരമാവധി അതിഥികളുടെ എണ്ണം പത്തായി പരിമിതപ്പെടുത്തി. ഈ നിർദേശം വീടുകളിലും ഹോട്ടലുകളിലും നടക്കുന്ന കൂട്ടായ്മകൾക്ക് ബാധകമാണ്. ഈ മാസം 27ന് നിയമം പ്രാബല്യത്തിൽ വരും.

റെസ്റ്റോറന്റുകളിൽ നിയന്ത്രണം

രണ്ട് തീന്‍മേശകള്‍ തമ്മിൽ ഇനി മുതൽ മൂന്ന് മീറ്റർ അകലമുണ്ടാകുന്ന തരത്തിൽ സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റർ അകലമായിരുന്നു നിർദേശിച്ചിരുന്നത്.
ഇതിന് പുറമെ റസ്റ്റോറന്റുകളിലെ ഓരോ ടേബിളിലും പരമാവധി ഏഴ് പേർ മാത്രമേ ഇരിക്കാൻ പാടുള്ളൂ. നിലവിൽ പത്ത് പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടായിരുന്നു.

കഫേകളിലെ സുരക്ഷ

കഫേകളിൽ ഒരു തീന്മേശക്ക് നാല് പേരെ മാത്രമേ അനുവദിക്കൂ. മേശകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്ററായി ഉയർത്തി.

ജിമ്മുകൾക്കായുള്ള സുരക്ഷാ നിയമങ്ങൾ

ദുബൈ ഫിറ്റ്‌നസ് സെന്ററുകളും ജിമ്മുകളും കായിക ഉപകരണങ്ങളും പരിശീലകരും തമ്മിലുള്ള അകലം രണ്ട് മുതൽ മൂന്ന് മീറ്ററായി ഉയർത്തേണ്ടതുണ്ട്.

ഷോകൾ റദ്ദാക്കി

എമിറേറ്റിൽ നൽകിയിട്ടുള്ള എല്ലാ വിനോദ അനുമതികളും ദുബൈ ടൂറിസം താത്കാലികമായി നിർത്തിവച്ചു. 200 ലധികം ലംഘനങ്ങൾ അതോറിറ്റി കണ്ടെത്തി. മൂന്നാഴ്ചക്കുള്ളിൽ 20 ഓളം സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

ഫ്ലോട്ടിംഗ് ഭക്ഷണശാലകൾ റദ്ദാക്കി

ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കപ്പലുകളിലോ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളിലോ വിനോദ പ്രവർത്തനങ്ങളൊന്നും അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക.

Latest